ലോകം ആശങ്കയോടെ ഉറ്റുനോക്കുന്ന സ്ഥാനാരോഹണം

വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപ് അമേരിക്കയുടെ 45ാമത് പ്രസിഡന്‍റായി ഇന്ന് അധികാരമേല്‍ക്കും. പതിവില്‍ കവിഞ്ഞ ആശങ്കകളോടെയാണ് ലോകം ഈ ചടങ്ങിനെ ഉറ്റുനോക്കുന്നത്. അമേരിക്കന്‍ ജനതയില്‍ ഭൂരിഭാഗവും ട്രംപ് പ്രസിഡന്‍റാകുന്നതില്‍ സന്തോഷിക്കുന്നില്ല. 40 വര്‍ഷത്തെ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ജനകീയത കുറഞ്ഞ പ്രസിഡന്‍റ് എന്നാണ് ലോകമാധ്യമങ്ങള്‍ ട്രംപിനെ വിശേഷിപ്പിക്കുന്നത്. 40 ശതമാനം പേരുടെ പിന്തുണയോടെയാണ് ട്രംപ് വൈറ്റ്ഹൗസിലേക്ക് കാലെടുത്തുവെക്കുന്നത്. 2009ല്‍  രണ്ടാമതും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ബറാക് ഒബാമ 79 ശതമാനം ആളുകളുടെ പിന്തുണയോടെയാണ് വൈറ്റ്ഹൗസിലേക്ക് പ്രവേശിച്ചത്. ജോര്‍ജ് ഡബ്ള്യു. ബുഷിനെ 62 ശതമാനം പേര്‍ പിന്തുണച്ചു.

‘‘മര്യാദയോടെയുള്ള പെരുമാറ്റം കേവലമൊരു തന്ത്രമോ വികാരപ്രകടനമോ അല്ല. വംശീയ വിദ്വേഷത്തിനെതിരെ സമൂഹത്തിന്‍െറ വിശ്വാസം ആര്‍ജിക്കലാണത്’’ -അതായിരുന്നു വൈറ്റ്ഹൗസിന്‍െറ സാരഥിയായി അധികാരമേറ്റപ്പോള്‍ ജോര്‍ജ് ബുഷിന്‍െറ പ്രഖ്യാപനം. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണകാലം തൊട്ട് വിശ്വാസ്യതയെക്കാള്‍ ട്രംപ് തെരഞ്ഞെടുത്തത് വിദ്വേഷമാണ്. രാജ്യം സമാധാനത്തിന് അകലെയാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് നവംബര്‍ എട്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ തന്നെ നിഷ്കരുണം തള്ളിപ്പറഞ്ഞവരെ ഞെട്ടിച്ച് ട്രംപ് വൈറ്റ്ഹൗസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രചാരണകാലത്തെ ഭിന്നതകള്‍  വിജയിക്കുന്നവര്‍ പിന്നീട് മയപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചുപോന്നത്. എന്നാല്‍, ട്രംപ് ആ പതിവും  തെറ്റിച്ചു. കഴിഞ്ഞദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍പോലും ഹിലരി ക്ളിന്‍റനെതിരായ ആരോപണങ്ങള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അദ്ദേഹം. ‘പാര്‍ട്ടിയുടെ വിജയമല്ല, സ്വാതന്ത്ര്യത്തിന്‍െറ ആഘോഷമാണിത്’ എന്ന 56 വര്‍ഷം മുമ്പ് നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ജോണ്‍ എഫ്. കെന്നഡിയുടെ വാക്കുകള്‍ ട്രംപിന്‍െറ വാചാടോപത്തില്‍ അലിഞ്ഞില്ലാതാവുന്നു. ട്രംപ് അധികാരമേല്‍ക്കുന്നതോടെ യു.എസ് ദീര്‍ഘകാലമായി പിന്തുടര്‍ന്നുവന്ന ആഭ്യന്തര-വിദേശകാര്യനയങ്ങള്‍ അടിമുടി മാറുമെന്നാണ് വിലയിരുത്തല്‍.
ട്രംപിന്‍െറ പ്രധാന  വാഗ്ദാനങ്ങള്‍

