ജെസ്സെ ജാക്സണ്‍

അമേരിക്കൻ പൗരാവകാശ പ്രവർത്തകൻ ജെസ്സെ ജാക്സണ്‍ അന്തരിച്ചു

വാഷിങ്ടൺ: അമേരിക്കൻ പൗരാവകാശ പ്രവ‍ർത്തകനും മാർട്ടിൻ ലൂഥർ കിങ്ങിന്റെ അനുയായിയുമായ ജെസ്സെ ജാക്സണ്‍ (84) അന്തരിച്ചു. പാർക്കിൻസണ്‍ രോഗം ബാധിച്ച് 2017 മുതല്‍ ചികിത്സയിലായിരുന്നു. ജെസ്സെ ജാക്സന്റെ കുടുംബമാണ് മരണവാർത്ത അറിയിച്ചത്. തങ്ങളുടെ അച്ഛൻ തങ്ങൾക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവർക്കും ശബ്ദമില്ലാത്തവർക്കും അവഗണിക്കപ്പെട്ടവർക്കും ഒരു സേവക നേതാവായിരുന്നുവെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.

മാർട്ടിൻ ലൂഥർ കിങ്ങിന്റെ വഴിയിലൂടെയായിരുന്നു ജെസ്സെ ജാക്സൺ സാമൂഹിക പ്രവർത്തനങ്ങളിലേക്ക് കടന്നുവന്നത്. 1960 കളിലെ പൗരാവകാശ പ്രസ്ഥാനം മുതൽ ആഫ്രോ അമേരിക്കൻ വിഭാഗങ്ങളുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കായി വാദിച്ചു. ഷിക്കാഗോ ആസ്ഥാനമായുള്ള പൗരാവകാശ സംഘടനകളായ ഓപ്പറേഷൻ പുഷ്, നാഷണൽ റെയിൻബോ പുഷ് കോളിഷൻ എന്നിവയുടെ സ്ഥാപകൻ കൂടിയാണ് ജാക്‌സൺ.

സിറിയ, ക്യൂബ, ഇറാഖ്, സെർബിയ തുടങ്ങിയ സ്ഥലങ്ങളിൽ തടവിലാക്കപ്പെട്ട നിരവധി അമേരിക്കൻ പൗരന്മാരെയും മറ്റും മോചിപ്പിക്കുന്നതിൽ ജാക്‌സൺ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.1980 കളിലാണ് ജെസ്സെ ജാക്സൺ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായി അദ്ദേഹം രണ്ട് തവണ മത്സരിച്ചിട്ടുണ്ട്. 2000ൽ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി ജാക്‌സണെ ആദരിച്ചിരുന്നു.

ദേശീയ വേദിയിൽ ഫലസ്തീനികളുടെ ദുരവസ്ഥയിലേക്ക് വെളിച്ചം വീശിയ ആദ്യ നേതാക്കളിൽ ഒരാളാണ് ജാക്‌സൺ. ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടക്കുന്നതിനിടെ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ജാക്‌സന്റെ നേതൃത്വത്തിൽ അടിയന്തര ഉച്ചക്കോടി സംഘടിപ്പിച്ചിരുന്നു. ജെസ്സെയുടെ മരണത്തിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും അനുശോചനം രേഖപ്പെടുത്തി.

Tags:    
News Summary - American civil rights activist Jesse Jackson dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.