മീനുകള്‍ക്ക് മനുഷ്യരെ തിരിച്ചറിയാം

ലണ്ടന്‍: നമ്മുടെ അക്വേറിയത്തിലെ മീനുകള്‍ക്ക് വീട്ടുകാരില്‍ ഓരോരുത്തരെയും വേര്‍തിരിച്ചറിയാനാവുമോ? മീനുകള്‍ക്ക് അതിനുള്ള കഴിവുണ്ടെന്നാണ് ഓക്സ്ഫര്‍ഡ് യൂനിവേഴ്സിറ്റിയില്‍ നടന്ന പഠനം പറയുന്നത്. മനുഷ്യരെപോലെ പരിണാമത്തിന്‍െറ വികസിതഘട്ടത്തിലുള്ള ജീവികള്‍ക്കു മാത്രമേ മുഖത്തെ സൂക്ഷ്മ വ്യത്യാസങ്ങള്‍ മനസ്സിലാക്കാനാവൂ എന്നായിരുന്നു ഇതുവരെ ശാസ്ത്രലോകത്തിന്‍െറ നിഗമനം. മനുഷ്യരുടെ മുഖം തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രത്യേകമേഖല നമ്മുടെ തലച്ചോറിലുണ്ടെന്നത് മുഖത്തിന് ചില സവിശേഷതകളുണ്ടായിരിക്കാം എന്ന നിഗമനത്തിന് കാരണമായി.

ഈ നിഗമനം പരിശോധിക്കാന്‍ മറ്റു ജന്തുക്കളില്‍ പഠനം നടത്തേണ്ടത് ആവശ്യമായിരുന്നു. ഇതിന്‍െറ ഭാഗമായാണ് ചെറുതും ലഘുവുമായ ഘടനയോടു കൂടിയ തലച്ചോറുള്ള മീനുകളില്‍ പഠനം നടത്താന്‍ തീരുമാനിച്ചത്. പരീക്ഷണത്തിന് വിധേയമാക്കിയ ആര്‍ച്ച്ഫിഷുകള്‍ക്ക് 44 മനുഷ്യരുടെ മുഖത്തെ ചെറിയ വ്യത്യാസങ്ങള്‍ ഒപ്പിയെടുത്ത് ഓരോരുത്തരെയും വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞുവത്രെ.

വെള്ളത്തിന് പുറത്തുള്ള ചെറുജീവികളെ വെള്ളം ചീറ്റിവീഴ്ത്തിയാണ് ആര്‍ച്ച്ഫിഷുകള്‍ ഇരയെ പിടിക്കുന്നത്. രണ്ടു മുഖങ്ങളുടെ ചിത്രങ്ങള്‍ കാണിച്ച് അതില്‍ ഒന്നിനുനേരെ വെള്ളംചീറ്റാന്‍ മീനുകളെ പരിശീലിപ്പിച്ചു. രണ്ടാമത്തെ മുഖം മാറ്റി 42 ചിത്രങ്ങള്‍ കാണിച്ചപ്പോഴും മീനുകള്‍ ഗവേഷകര്‍ ആദ്യം പരിചയപ്പെടുത്തിയ മുഖത്തിനുനേര്‍ക്ക് മാത്രമേ വെള്ളം ചീറ്റിയുള്ളൂവത്രെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.