അമേരിക്കന്‍ ജനതക്ക് നന്ദി –ഒബാമ

വാഷിങ്ടണ്‍: ‘എട്ടുവര്‍ഷത്തോളമുള്ള കാലയളവില്‍ എന്‍െറ എല്ലാ നല്ലതിനും നിങ്ങളായിരുന്നു കാരണക്കാര്‍. നിങ്ങളില്‍നിന്നായിരുന്നു എനിക്ക് ഊര്‍ജം ലഭിച്ചത്. എല്ലാത്തിനും നന്ദി’. എട്ടുവര്‍ഷത്തെ ഭരണത്തെ പിന്തുണച്ച രാജ്യനിവാസികളോട് നന്ദിയറിയിച്ചുള്ള കത്തില്‍ ഒബാമ കുറിച്ചു. വിടവാങ്ങല്‍ സന്ദേശമെന്ന നിലക്കുള്ള പ്രത്യേക കത്തിലാണ് ബറാക് ഒബാമ, തന്നെ എല്ലാ അര്‍ഥത്തിലും പിന്തുണച്ച അമേരിക്കന്‍ ജനതയോടുള്ള കൃതജ്ഞത അറിയിച്ചത്. ‘എന്‍െറ കാലയളവിലായിരുന്നു അമേരിക്ക കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടത്. അക്കാലത്ത് നിരവധിയാളുകള്‍ സഹായത്തിനായി എത്തിയത് മറക്കാനാവില്ല. എന്നെ നല്ല പ്രസിഡന്‍റാക്കിയത് നിങ്ങളാണ്, അതിനേക്കാളുപരി നല്ളൊരു മനുഷ്യനാക്കിയതും നിങ്ങളാണ്’ -ഒബാമ വ്യക്തമാക്കി. പുരോഗതിക്ക് വേഗം കുറയുമ്പോള്‍ ഏതെങ്കിലും ഒരു വ്യക്തിയുടെ ആസൂത്രണത്തിലല്ല അമേരിക്ക എന്നോര്‍ക്കുക. നമ്മുടെ ജനാധിപത്യത്തില്‍ ഏറ്റവും ശക്തമായ വാക്ക് ‘നാം’ എന്നതാണ്. നമ്മളാണ് ഈ ജനത. തീര്‍ച്ചയായും നമ്മള്‍ അതിജയിക്കും. അതെ നമ്മള്‍ അതിജയിക്കുകതന്നെ ചെയ്യും -ഒബാമ കുറിച്ചു.

ഗ്വണ്ടാനമോ അടച്ചുപൂട്ടാന്‍ കോണ്‍ഗ്രസിനോട് ഒബാമ
വാഷിങ്ടണ്‍: കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍കൊണ്ട് വിവാദമായ ഗ്വണ്ടാനമോ തടവറ അടച്ചുപൂട്ടണമെന്ന് വീണ്ടും ബറാക് ഒബാമ. തന്‍െറ വൈറ്റ്ഹൗസിലെ അവസാന മണിക്കൂറുകളിലാണ് യു.എസ് കോണ്‍ഗ്രസിന് മുമ്പാകെ ശക്തമായ ഭാഷയില്‍ ഒബാമ തുറന്ന കത്ത് സമര്‍പ്പിച്ചത്. ഈ തടവറ ഇനിയും കാത്തുസൂക്ഷിക്കുന്നതിന് ഒരു തരത്തിലുള്ള ന്യായീകരണവും ഇല്ളെന്നും ഇതിന്‍െറ നടത്തിപ്പിനുള്ള ചെലവ് ഭീമമാണെന്നും അമേരിക്കയുടെ 44ാമത് പ്രസിഡന്‍റ് കത്തില്‍ ചൂണ്ടിക്കാട്ടി. 

യു.എസിനെതിരായ പ്രചാരണത്തില്‍ തടവറയെ തീവ്രവാദികള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറയുന്നു. ഗ്വണ്ടാനമോ അടച്ചുപൂട്ടല്‍ എളുപ്പമായിരുന്നു. ഇതിനുള്ള ശ്രമങ്ങള്‍ താന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ നടത്തിയിരുന്നു. എന്നാല്‍, റിപ്പബ്ളിക്കന്മാര്‍ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് അത് പരാജയപ്പെടുത്തുകയായിരുന്നു. ഇതിനെ ചരിത്രം നിര്‍ദയമായി വിലയിരുത്തുമെന്നും ഒബാമ ചൂണ്ടിക്കാട്ടി. ക്യൂബയിലുള്ള ഈ തടവറയില്‍ 800റോളം പേരെ പാര്‍പ്പിച്ചിരുന്നു. രണ്ടു തവണത്തെ പ്രസിഡന്‍റ് കാലയളവില്‍  ഈ എണ്ണം ഒബാമ 41 ആക്കി ചുരുക്കിയിരുന്നു. സ്ഥാനമൊഴിയുന്ന അവസാന ആഴ്ചയും പത്തു പേരെ വിട്ടയച്ചു.

Tags:    
News Summary - Obama leaves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.