മഹ്മൂദ് അബ്ബാസ്
റാമല്ല: രണ്ട് പതിറ്റാണ്ടായി നിലച്ചുകിടന്ന ജനാധിപത്യ പ്രക്രിയ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ഫലസ്തീനിൽ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പുറത്തിറക്കിയ പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരം നവംബർ 28ന് വെസ്റ്റ് ബാങ്ക്, ഗസ്സ, കിഴക്കൻ ജറുസലേം എന്നിവിടങ്ങളിൽ ഫലസ്തീൻ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനായി വോട്ട് രേഖപ്പെടുത്തും.
തെരഞ്ഞെടുപ്പ് നിശ്ചയിച്ച പ്രകാരം നടന്നാൽ, 2006ന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായിരിക്കുമിത്. 2006ലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് അബ്ബാസിന്റെ ഫതഹ് പാർട്ടിയെ അട്ടിമറിച്ച് ഹമാസ് അപ്രതീക്ഷിത വിജയം നേടിയിരുന്നു. അതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് വെസ്റ്റ് ബാങ്കിനെയും ഗസ്സയെയും ഭരണപരമായി വിഭജിക്കുന്ന സാഹചര്യവുമുണ്ടായി. 2007 മുതൽ ഫലസ്തീൻ ലെജിസ്ലേറ്റീവ് കൗൺസിൽ പ്രവർത്തനരഹിതമാണ്.
ഫലസ്തീൻ അതോറിറ്റി ഭരണ സംവിധാനത്തിലെ സുതാര്യതയും സ്ഥാപനങ്ങളുടെ ഉത്തരവാദിത്തവും ഉറപ്പാക്കണമെന്ന ആവശ്യം അന്താരാഷ്ട്ര തലത്തിൽ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം. സാമ്പത്തിക സഹായം നൽകുന്ന നിരവധി രാജ്യങ്ങൾ ഭരണപരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന് പ്രത്യേകം ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു.
നിലവിൽ 90 വയസ്സുള്ള മഹ്മൂദ് അബ്ബാസ്, 2005ൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതാണ്. നാല് വർഷത്തെ ഭരണകാലാവധി 2009ൽ അവസാനിച്ചെങ്കിലും പിന്നീട് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. 2021ൽ നിയമസഭാ, പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ നടത്താൻ ശ്രമിച്ചിരുന്നെങ്കിലും, കിഴക്കൻ ജറുസലേമിൽ വോട്ടെടുപ്പ് നടത്താൻ ഇസ്രായേൽ ഉറപ്പ് നൽകിയില്ലെന്ന കാരണത്താൽ ഫലസ്തീൻ നേതൃത്വം തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു.
അതേസമയം, ഈ വർഷം അധീനതയിലുള്ള വെസ്റ്റ് ബാങ്കിലെ ചില പ്രദേശങ്ങളിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾ നടന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ 2027ന്റെ തുടക്കത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പും നടത്തുമെന്ന് അബ്ബാസ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമോയെന്ന കാര്യത്തിൽ അദ്ദേഹം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. അതോടൊപ്പം കഴിഞ്ഞ ദിവസം ഗസ്സയുടെ അധികാരം വിട്ടുനൽകിയ ഹമാസിന്റെ തെരഞ്ഞെടുപ്പിലെ പങ്കാളിത്തം സംബന്ധിച്ചും വ്യക്തതയുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.