  • അമേരിക്കയെ വീണ്ടും, വീണ്ടും മഹത്തരമാക്കും. ഇപ്പോള്‍ രാജ്യം വളരെ ദുര്‍ബലമാണ്. അമേരിക്കയുടെ അതിര്‍ത്തികള്‍ തിരിച്ചുകൊണ്ടുവരും. ട്രംപിന്‍െറ വിജയത്തില്‍ നിര്‍ണായകമായ വാചകമാണിത്.
  • മറ്റു രാജ്യങ്ങളില്‍നിന്ന് മുസ്ലിംകള്‍ അമേരിക്കയിലേക്ക് കടക്കുന്നത് നിരോധിക്കും.
  • സിറിയന്‍ അഭയാര്‍ഥികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയും. നിലവില്‍ അമേരിക്കയിലുള്ള സിറിയക്കാരെ പുറത്താക്കും.
  • അമേരിക്കയിലെ മസ്ജിദുകള്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തും. മസ്ജിദുകളില്‍ ചിലത് അടച്ചുപൂട്ടാനും ആലോചനയുണ്ട്.
  • മെക്സിക്കന്‍ അതിര്‍ത്തിയില്‍ ചൈനയിലെ വന്‍മതിലിനെക്കാള്‍ വലിയ മതില്‍ പണിയും. ട്രംപ് വാള്‍ എന്ന് ഒരിക്കല്‍ വിശേഷിപ്പിക്കപ്പെടുന്ന മതിലിന്‍െറ നിര്‍മാണ ചെലവ് മെക്സികോ വഹിക്കണം.
  • മെക്സികോ തയാറായില്ളെങ്കില്‍ ആ രാജ്യത്തുനിന്നുള്ളവരെ പൂര്‍ണമായി തടയും. ബിസിനസുകാരുടെയും രാഷ്ട്രീയ നേതാക്കളുടെയും വിസ റദ്ദാക്കും.
  • ഒരു പ്രയോജനവുമില്ലാത്ത ഒബാമ കെയര്‍ ആരോഗ്യ പോളിസി ഒഴിവാക്കി പകരം മറ്റൊന്ന് കൊണ്ടുവരും.
  • സ്ത്രീകളെ സംരക്ഷിക്കും. സ്ത്രീകളെ അത്യധികം ബഹുമാനിക്കുന്നു.
  • പ്രസിഡന്‍റായി സ്ഥാനമേറ്റാല്‍ ഒരിക്കലും അവധിയെടുക്കില്ല.
  • ഇ-മെയില്‍ കേസില്‍ ഹിലരി ക്ളിന്‍റനെ ശിക്ഷിക്കും
  • അമേരിക്കന്‍ സൈന്യത്തെ ശക്തിപ്പെടുത്തും.
  • പൊതുശത്രുക്കളെ തുരത്താന്‍ റഷ്യയുമായി കൈകോര്‍ക്കും.
  • ഐ.എസിന്‍െറ അധീനതയിലുള്ള എണ്ണപ്പാടങ്ങള്‍ പിടിച്ചെടുത്ത് സ്വന്തമാക്കും. അങ്ങനെ അമേരിക്കയുടെ സമ്പദ് അടിത്തറ ഭദ്രമാക്കും.
  • വിദേശികളെ പുറത്താക്കി അമേരിക്കന്‍ പൗരന്മാര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കും.
  • ചൈനയും ജപ്പാനും മെക്സികോയും മറ്റു രാജ്യങ്ങളും കൈയടക്കിയ തൊഴിലുകള്‍ തിരിച്ചുപിടിക്കും.
  • വ്യാജ കറന്‍സിക്കാരായ ചൈനയോടുള്ള സമീപനത്തില്‍ അയവില്ല.
  • ഇറാനുമായുള്ള ആണവകരാര്‍ റദ്ദാക്കും. ഇറാന്‍ പരമോന്നത നേതാവിനെ ആ പേരു വിളിക്കുന്നത് അവസാനിപ്പിക്കും.
  • ഇറാന്‍ ജയിലില്‍ കഴിയുന്ന അമേരിക്കന്‍ തടവുകാരെ മോചിപ്പിക്കും.
  • ക്യൂബക്ക് ഒബാമ ഭരണകൂടം നല്‍കിയ ഇളവുകള്‍ പിന്‍വലിക്കും.
  • സ്വതന്ത്ര വ്യാപാരനയം അവസാനിപ്പിക്കും.
  • സമ്പദ്വ്യവസ്ഥയില്‍ ആറു ശതമാനത്തോളം വളര്‍ച്ച ഉറപ്പാക്കും. രാജ്യത്തിന്‍െറ പൊതുകടം കുറക്കും.
  • കുടിയേറ്റവിഷയത്തില്‍ ഒബാമയുടെ വിശേഷ ഉത്തരവുകള്‍ റദ്ദാക്കും.
  • യു.എസില്‍ അനധികൃതമായി താമസിക്കുന്ന 1.1 കോടി കുടിയേറ്റക്കാരെ നാടുകടത്തും.
Tags:    
News Summary - donald trump pledge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.