അറ്റ്ലാന്‍റ: വർധിച്ച് വരുന്ന ഇസ്ലാമോഫോബിയക്ക് അമേരിക്കയിൽ നിന്നും ഒരു ഉദാഹരണം കൂടി. ജോർജിയയിൽ 13 വയസുകാരിയായ മുസ് ലിം വിദ്യാർഥിനിയോട് അധ്യാപിക 'ബാഗിൽ ബോംബുണ്ടോ' എന്ന് ചോദിച്ചതായി പരാതി. ജോർജിയയിലെ ഷിലോ മിഡിൽ സ്കൂളിലെ അധ്യാപിക തന്‍റെ മകളോട് ഇങ്ങനെ ചോദിച്ചതായി പിതാവ് അബ്ദിരിസാഖ് ആദനാണ് വെളിപ്പെടുത്തിയത്.
ഹിജാബ് ധരിച്ചെത്തിയ മകളെ പിടിച്ചുനിറുത്തി ബാഗിൽ ബോംബുണ്ടോ എന്ന് ചോദിക്കുകയായിരുന്നു എന്നാണ് അറ്റ്ലാന്‍റ ജേണൽ കോൺസ്റ്റിറ്റ്യൂഷനിൽ ആദൻ പരാതിപ്പെട്ടത്. "ചോദ്യം കേട്ട് അവൾ തകർന്നുപോയി. എന്താണ് സംഭവിച്ചത് എന്നറിയാനാണ് ഞാൻ സ്കൂളിൽ പോയത്. ആഫ്രിക്കയിൽ നിന്നും വന്ന് അമേരിക്കയിൽ താമസിക്കുന്ന മുസ് ലിംങ്ങളാണ് ഞങ്ങൾ. മറ്റു മതങ്ങളിലുള്ളവരെ വെറുക്കാനോ അവരേക്കാൾ മികച്ചവരാണ് തങ്ങളെന്ന് ചിന്തിക്കാനോ ഞാൻ മക്കളെ പഠിപ്പിച്ചിട്ടില്ല. എന്തായാലും ഇനി മകളെ ആ സ്കൂളിൽ അയക്കുകയില്ല" ആദൻ പറഞ്ഞു.
വിദ്യാർഥിനിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നതായി പ്രിൻസിപ്പൽ അറിയിച്ചു. അധ്യാപികയുടെ അഭിപ്രായപ്രകടനം ശരിയായില്ല. കുട്ടികളോട് പുറത്തിടുന്ന ബാഗ് നീക്കം ചെയ്യാനാവശ്യപ്പെടുന്ന വേളയിലാണ് ഇത്തരമൊരു അഭിപ്രായപ്രകടനമുണ്ടായത്. എന്തായാലും നീചമായ ഉദേശ്യത്തോടെയായിരുന്നില്ല ഇതെന്ന് കരുതുന്നു. ഇവരുടെ സംഭാഷണം പരിശോധിച്ചശേഷം കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.