കാന്‍സസ് വെടിവെപ്പ്: യു.എസിലെ ഇന്ത്യന്‍ വംശജര്‍ ആശങ്കയില്‍

 ന്യൂയോര്‍ക്: വംശവെറിയെ തുടര്‍ന്ന് കാന്‍സസ് സിറ്റിയില്‍ ഹൈദരാബാദ് സ്വദേശിയായ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിബോട്ല വെടിയേറ്റുമരിച്ച സംഭവത്തില്‍ ആശങ്കയുമായി യു.എസിലെ ഇന്ത്യന്‍ വംശജര്‍. എന്‍െറ രാജ്യത്തുനിന്ന് പുറത്തുപോകൂ എന്നാക്രോശിച്ചാണ് ആക്രമി ആഡം പ്യൂരിന്‍റണ്‍ ശ്രീനിവാസിനുനേരെ വെടിയുതിര്‍ത്തത്.

യു.എസില്‍  എത്രത്തോളം സുരക്ഷിതരാണെന്ന് ആഴത്തില്‍ ചിന്തിപ്പിക്കാന്‍ ഈ ദാരുണകൃത്യം കാരണമായെന്ന് ഇന്തോ-അമേരിക്കന്‍ വംശജര്‍ ആശങ്ക പങ്കുവെച്ചു. ഇതര രാജ്യക്കാരെ ചേര്‍ത്തുപിടിച്ച നഗരമാണിത്. ഇവിടെയാണിപ്പോള്‍ ഞങ്ങളുടെ വീടും കുടുംബവും. കൊലപാതക വിവരം ആദ്യം കേട്ടപ്പോള്‍ ഞെട്ടിപ്പോയി -കാന്‍സസിലെ ഉള്‍മേഖലയില്‍ ഡാന്‍സ് സ്കൂള്‍ നടത്തുന്ന സമര്‍പ്പിത ബാജ്പേയ് എന്ന 45കാരി പറഞ്ഞു. ദുരന്തത്തിന്‍െറ ഞെട്ടലില്‍നിന്ന് മോചനം നേടാനുള്ള ശ്രമമാണെന്നും കാന്‍സസ് സിറ്റിയിലെ 20 വര്‍ഷത്തെ താമസത്തിനിടക്ക് ഇത്തരമൊരു സംഭവം ആദ്യമായാണെന്നും അവര്‍ തുടര്‍ന്നു. ഇന്ത്യക്കാരെ എന്നും സ്വീകരിച്ചിട്ടുള്ളവരാണ് അമേരിക്കക്കാര്‍. ഡാന്‍സ് പരിപാടിയുമായി ബന്ധപ്പെട്ട് നിരവധി യു.എസ് നഗരങ്ങളില്‍ യാത്രചെയ്തിട്ടുണ്ടെങ്കിലും അവിടൊന്നും കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വെടിവെപ്പോടെ അമേരിക്കയിലെ രാഷ്ട്രീയ-സാമൂഹിക മേഖലകളിലുണ്ടായ സംഘര്‍ഷം എളുപ്പം പരിഹരിക്കപ്പെടുമെന്നു പ്രതീക്ഷയില്ളെന്ന് യു.എസിലെ ന്യൂനപക്ഷ സമൂഹം. ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍റായതോടെ രാജ്യത്ത് വംശീയ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. 20 ലക്ഷം ആളുകളുള്ള കാന്‍സസ് സിറ്റിയില്‍ 25,000ത്തിനും 30,000ത്തിനുമിടെ ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. 

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കാന്‍സസിലത്തെിയ ഇന്ത്യക്കാരുടെ എണ്ണം 10 മടങ്ങായി വര്‍ധിച്ചിട്ടുണ്ടെന്ന് ഇന്ത്യ അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് വിജയ് ഐനാപുറാപ് പറഞ്ഞു. 2001ലാണ് ഇദ്ദേഹം കാന്‍സസിലത്തെിയത്.1998ല്‍ യു.എസിലത്തെിയ ഇദ്ദേഹം ടെക്സസ്, കാലിഫോര്‍ണിയ സംസ്ഥാനങ്ങളിലും താമസിച്ചിട്ടുണ്ട്. എന്നാല്‍, അമേരിക്കയിലെ മറ്റിടങ്ങളെ അപേക്ഷിച്ച് ആളുകളെ ഏറ്റവും കൂടുതല്‍ സ്വാഗതംചെയ്യുന്നത് കാന്‍സസ് ആണെന്നും ഈ 45കാരന്‍ ചൂണ്ടിക്കാട്ടി. ഭീഷണിയുണ്ടെന്ന് തോന്നുന്ന സഞ്ചാരപാതകള്‍ ഒഴിവാക്കുകയാണിപ്പോഴെന്ന് ഓവര്‍ലന്‍ഡ് പാര്‍ക്കിലെ കര്‍താസ് ജ്വല്ലറിയുടമ അക്ഷയ് ആനന്ദ് എന്ന 34കാരന്‍ പറഞ്ഞു. വിദ്യാഭ്യാസം കുറഞ്ഞവര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളാണ് ഏറ്റവും അപകടകരം. പുതിയ സംഭവത്തോടെ ആളുകള്‍ കൂടുതല്‍ ജാഗ്രതയിലാണ്. അതുണ്ടാക്കിയ ഭയം മാറ്റാന്‍ സമയമെടുക്കുമെന്നും അക്ഷയ് തുടര്‍ന്നു. കൂടുതല്‍ അമേരിക്കക്കാരും പുറംരാജ്യങ്ങളിലേക്ക് യാത്രചെയ്യാത്തവരാണ്. അവര്‍ക്ക് ഇന്ത്യനെയും പാകിസ്താനിയെയും അഫ്ഗാനിയെയും സിഖുകാരനെയും വേര്‍തിരിച്ചറിയാനുള്ള കഴിവുമില്ല.  -കാന്‍സസ് സിറ്റിയില്‍ താമസിക്കുന്ന അജയ് സൂദ് വെളിപ്പെടുത്തി.സംഭവത്തെ യു.എന്‍ സെക്രട്ടറി ജനറല്‍  അന്‍േറാണിയോ ഗുട്ടെറസ് അപലപിച്ചു. ഇസ്ലാം ഭീതിയും പരദേശീ സ്പര്‍ദ്ദയും വളര്‍ത്തുന്ന സമീപനമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

Tags:    
News Summary - Kansas Shooting an Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.