ഭൂചലനം: രാജ്യം  ഗുരുതരാവസ്ഥയിലേക്കെന്ന് എക്വഡോര്‍ പ്രസിഡന്‍റ്

കീറ്റോ: എക്വഡോറിലുണ്ടായ ഭൂചലനം രാജ്യത്തെ ഗുരുതരാവസ്ഥയിലത്തെിക്കുമെന്ന് പ്രസിഡന്‍റ് റാഫേല്‍ കൊറിയ. ശതകോടികളുടെ  നാശനഷ്ടം സമ്പദ്വ്യവസ്ഥക്ക് കനത്ത ബാധ്യതയുണ്ടാക്കുമെന്ന് ദുരന്തഭൂമിയില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം പറഞ്ഞു. ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച 413 ആയി. ദുരന്തഭൂമിയില്‍ സാമൂഹികാന്തരീക്ഷം മോശമായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
വെള്ളവും വൈദ്യുതിയുമില്ലാതെ പൊറുതിമുട്ടിയ ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി. ഭക്ഷണവും കിടപ്പാടവുമില്ലാതെ ആയിരങ്ങള്‍ പൊറുതിമുട്ടുന്നുണ്ട്. ശനിയാഴ്ച റിക്ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ 300 തുടര്‍ചലനങ്ങള്‍ നടന്നതിനാല്‍ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ പലരും തയാറാവുന്നില്ല. ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ താല്‍ക്കാലിക സംവിധാനങ്ങളിലാണ് പഡര്‍നാലസില്‍ ജനം കഴിയുന്നത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് വസ്തുക്കള്‍ കൊള്ളയടിക്കുന്ന സംഘങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. പെഡര്‍നാലസിലേക്ക് വെള്ളവും അവശ്യവസ്തുക്കളുമായി പോവുകയായിരുന്ന രണ്ടു വാഹനങ്ങള്‍ കഴിഞ്ഞ ദിവസം കൊള്ളയടിച്ചിരുന്നു. ഭൂകമ്പത്തില്‍ തകര്‍ന്ന എല്‍ റോഡിയോ ജയിലില്‍നിന്ന് 130 തടവുപുള്ളികള്‍ രക്ഷപ്പെട്ടതും സുരക്ഷാജീവനക്കാര്‍ക്ക് തലവേദനയായിട്ടുണ്ട്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മൃതദേഹങ്ങള്‍ അഴുകി അസഹനീയമായ ഗന്ധം ഉയരുന്നത് ജീവനോടെ ആളുകളെ കണ്ടത്തൊമെന്ന രക്ഷാപ്രവര്‍ത്തകരുടെ പ്രതീക്ഷ കെടുത്തുകയാണ്. സ്വിറ്റ്സര്‍ലന്‍ഡ്, സ്പെയിന്‍, യു.എസ് തുടങ്ങിയ രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഭാഗമാണ്. 
അതിനിടെ, മൂന്നു ദിവസം കഴിഞ്ഞ് ഒരാളെ ജീവനോടെ രക്ഷിക്കാനായത് പ്രതീക്ഷ നല്‍കുന്നുണ്ട്. തകര്‍ന്ന ഹോട്ടലിന്‍െറ അവശിഷ്ടങ്ങളില്‍നിന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.