ന്യൂയോർക്ക്: 111 വർഷങ്ങൾക്ക് മുമ്പ് അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിൽ തകർന്നു വീണ ടൈറ്റാനിക്കിനെ സംബന്ധിച്ച ശാസ്ത്രീയ പര്യവേഷണങ്ങൾക്ക് വിരാമം. മുൻകൂട്ടി തീരമോനിച്ച എല്ലാ പര്യവേഷണ പദ്ധതികളും റദ്ദാക്കിയതായി പര്യവേഷകരുടെ ക്ലബ് അറിയിച്ചു.
ഒരിക്കലും മുങ്ങില്ലെന്ന വാഗ്ദാനവുമായി നീറ്റിലിറങ്ങിയ ആഡംഭര കപ്പൽ ടൈറ്റാനിക് 1912 ഏപ്രിൽ 15നാണ് മഞ്ഞുമലയിലിടിച്ച് മുങ്ങിയത്. കപ്പലിലെ 2,224 യാത്രക്കാരിൽ 1500 ഓളം പേർ മരിച്ചു. ടൈറ്റാനിക് സിനിമ ഇറങ്ങി അത് ജനപ്രിയമായതോടത്‍യാണ് ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള യാത്രകളും ആരംഭിച്ചത്. പലരും അറ്റ്ലാന്റിക്കിൽ ടൈറ്റാനിക്കിനെ അന്വേഷിച്ചു.
അത്തരത്തിൽ അന്വേഷിച്ചുപോയ ഓഷ്യൻഗേറ്റിന്റെ ടൈറ്റാൻ എന്ന പേടകം കടലാഴങ്ങളിൽ പൊട്ടിത്തെറിച്ച് യാത്രികർ കൊല്ലപ്പെട്ടതോടെയാണ് ടൈറ്റാനിക്ക് പര്യവേഷണങ്ങൾക്ക് വിരാമമിടുന്നതായി പര്യവേഷക സംഘങ്ങൾ അറിയിച്ചത്.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കടലിൽ നിന്ന് ഉയർത്തി കൊണ്ടുവരുന്നതുൾപ്പെടെയുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് അഞ്ചുപേരടങ്ങിയ പേടകത്തിന് ദുരന്തമുണ്ടായിരിക്കുന്നത്.
അതേതുടർന്ന് ടൈറ്റാനിക് പര്യവേഷണത്തിന് മുൻകൂട്ടി തയാറാക്കിയ എല്ലാ പദ്ധതികളും റദ്ദാക്കിയിരിക്കുന്നുവന്ന് പര്യവേഷണ ക്ലബ്ബുകൾ അറിയിച്ചു. റദ്ദാക്കൽ എത്രകാലത്തേക്കാണെന്ന് വ്യക്തമല്ല. എങ്കിലും അടുത്ത വർഷങ്ങളിലൊന്നും പര്യവേഷണം പുനനാരംഭിക്കില്ലെന്നാണ് വിവരം.
അറ്റ്ലാന്റിക്കിന്റെ അടിത്തട്ടിലേക്ക് ശാസ്ത്രീയ പര്യവേഷണങ്ങളൊന്നും ഇനി പദ്ധതിയിലില്ലെന്നാണ് ക്ലബ് അംഗങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ തയാറാക്കിയ പദ്ധതികൾ റദ്ദാക്കിയിട്ടുണ്ട്. വാണിജ്യ സന്ദർശനങ്ങൾ ഇവിടെ നടക്കാറുണ്ട്. അതിന്റെ കാര്യത്തിൽ വ്യക്തതയില്ലെന്നും ക്ലബ് അറിയിച്ചു.
ന്യൂയോർക്ക് കേന്ദ്രമാക്കിയാണ് ക്ലബ് പ്രവർത്തിക്കുന്നത്. തന്റെ ജീവിതകാലത്തിനിടെ ഇനിയൊരു പര്യവേഷണവും ഉണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് ടൈറ്റാനിക്കിന്റെ നിർമാണക്കമ്പനിയായിരുന്ന വൈറ്റ് സ്റ്റാർ മെമ്മറീസ് ലിമിറ്റഡ് സി.ഇ.ഒ ഡേവിഡ് സ്കോട്ട് ബെഡ്റാഡ് പറഞ്ഞു. ടൈറ്റാനിക്കിനെ സംബന്ധിച്ച് ഭാവിയിൽ ഗവേഷണങ്ങൾ നടക്കാനുള്ള സാധ്യത വളരെ കുറവാണ്. ഈ ദുരന്തത്തെ സംബന്ധിച്ച് അന്വേഷണം വേണം. കൂടുതൽ ശക്തമായ നിയമങ്ങളും നിയന്ത്രണങ്ങളും ആവശ്യമാണ് -അദ്ദേഹം വ്യക്തമാക്കി.
പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെടും മുമ്പ് ടൈറ്റാൻ അയച്ച വിഡിയോ:
2023 ജൂൺ 18നാണ് ഓഷ്യൻ ഗേറ്റിന്റെ പര്യവേഷണ പേടകം ടൈറ്റാൻ അറ്റ്ലാന്റിക്കിന്റെ 12,500 അടി താഴ്ചയിൽ കിടക്കുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടി യാത്ര പുറപ്പെട്ടത്. ഓഷ്യൻ ഗേറ്റ് സ്ഥാപകനും സി.ഇ.ഒയുമായ സ്റ്റോക്ടൺ റഷ് (61), ബ്രിട്ടീഷുകാരനായ ശതകോടീശ്വരൻ ഹാമിഷ് ഹാർഡിങ് (58), പേടകത്തിന്റെ ക്യാപ്റ്റനും ടൈറ്റാനിക് പര്യവേഷകനുമായ പോൾ ഹെന്റി നർഗോലെറ്റ് (77), പാക് സ്വദേശിയായ ബിസിനസുകാരൻ ഷഹ്സാദ് ദാവൂദ് (48), മകൻ 19 കാരനായ സുലൈമാൻ എന്നിവരാണ് പേടകത്തിൽ യാത്രികരായി ഉണ്ടായിരുന്നത്.
ഓഷ്യൻഗേറ്റിന്റെ മദർഷിപ്പ് പോളാർ പ്രിൻസുമായുള്ള ബന്ധം നഷ്ടപ്പെടുമ്പോൾ ടൈറ്റാൻ അറ്റ്ലാന്റിക്കിൽ 10,000 അടി താഴെയായിരുന്നു. രണ്ടു മണിക്കൂർ യാത്രയുടെ 1.45 മണിക്കൂർ പിന്നിട്ടു കഴിഞ്ഞപ്പോഴാണ് പോടകുമായുള്ള ബന്ധം നഷ്ടമായത്. പിന്നീട് തെരച്ചിലുകൾക്ക് ഒടുവിൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളിൽ നിന്ന് 1600 അടി അകലെ ടൈറ്റാന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. യാത്രക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തുമെന്ന കാര്യത്തിൽ ഉറപ്പില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.