യൂറോ കപ്പ് വേദിയില്‍ ആക്രമണത്തിന് പദ്ധതിയിട്ടയാള്‍ യുക്രെയ്നില്‍ പിടിയില്‍

കിയവ്: ജൂണ്‍ പത്തിന് ഫ്രാന്‍സില്‍ ആരംഭിക്കാനിരിക്കുന്ന യൂറോ കപ്പ് ഫുട്ബാള്‍ വേദിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഫ്രഞ്ച് പൗരനെ യുക്രെയ്ന്‍ സുരക്ഷാ വിഭാഗമായ എസ്.ബി.യു പിടികൂടി. കഴിഞ്ഞയാഴ്ച, യുക്രെയ്ന്‍-പോളണ്ട് അതിര്‍ത്തിയില്‍വെച്ചാണ് ഇയാളെ പിടികൂടിയതെന്ന് എസ്.ബി.യു മേധാവി വാസില്‍ ഗ്രിറ്റ്സാക്ക് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ തന്നെ ഇയാള്‍ തങ്ങളുടെ നിരീക്ഷണ വലയത്തിലുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സിലെ തീവ്രവലതുപക്ഷ വിഭാഗങ്ങളോട് അനുഭാവം പുലര്‍ത്തുന്നയാളാണ് പിടിയിലായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 15 ഇടങ്ങളില്‍ ആക്രമണം നടത്താനായിരുന്നത്രെ ഇയാളുടെ പദ്ധതി.

അതിനായി വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടി. അഞ്ച് യന്ത്രത്തോക്കുകളും രണ്ട് റോക്കറ്റ് ലോഞ്ചറുകളും 5000 ബുള്ളറ്റുകളും 100 ഡിറ്റനേറ്ററുകളും ഇയാളില്‍നിന്ന് പിടികൂടിയിട്ടുണ്ട്. മുസ്ലിം പള്ളികളും ജൂത സിനഗോഗുകളും ഫ്രഞ്ച് സര്‍ക്കാര്‍ കാര്യാലയങ്ങളും ഇയാള്‍ ലക്ഷ്യമിട്ടിരുന്നു. കഴിഞ്ഞയാഴ്ച നാന്‍സിയിലെ ഇയാളുടെ വീട്ടില്‍ റെയ്ഡ് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

യൂറോപ്യന്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ച് രാജ്യത്തിന്‍െറ പലഭാഗങ്ങളിലും തീവ്രവാദി ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.