വാഷിങ്ടൺ: യു.എസിലെ മേരിലാൻറിൽ പത്രം ഒാഫിസിലുണ്ടായ വെടിവെപ്പിൽ അഞ്ചു മരണം. മേരിലാന്‍റ് തലസ്ഥാനമായ അന്നപോലിസിലെ 888 ബെസ്റ്റ്ഗേറ്റ് റോഡിലുള്ള 'ദ കാപിറ്റൽ ഗസറ്റ്' പത്രത്തിന്‍റെ ഒാഫിലെത്തിയാണ് അക്രമി വെടിയുതിർത്തത്. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചക്ക് രണ്ടരയോടെ പത്രത്തിന്‍റെ ന്യൂസ് റൂമിൽ കയറിയ അക്രമി ചുറ്റുപാടും വെടിയുതിർക്കുകയായിരുന്നു.
പത്രത്തിലെ കോളമിസ്റ്റും അസിസ്റ്റന്‍റ് ന്യൂസ് എഡിറ്ററുമായ റോബ് ഹൈസൻ, എഡിറ്റോറിയൽ പേജ് എഡിറ്റർ ജെറാൾഡ് ഫിഷ്മാൻ, സ്പെഷ്യൽ പബ്ലിക്കേഷൻസ് എഡിറ്റർ വെൻഡി വിൻന്‍റേഴ്സ്, സെയിൽ അസിസ്റ്റന്‍റ് റെബേക്ക സ്മിത്ത്, സ്റ്റാഫ് റൈറ്റർ ജോൺ മെക്നമാര എന്നിവരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ന്യൂസ് റൂമിന്‍റെ ഗ്ലാസ് വാതിൽ തകർത്ത ശേഷമാണ് അക്രമി വെടിയുതിർത്തത്. അക്രമ സമയത്ത് 30തോളം മാധ്യമപ്രവർത്തകർ മുറിക്കുള്ളിൽ ഉണ്ടായിരുന്നു. വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒന്നാം റൗണ്ട് വെടിവെപ്പിന് ശേഷം അക്രമി തോക്ക് നിറക്കുന്നതിനിടെ നിരവധി പേർ ഒാടി രക്ഷപ്പെട്ടു.
സംഭവ സ്ഥലത്ത് നിന്ന് അക്രമി മേരിലാന്‍റ് ലോറൽ സ്വദേശിയായ 38കാരൻ ജറോഡ് ഡബ്ല്യൂ. റമോസിനെ പിടികൂടിയിട്ടുണ്ട്. വെടിവെക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെടുത്തിട്ടുണ്ട്. വെടിവെപ്പിന്‍റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. ഇമിഗ്രേഷൻ നയങ്ങൾക്കെതിരെ നഗരത്തിൽ പ്രതിഷേധ പ്രകടനം നടക്കുന്നതിനിടെയാണ് പത്രം ഒാഫീസിൽ വെടിവെപ്പ് നടന്നത്. സംഭവത്തെ തുടർന്ന് 'ദ കാപിറ്റൽ ഗസറ്റ്' പത്രത്തിന്റെയും അമേരിക്കയിലെ വൻകിട മാധ്യമ സ്ഥാപനങ്ങളിലെയും സുരക്ഷ വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.