സേത്വാലയും കുടുംബവും

അന്ന് വിമാനം കവർന്നത് ജീവിതം, ഇന്ന് നിയമം കവരുന്നത് പ്രതീക്ഷ; അഹ്മദാബാദ് വിമാനാപകടത്തിൽ കുടുംബം നഷ്ടമായ യുവാവിന് രാജ്യം വിടാൻ ഉത്തരവ്

ലണ്ടൻ: കഴിഞ്ഞ വർഷം അഹ്മദാബാദിലുണ്ടായ വിമാനാപകടത്തിൽ ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും നഷ്ടപ്പെട്ട മുഹമ്മദ്‌മിയ സേത്വാല എന്ന 28കാരൻ ഇപ്പോൾ വിസ പ്രതിസന്ധിയിൽപ്പെട്ട് ബ്രിട്ടനിൽ ദുരിതമനുഭവിക്കുകയാണ്. 2025 ജൂൺ 12ന് നടന്ന എയർ ഇന്ത്യ AI-171 ബോയിങ് ഡ്രീംലൈനർ ദുരന്തത്തിൽ സേത്വാലയുടെ ഭാര്യ സാദിഖയും മകൾ ഫാത്തിമയും മരണപ്പെട്ടിരുന്നു. ഈ ദുരന്തം നടന്ന് ഒമ്പത് മാസങ്ങൾ പിന്നിടുമ്പോൾ, സേത്വാലയുടെ വിസ അപേക്ഷ ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് നിരസിച്ചിരിക്കുകയാണ്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പശ്ചാത്തലത്തിൽ നിന്നാണ് സേത്വാലയും സാദിഖയും വഡോദരയിൽ നിന്ന് യു.കെയിലെത്തിയത്. അയൽവാസികൾ പിരിച്ചെടുത്ത തുകയുമായാണ് ഈ ദമ്പതികൾ തങ്ങളുടെ സ്വപ്നങ്ങളുമായി ലണ്ടനിലേക്ക് വിമാനം കയറിയത്. സാദിഖ അവിടെ ജോലി കണ്ടെത്തുകയും സേത്വാലക്ക് കൂടി ജോലി ശരിയാക്കി വരികയുമായിരുന്നു. സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലേക്ക് മടങ്ങിയ സാദിഖയും മകളും സഞ്ചരിച്ച വിമാനമാണ് അപകടത്തിൽപ്പെട്ടത്.

ജോലി ചെയ്തിരുന്ന സ്ഥലത്തുനിന്നും രാജി വെച്ചാണ് അപകടവാർത്ത അറിഞ്ഞയുടൻ സേത്വാല ഇന്ത്യയിലേക്ക് മടങ്ങിയത്. ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങി സംസ്കരിച്ച ശേഷം അദ്ദേഹം ലണ്ടനിലേക്ക് മടങ്ങി. എന്നാൽ തന്റെ വീടിനുള്ളിലെ ഓരോ കോണും പ്രിയപ്പെട്ടവരുടെ ഓർമകൾ നിറഞ്ഞുനിൽക്കുന്നത് സേത്വാലയെ കടുത്ത വിഷാദത്തിലാഴ്ത്തി. ‘ഭാര്യയുടെയും മകളുടെയും ഗന്ധം ആ മുറികളിൽ ഇപ്പോഴുമുണ്ട്. അവരുടെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും കാണുമ്പോൾ എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല’ - സേത്വാല ലണ്ടനിൽ നിന്ന് പറഞ്ഞു.

ജനുവരിയിൽ വിസ കാലാവധി അവസാനിച്ചതിനെ തുടർന്ന് പുതിയ വിസക്കായി അപേക്ഷിച്ചെങ്കിലും അധികൃതർ അത് തള്ളി. 'ബെറീവ്ഡ് സ്പൗസ്' അഥവാ പങ്കാളി മരിച്ചവർക്കുള്ള വിസാ ആനുകൂല്യത്തിന് സേത്വാല അർഹനല്ലെന്നാണ് അധികൃതരുടെ വാദം. വിമാനാപകടം പോലുള്ള അപൂർവ്വ സംഭവങ്ങളിൽ വിസാ ചട്ടങ്ങളിൽ വ്യക്തതയില്ലാത്തത് ഇദ്ദേഹത്തിന് തിരിച്ചടിയായി. ഏപ്രിൽ 22നകം രാജ്യം വിടണമെന്നാണ് നിലവിലെ ഉത്തരവ്.

ഇന്ത്യയിലേക്ക് മടങ്ങുന്നത് തന്റെ മുറിവുകൾ വർധിപ്പിക്കുമെന്നാണ് സേത്വാല ഭയപ്പെടുന്നത്. കടം തന്ന് സഹായിച്ച അയൽവാസികൾക്ക് പണം തിരികെ നൽകണമെന്നും തന്റെ ഭാര്യയുടെ സ്വപ്നം പൂർത്തിയാക്കണമെന്നും ആഗ്രഹമെന്നും സേത്വാല പറഞ്ഞു. നിലവിൽ ബ്രിട്ടനിലെ കോടതിയെ സമീപിച്ച് വിസാ ഉത്തരവ് സ്റ്റേ ചെയ്യാനുള്ള ശ്രമത്തിലാണ് ഇദ്ദേഹത്തിന്റെ അഭിഭാഷകൻ. എയർ ഇന്ത്യ ലണ്ടനിലെ താജ് ഹോട്ടലിൽ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും വിസയില്ലാത്തതിനാൽ അത് സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഈ യുവാവ്.

Tags:    
News Summary - Air India crash victim’s husband faces deportation from UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.