മിഷേല്‍ ടമര്‍ ബ്രസീല്‍ പ്രസിഡന്‍റായി അധികാരമേറ്റു

ബ്രസീലിയ: ഇംപീച്ച്മെന്‍റ് നടപടിയെ തുടര്‍ന്ന് പ്രസിഡന്‍റുസ്ഥാനത്തുനിന്നും ദില്‍മ റൂസഫ് പുറത്തായതിന് പിന്നാലെ മുന്‍ വൈസ്പ്രസിഡന്‍റ് മിഷേല്‍ ടമര്‍ പ്രസിഡന്‍റായി ചുമതലയേറ്റു. 2018 വരെയായിരിക്കും ടമറിന്‍െറ ഭരണകാലയളവ്. ദില്‍മ റൂസഫിനെ പുറത്താക്കണമെന്ന് 20നെതിരെ 61 വോട്ടുകള്‍ ചെയ്ത് ബുധനാഴ്ച ബ്രസീലിയന്‍ സെനറ്റ് വിധിയെഴുതിയതിനു പിന്നാലെയാണ് ടമര്‍ അധികാരത്തിലേറിയത്. രാജ്യത്തിന് പുതുയുഗം സമ്മാനിക്കുമെന്ന് ആദ്യ കാബിനറ്റ് യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

ബജറ്റിലെ പോരായ്മകള്‍ മറച്ചുവെക്കുന്നതിന് പൊതുമേഖലാ സ്ഥാപനത്തില്‍നിന്നും അനധികൃത വായ്പയെടുത്തെന്നായിരുന്നു റൂസഫിനെതിരായ ആരോപണം. ആരോപണം അടിസ്ഥാനരഹിതമാണെന്നും, തനിക്കെതിരെ പാര്‍ലമെന്‍റ് അട്ടിമറിയാണ് നടന്നതെന്നും ദില്‍മ പ്രതികരിച്ചു. സെനറ്റ് നടപടിക്കെതിരെ അപ്പീല്‍ പോകുമെന്നും അവര്‍ വ്യക്തമാക്കി.എന്നാല്‍, അടുത്ത എട്ടുവര്‍ഷത്തേക്ക് പ്രസിഡന്‍റുപദത്തിലേക്ക് മത്സരിക്കുന്നതിന് വിലക്കണമെന്ന് ആവശ്യപ്പെട്ട്  അവതരിപ്പിച്ച പ്രമേയം സെനറ്റ് തള്ളി.

പൊതുമേഖലാ എണ്ണകമ്പനിയായ പെട്രോബ്രാസിലെ അഴിമതിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച നടപടി ചിലരെ ചൊടിപ്പിച്ചെന്നും ഇതാണ് ദില്‍മ റൂസഫിന്‍െറ പുറത്താകലിന് വഴി തെളിച്ചതെന്നും ആരോപണമുണ്ട്. പെട്രോബ്രാസ് അഴിമതിയില്‍ പുതിയ പ്രസിഡന്‍റ് ടമറിന് പങ്കുള്ളതായി ആക്ഷേപമുണ്ട്.
അതിനിടെ, ഇടതുപക്ഷ പ്രസിഡന്‍റിനെ പുറത്താക്കാനുള്ള ബ്രസീല്‍ സെനറ്റിന്‍െറ നടപടിയില്‍ പ്രതിഷേധിച്ച് എക്വഡോര്‍, വെനിസ്വേല, ബൊളീവിയ എന്നീ രാജ്യങ്ങള്‍ ബ്രസീലിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിന്‍െറ ഏകാധിപത്യ ഭരണത്തിന് ശേഷം രാജ്യത്ത് ജനാധിപത്യഭരണം തുടങ്ങിയ 1985 മുതല്‍, ഇംപീച്ച്മെന്‍റിലൂടെ പുറത്താകുന്ന രണ്ടാമത്തെ പ്രസിഡന്‍റാണ് ദില്‍മ റൂസഫ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.