യു.എസില്‍ സിഖുകാരന് വെടിയേറ്റ സംഭവം; എഫ്.ബി.ഐയും നീതിന്യായ വകുപ്പും അന്വേഷണമാരംഭിച്ചു

വാഷിങ്ടണ്‍: അമേരിക്കയില്‍ സിഖുകാരന് വെടിയേറ്റ സംഭവത്തില്‍ എഫ്.ബി.ഐ യു.എസ് നീതിന്യായ വകുപ്പുമായി ചേര്‍ന്ന് പൗരാവകാശ അന്വേഷണം ആരംഭിച്ചു. ഇന്ത്യന്‍ വംശജനായ യു.എസ് പൗരന്‍ ദീപ് റായിയെ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ എന്നാക്രോശിച്ചുകൊണ്ട് വാഷിങ്ടണിലെ കെന്‍റില്‍ മുഖംമറച്ചത്തെിയ ആക്രമി വെടിവെക്കുകയായിരുന്നു.

ഈ മാസം മൂന്നിനാണ് ആക്രമണം നടന്നത്. വിദ്വേഷ കുറ്റകൃത്യമായി പരിഗണിച്ചാണ് കേസില്‍ എഫ്.ബി.ഐ അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ ഫെഡറല്‍ പൗരാവകാശലംഘനം നടന്നിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് എഫ്.ബി.ഐ കെന്‍റ് പൊലീസുമായി സഹകരിച്ച് തെളിവുകളും വസ്തുതകളും ശേഖരിച്ച് പരിശോധന നടത്തും. ദീപ് റായിക്കെതിരെ ആക്രമണം നടന്ന പ്രദേശത്ത് കുറ്റാന്വേഷകരെ വിന്യസിച്ചിട്ടുണ്ടെന്ന് പൊലീസ് മേധാവി കെന്‍ തോമസ് പറഞ്ഞു.

സംഭവത്തില്‍ ദു$ഖം രേഖപ്പെടുത്തിയ ഗവര്‍ണര്‍ ജെയ് ഇന്‍സ്ലീ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ അപമാനകരവും അമേരിക്കക്ക് എതിരുമാണെന്ന് അഭിപ്രായപ്പെട്ടു. യു.എസില്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ ഭരണകൂടം നേതൃത്വം നല്‍കണമെന്ന് സിഖ് കോഅലീഷന്‍ ഇന്‍ററിം പ്രോഗ്രാം മാനേജര്‍ രജ്ദീപ് സിങ് അന്വേഷണത്തെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു. ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ സിഖ് അമേരിക്കന്‍ ലീഗ് ഡിഫന്‍സ് ആന്‍ഡ് എജുക്കേഷന്‍ ഫണ്ട് (എസ്.എ.എല്‍.ഡി.ഇ.എഫ്) രാജ്യത്തുടനീളമുള്ള ഗുരുദ്വാരകളില്‍ ‘നിങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അറിയുക’ വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്ന് അറിയിച്ചു.

ഈമാസം 26ന് നോര്‍ത്ത് കരോലൈനയിലെ ദുര്‍ഹാമിലാണ് ഇതിന് തുടക്കമിടുന്നത്. രാജ്യത്തു വര്‍ധിച്ചുവരുന്ന വംശീയാക്രമണങ്ങളില്‍ സൗത്ത് ഏഷ്യന്‍ ബാര്‍ അസോസിയേഷന്‍ ആശങ്ക രേഖപ്പെടുത്തി. ട്രംപിന്‍െറ വാചകക്കസര്‍ത്തും വിവേചനപരമായ നയങ്ങളുമാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് മനുഷ്യാവകാശ സംഘടനയായ സൗത്ത് ഏഷ്യന്‍ അമേരിക്കന്‍സ് ലീഡിങ് ടുഗെദര്‍ ആരോപിച്ചു. 

Tags:    
News Summary - fbi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.