ചാർലി കിർക്കിന്റെ കൊലപാതകത്തിനു പിന്നാലെ ആശങ്കയിൽ അ​മേരിക്ക; ആഭ്യന്തര കലാപ മുന്നറിയിപ്പുമായി രാഷ്ട്രീയ വിദഗ്ധർ

വാഷിംങ്ടൺ: വലതുപക്ഷ സ്വാധീനശേഷിയുള്ള ചാർലി കിർക്കിന്റെ കൊലപാതകം യു.എസിൽ പുതിയ ആശങ്കകളിലേക്ക് വഴി വെട്ടിയിരിക്കുകയാണ്. പല കാരണത്താൽ ഇതിനകം ദുർബലമായ ഒരു രാജ്യത്ത് ഇത് കൂടുതൽ അസ്വസ്ഥതകൾക്ക് പ്രചോദനം നൽകുമെന്ന ഭീതി ചില വിദഗ്ധർ ഉന്നയിച്ചുകഴിഞ്ഞു.

സംഭവം ഭയാനകവും ആശങ്കാജനകവുമാണെന്നാണ് 1970 മുതൽ തീവ്രവാദ ഡാറ്റാബേസിൽ ഇത്തരം അക്രമങ്ങൾ ട്രാക്ക് ചെയ്യുന്ന മേരിലാൻഡ് സർവകലാശാലയിലെ ഗവേഷകനായ മൈക്ക് ജെൻസൺ പറയുന്നത്. ഈ വർത്തിലെ ആദ്യ ആറു മാസങ്ങളിൽ യു.എസിൽ ഏകദേശം 150 രാഷ്ട്രീയ പ്രേരിത ആക്രമണങ്ങൾ ഉണ്ടായതായും കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ ഇരട്ടിയാണിതെന്നും ജെൻസൺ പറഞ്ഞു.  രാജ്യം ഇപ്പോൾ വളരെ അപകടകരമായ ഒരു അവസ്ഥയിലാണെന്ന് കരുതുന്നുവെന്നും ഇതിനുമേൽ നിയന്ത്രണം കൊണ്ടുവരാൻ കഴിഞ്ഞി​ല്ലെങ്കിൽ കൂടുതൽ വിപുലമായ ആഭ്യന്തര കലാപത്തിലേക്ക് രാജ്യം എളുപ്പം നീങ്ങാൻ സാധ്യതയുണ്ടെന്നും ജെൻസൺ മുന്നറിയിപ്പു നൽകി.

അമേരിക്കൻ യാഥാസ്ഥിതിക പ്രസ്ഥാനത്തിലെ ഒരു മുന്നണി​പ്പോരാളിയായിരുന്നു  31 കാരനായ കിർക്ക്. ദശലക്ഷക്കണക്കിന് യുവ അമേരിക്കക്കാരെ ട്രംപിന്റെ എം‌.എ‌ജി.‌എ താവളത്തിലേക്ക് ആകർഷിക്കാൻ സോഷ്യൽ മീഡിയയുടെ ശക്തി ഉപയോഗിച്ചു വരുന്നതിനിടയിലാണ് മരണം.  കിർക്കിന്റെ കൊലപാതകത്തെത്തുടർന്ന് അതീവ സുരക്ഷ ആവശ്യപ്പെടുന്ന നിയമ നിർമാതാക്കളുടെ ഒരു പ്രളയം തന്നെയാണെന്ന് റിപ്പബ്ലിക്കൻ പ്രതിനിധി സഭ സ്പീക്കർ മൈക്ക് ജോൺസൺ പറയുന്നു. 

രാജ്യത്ത് അതിരൂക്ഷമായ രാഷ്ട്രീയ അക്രമങ്ങൾ ഒരു സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുന്നുവെന്നും ചാർലി കിർക്കിനെ വെടിവച്ചുകൊന്നത് വളരെ വലുതും വ്യാപകവുമായ ഒരു പ്രശ്നത്തിന്റെ സൂചനയാണെന്നും ജോർജ് വാഷിങ്ടൺ സർവകലാശാലയിലെ പ്രോഗ്രാം ഓൺ എക്സ്ട്രീമിസത്തിലെ ഗവേഷകനായ ജോൺ ലൂയിസ് പറഞ്ഞു. 

ആളുകൾ ആദ്യം അക്രമത്തിൽ ഏർപ്പെടാൻ മടിക്കുന്നുവെങ്കിലും പ്രത്യാക്രമണങ്ങളിൽ ഏർപ്പെടാൻ അവർ കൂടുതൽ തയ്യാറാണെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ലിലിയാന മേസൺ പറഞ്ഞു. 

യു.എസിൽ അക്രമം വർധിക്കുന്നതിന് രാജ്യത്തെ വിഗ്ദധർ പല കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക അരക്ഷിതാവസ്ഥ, വംശീയമായതും ജനസംഖ്യാപരമായതുമായ മാറ്റങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ, രാഷ്ട്രീയത്തിലെ വർധിച്ചുവരുന്ന പ്രകോപനപരമായ നയങ്ങൾ തുടങ്ങിയവയാണത്. സമൂഹ മാധ്യമങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും അടക്കം ആ അസ്വസ്ഥത​കളെ ജ്വലിപ്പിക്കുന്നതായി അവർ പറയുന്നു.

