ഞെട്ടണ്ട.. ഈ കുഞ്ഞിനെ പ്രസവിച്ചതും മുലയൂട്ടുന്നതും പിതാവാണ്

ന്യൂഡൽഹി: ജെസി ഹെപലാണ് ആ വാർത്ത ട്വിറ്ററിലൂടെ അഭിമാനപൂർവം ലോകത്തെ അറിയിച്ചത്. "വിസ്മയകരമാ‍യ കാലത്തിലൂടെയാണ് ഞങ്ങൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്‍റെ സഹോദരൻ ഒരു കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു."

ടൈം മാഗസിനിലെഴുതിയ ലേഖനത്തിൽ അമേരിക്കക്കാരിയായ ജെസി ഭിന്നലിംഗക്കാരനായ തന്‍റെ സഹോദരനെക്കുറിച്ച് പറയുന്നതിങ്ങനെ- ഇപ്പോൾ 35 വയസുള്ള ഇവാൻ ഒരു പെൺകുട്ടിയായാണ് ജനിച്ചത്. ഇവാൻ ഒരു ട്രാൻസ്ജെൻസറാണെന്ന് തിരിച്ചറിഞ്ഞത് 16 വർഷങ്ങൾക്ക് മുൻപായിരുന്നു. ട്രാൻസ്ജെൻഡർ പുരുഷനായി ജീവിക്കാൻ ആരംഭിച്ചിട്ടും കുഞ്ഞിന് ജന്മം നൽകുക എന്ന വിചിത്രമായ ആഗ്രഹം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ തന്‍റെ സ്ത്രീ അവയവങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെയായിരുന്നു ഇവാൻ ഹോർമോൺ ചികിത്സക്ക് വിധേയനായതെന്നും ജെസി എഴുതുന്നു.

നാല് മാസങ്ങൾക്ക് മുമ്പ് ഇവാൻ ഗർഭാവസ്ഥയിൽ
 

മൂന്ന് വർഷം മുമ്പാണ് തന്‍റെ ജീവിത പങ്കാളിയുടെ കൂടി അംഗീകാരത്തോടെ അദ്ദേഹം കുഞ്ഞിനെ പ്രസവിക്കാൻ തീരുമാനമെടുത്തത്. അതോടെ പുരുഷ ഹോർമാണായ ടെസ്റ്റോസ്റ്റെറോൺ സ്വീകരിക്കുന്നത് പൂർണമായും നിർത്തിവെച്ചു. പിന്നീട് കൃത്രിമ ബീജധാരണത്തിലൂടെ ഇവാൻ ഗർഭവാനായി.

ഗർഭധാരണ സമയത്ത് ഉണ്ടായേക്കാവുന്ന ശാരീരിക- മാനസിക സമ്മർദ്ദങ്ങൾ താങ്ങാനാകുമോ എന്ന് ബന്ധുക്കൾക്ക് ആശങ്കയുണ്ടായിരുന്നു. എങ്കിലും താനത് ആസ്വദിച്ചു എന്നാണ് ഇവാന്‍റെ പക്ഷം. ഭിന്നലിംഗക്കാരായ പുരുഷന്മാർ ഗർഭകാലത്ത് സ്വത്വപ്രതിസന്ധി മൂലം കടുത്ത മാനസിക സമ്മർദ്ദത്തിന് അടിമപ്പെടാറുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

ഒരു ഭാഗ്യപരീക്ഷണമായാണ് താൻ ഈ കർത്തവ്യം ഏറ്റെടുത്തത്. എന്നാൽ എന്‍റെ ശരീരത്തിന് ഇത്രയും മഹത്തായ കർമം നിർവഹിക്കാൻ കഴിഞ്ഞു എന്നത് വലിയ സന്തോഷം തരുന്നു.

പ്രസവിച്ച ആറ് ദിവസങ്ങൾക്ക് ശേഷമാണ് ഞാൻ സഹോദരന്‍റെ കണ്ടത്- ടൈം മാഗസിനിലെ ലേഖനത്തിൽ ജെസി എഴുതുന്നു.  ഇവാന്‍റെ ചെസ്റ്റ്ഫീഡിങ് കഴിഞ്ഞ ഉടനെയാണ് ഞാൻ ആ മുറിയിലെത്തിയത്. കുഞ്ഞിനെ പ്രസവിച്ച പിതാവെന്ന അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇവാൻ പറഞ്ഞു-ഭിന്നലിംഗക്കാരായ എന്‍റെ സുഹൃത്തുക്കൾ പലരും ശരീരമെന്ന തടവറയിലാണ് കഴിയുന്നത്. പ്രസവവും മുലയൂട്ടലും എന്നെ മറ്റൊരു തരത്തിലും മാറ്റിയിട്ടില്ല. എല്ലാം പഴയ പോലെ തന്നെ. മാനസികമായി പുരുഷൻ തന്നെയാണ് താനിപ്പോഴും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.