ആണവ കേന്ദ്രങ്ങളുടെ സാറ്റ്‌ലൈറ്റ് ചിത്രം 

ഇറാനെ ആക്രമിച്ച് അമേരിക്ക; ആക്രമണം നടത്തിയത് ആണവ കേന്ദ്രങ്ങളിൽ

തെഹ്‌റാൻ: ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അമേരിക്ക. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് എക്‌സിലൂടെ ഈ വിവരം പങ്കുവെച്ചത്. ഫോർദോ, നതാൻസ്, ഇസ്ഹാൻ എന്നീ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്കയുടെ ആക്രമണം.

ആക്രമണം പൂർത്തിയാക്കി അമേരിക്കൻ വിമാനങ്ങൾ മടങ്ങിയെന്നും ട്രംപ് പറഞ്ഞു. ഇറാൻ-ഇസ്രായേൽ സംഘർഷം തുടങ്ങി പത്താം നാളാണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തുന്നത്. ഇറാന്റെ ഭാഗത്ത് എത്രത്തോളം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമല്ല. ഉഗ്ര പ്രഹര ശേഷിയുള്ള യു.എസ് വ്യോമസേന ബി.2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ചാണ് അമേരിക്ക ഇറാനെ ആക്രമിച്ചത്. 

യു.എസ് ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാനും അറിയിച്ചു. മിഡിൽ ഈസ്റ്റിലെ സൈനികതാവളങ്ങൾ ആക്രമിക്കുമെന്ന സൂചന ഇറാൻ നൽകി. 

ഇറാനെ ആക്രമിച്ചുകൊണ്ട് പശ്ചിമേഷ്യയെ വലിയ യുദ്ധത്തിലേക്ക് തള്ളിയിട്ടതിന് പിന്നാലെ 'ഇനി സമാധാനത്തിന്‍റെ സമയ'മെന്നാണ് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ട്രംപ് ഇറാനെ യു.എസ് ആക്രമിച്ചത് പ്രഖ്യാപിച്ചത്.

'ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയടക്കം ഇറാന്‍റെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക വിജയകരമായ ആക്രമണം പൂർത്തിയാക്കിയിരിക്കുന്നു. എല്ലാ യുദ്ധവിമാനങ്ങളും ഇപ്പോൾ ഇറാൻ വ്യോമമേഖലക്ക് പുറത്താണ്. പ്രധാന ആണവ മേഖലയായ ഫോർഡോയിൽ വൻതോതിൽ ബോംബുകളാണ് വിക്ഷേപിച്ചത്. എല്ലാ വിമാനങ്ങളും സുരക്ഷിതമായി തിരികെ മടങ്ങുകയാണ്. അമേരിക്കൻ പോരാളികളെ അഭിനന്ദിക്കുന്നു. ലോകത്തെ മറ്റൊരു സൈനികശക്തിക്കും ഇത് ചെയ്യാൻ സാധ്യമല്ല. ഇനി സമാധാനത്തിന്‍റെ സമയമാണ്. ഈ വിഷയത്തിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചതിന് നന്ദി' -ട്രംപ് പോസ്റ്റിൽ പറഞ്ഞു. 

ഇസ്രായേലിന് സൈനിക സഹായം നൽകുന്ന ഏതൊരു രാജ്യത്തെയും ലക്ഷ്യമിടുമെന്ന് ഇറാൻ സൈന്യം പ്രസ്താവിച്ചു. 'ഇസ്രയേലിലേക്ക് കപ്പൽ വഴിയോ വിമാനം വഴിയോ സൈനിക സഹായം അയയ്ക്കുന്ന ഏതൊരു രാജ്യത്തെയും ഇറാനെതിരായ ആക്രമണത്തിൽ പങ്കാളികളായി കണക്കാക്കുകയും ഇറാൻ സൈന്യത്തിന്‍റെ ലക്ഷ്യമായി മാറുകയും ചെയ്യും' -സൈനിക വക്താവ് സമൂഹമാധ്യമങ്ങളിൽ നൽകിയ സന്ദേശത്തിൽ പറഞ്ഞു. 

ഇറാൻ ആണവകേന്ദ്രങ്ങളിലെ യു.എസ് ആക്രമണം ചരിത്രം മാറ്റുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ ​നെതന്യാഹു. ആക്രമണം നടത്തിയതിന് ട്രംപിനെ അഭിനന്ദിച്ച നെതന്യാഹു കൃത്യമായ സമയത്താണ് ആക്രമണം നടത്തിയതെന്നും പറഞ്ഞു. ഓപ്പറേഷൻ റൈസിങ് ലയണിന്റെ ഭാഗമായി വലിയ കാര്യങ്ങളാണ് ഇസ്രായേൽ ചെയ്തത്. എന്നാൽ, ഇന്ന് രാത്രി നടത്തിയ ആക്രമണത്തിലൂടെ ആർക്കും മറികടക്കാനാവാത്ത കാര്യങ്ങളാണ് യു.എസ് ചെയ്തത്. ട്രംപിന്റെ നടപടി പശ്ചിമേഷ്യയെ അഭിവൃദ്ധിയിലേക്കും സമാധാനത്തിലേക്കും നയിക്കും -നെതന്യാഹു പറഞ്ഞു.

2025-06-22 11:29 IST

ഇസ്രായേലിലെ തെൽ അവിവിലും ഹൈഫയിലും ഇറാന്‍റെ കനത്ത മിസൈൽ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ

2025-06-22 10:39 IST

ഇസ്രായേൽ തുറമുഖ നഗരമായ ഹൈഫയിൽ ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ പതിച്ചു. ആക്രമണത്തിന്‍റെ വ്യാപ്തി വെളിവായിട്ടില്ല. അതേസമയം, ആക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ ഹൈഫയിൽ മുഴങ്ങിയില്ല. സംഭവം അന്വേഷിക്കുമെന്ന് ഐ.ഡി.എഫ് പറഞ്ഞു. 

2025-06-22 10:12 IST

ഇറാനിൽ നിന്ന് മിസൈലുകൾ തൊടുക്കുന്നതായി ഇസ്രായേൽ സൈന്യം പറഞ്ഞു. മുന്നറിയിപ്പ് സന്ദേശം ലഭിക്കുന്ന ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും നിർദേശിച്ചു. 

2025-06-22 08:18 IST

ഇറാനെ ആക്രമിച്ച ട്രംപിന്‍റെ നടപടി തികച്ചും ഭരണഘടനാവിരുദ്ധമെന്ന് മുതിർന്ന യു.എസ് സെനറ്റർ ബേണി സാൻഡേഴ്സ്

2025-06-22 07:46 IST

ബോംബ് പതിച്ചത് ഫോർദോ ആണവ പ്ലാന്റിന്റെ കവാടത്തിലെന്നും റേഡിയേഷൻ ഇല്ലെന്നും ജീവനക്കാർ സുരക്ഷിതരെന്നും ഇറാന്‍. 

Tags:    
News Summary - America attacked Iran; attack was carried out on nuclear facilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.