കിർക്കിന്റെ കൊലയിൽ ദുഃഖവും രോഷവും പ്രകടിപ്പിച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, അമേരിക്കക്ക് ഒരു ഇരുണ്ട നിമിഷമാണിതെന്ന് വിശേഷിപ്പിച്ചു. ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതിലും തുറന്ന സംവാദത്തിനും ദേശസ്നേഹ മൂല്യങ്ങൾക്കും വേണ്ടി വാദിക്കുന്നതിലും കിർക്കിന്റെ പങ്കിനെ ട്രംപ് ഊന്നിപ്പറഞ്ഞു. രാഷ്ട്രീയ അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ട്രംപ് ആണയിടുകയുണ്ടായി. റാഡിക്കൽ ഇടതുപക്ഷമാണെന്നാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് ട്രംപിന്റെ അവകാശവാദം. കഴിഞ്ഞ വർഷം പെൻസിൽവാനിയയിലെ ബട്‌ലറിൽ തനിക്കു നേരെ നടന്നിട്ടുള്ളതു മുതൽ ഒരു പറ്റം ആക്രമണങ്ങളെ ട്രംപ് ഇതുമായി ബന്ധിപ്പിച്ചു.

യു.എസിൽ സമീപകാല അക്രമങ്ങൾ

2021 ജനുവരി 6ന് നടന്ന ക്യാപിറ്റോൾ ആക്രമണത്തിനും 2024ലെ പ്രസിഡന്റ്തെരഞ്ഞെടുപ്പിനും ഇടയിൽ യു.എസിലുടനീളം രാഷ്ട്രീയ അക്രമങ്ങൾ അധികരിച്ചതായി റോയിട്ടേഴ്‌സ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു. 1970കൾക്ക് ശേഷമുള്ള അത്തരം അക്രമങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട കുതിച്ചുചാട്ടമാണിപ്പോഴത്തേത്.

കഴിഞ്ഞ വർഷം ട്രംപ് രണ്ട് വധശ്രമങ്ങൾക്ക് വിധേയനായിരുന്നു. ഒന്നിൽ, വെടിയുതിർത്തയാൾ നിമിഷങ്ങൾക്കുള്ളിൽ പൊലീസിന്റെ കൈകളിൽപ്പെട്ടു. മറ്റൊരു സംഭവത്തിൽ, ട്രംപ് കളിക്കുകയായിരുന്ന പാം ബീച്ചിലെ ഒരു ഗോൾഫ് ക്ലബ്ബിന് സമീപം റൈഫിൾ കൈവശം വച്ചിരുന്ന ഒരാളെ അറസ്റ്റ് ചെയ്തു.

ഈ വർഷം വലതുപക്ഷ ഗൂഢാലോചന സിദ്ധാന്തക്കാർ നടത്തിയ രണ്ട് വലിയ ആക്രമണം രാജ്യത്തുടനീളമുള്ള നിയമസഭാംഗങ്ങളെയും സർക്കാർ ജീവനക്കാരെയും ഞെട്ടിച്ചു. ജൂണിൽ, മിനസോട്ടയിൽ ഒരു ക്രിസ്ത്യൻ ദേശീയവാദി ഒരു മുതിർന്ന ഡെമോക്രാറ്റിക് സംസ്ഥാന നിയമസഭാംഗത്തെയും അവരുടെ ഭർത്താവിനെയും കൊലപ്പെടുത്തി. മറ്റൊരു ഡെമോക്രാറ്റിനെ പരിക്കേൽപ്പിച്ചു. ആഗസ്റ്റിൽ, കോവിഡ് 19 ഗൂഢാലോചനകളിൽ ഭ്രമമുള്ള ഒരു തോക്കുധാരി അറ്റ്ലാന്റയിലെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ആസ്ഥാനത്ത് വെടിയുതിർത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊന്നു.

ജനുവരി മുതൽ രാഷ്ട്രീയ അക്രമ സംഭവങ്ങളിൽ കുറഞ്ഞത് 21 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അതിൽ 14 പേർ മരിച്ചത് ന്യൂ ഓർലിയാൻസിൽ ഐ.എസ് ഗ്രൂപ്പിനോട് വിശ്വസ്തത പുലർത്തുന്നവർ പുതുവത്സര ദിനത്തിൽ നടത്തിയ ആക്രമണത്തിലാണ്.

മെയ് മാസം ഒരു ഫലസ്തീൻ അനുകൂല പ്രവർത്തകൻ വാഷിങ്ടണിലെ രണ്ട് ഇസ്രായേലി എംബസി ജീവനക്കാരെ കൊലപ്പെടുത്തി. താനിത് ഗസ്സക്കുവേണ്ടി ചെയ്താണെന്ന് അറസ്റ്റിനുശേഷം ഇയാൾ പൊലീസിനോടു പറഞ്ഞു. 

ജൂലൈയിൽ, കറുത്ത സൈനിക വേഷം ധരിച്ച സംഘം ടെക്സാസിലെ ഒരു ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രം ആക്രമിച്ചതായി നീതിന്യായ വകുപ്പ് പുറത്തുവിട്ടു. പടക്കം പൊട്ടിക്കുകയും വാഹനങ്ങളിൽ ‘രാജ്യദ്രോഹി, ‘ഐസ് പിഗ്’ എന്നിവ സ്പ്രേ ചെയ്യുകയും ചെയ്തു. പ്രതികരിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനെ കഴുത്തിൽ വെടിവെച്ച് ഗുരുതര പരിക്കേൽപിച്ചു. 

Tags:    
News Summary - America is worried after the murder of Charlie Kirk; Political experts warn of civil unrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.