വാഷിങ്ടൺ: ഇന്ത്യ - പാകിസ്താൻ ഏറ്റുമുട്ടൽ അവസാനിപ്പിച്ചതിൽ അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ ഇടപെടലാണ് ഇന്ത്യ-പാക് സംഘർഷം കൈവിട്ടുപോകാതെ കാത്തതെന്ന് ട്രംപ് ആവർത്തിച്ചു. ഒരു ആണവസംഘർഷമാണ് അമേരിക്ക ഒഴിവാക്കിയതെന്നും ഇല്ലെങ്കിൽ ദശലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെടുന്ന മാരക ആണവയുദ്ധമായി അതു മാറുമായിരുന്നെന്നും ട്രംപ് പറഞ്ഞു. പ്രതിസന്ധി നല്ല രീതിയിൽ കൈകാര്യം ചെയ്ത ഇരുരാജ്യങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
ഇന്ത്യയും പാകിസ്താനും ശക്തവും അചഞ്ചലവുമായ രാജ്യങ്ങളാണ്. അതിനൊപ്പം സന്ദർഭത്തിന് ഗൗരവം മനസ്സിലാക്കാനുള്ള വിവേകവും ഉൾക്കരുത്തും അവർക്കുണ്ടെന്ന് ട്രംപ് ശ്ലാഘിച്ചു. ഇരു രാജ്യങ്ങളുടെയും തീരുമാനത്തെ സ്വാധീനിച്ചത് വ്യാപാരതാൽപര്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. നമ്മൾ പറഞ്ഞു: ‘‘വരൂ ചങ്ങാതിമാരേ, ഞങ്ങൾക്ക് നിങ്ങളുമായി കുറേ വ്യാപാരം ചെയ്യാനുണ്ട്. നമുക്ക് ഈ സംഘർഷം നിർത്താം, നമുക്ക് നിർത്താം. നിങ്ങൾ നിർത്തിയാൽ നമുക്ക് വ്യാപാരമാകാം, ഇല്ലെങ്കിൽ ഒരു കച്ചവടത്തിനും നമ്മളില്ല’’. അതോടെ യുദ്ധത്തിനു വിരാമമായി.
യുദ്ധം നിർത്താൻ അവർ തയാറായതിനു പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്. എന്നാൽ, വ്യാപാരം വലിയ കാരണമാണ്. വ്യാപാരത്തെ ആരും ഈ രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവില്ല. ഇന്ത്യയുമായി ഞങ്ങൾ വ്യാപാര ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. പാകിസ്താനുമായി ഉടൻ ചർച്ച ആരംഭിക്കും -ട്രംപ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.