അമൃത് പാൽ സിങ്ങിനെ നിരീക്ഷണത്തിലുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തി നേപ്പാൾ

കാഠ്മണ്ഡു: നേപ്പാളിൽ നിരീക്ഷണത്തിലുള്ളവരുടെ പട്ടികയിൽ ഖലിസ്ഥാൻ വാദി അമൃത്പാൽ സിങ്ങിനെയും ഉൾപ്പെടുത്തി. മൂന്നാമതൊരു രാജ്യത്തേക്ക് രക്ഷപ്പെടാൻ അമൃത്പാലിനെ അനുവദിക്കരുതെന്ന ഇന്ത്യയുടെ ആവശ്യപ്രകാരമാണ് നടപടി. അമൃത്പാൽ നേപ്പാളിലേക്ക് കടന്നുവെന്നാണ് കരുതുന്നത്.

അമൃത്പാൽ സിങ് നേപ്പാളിലേക്ക് കടന്നുവെന്ന് സംശയിക്കുന്നുവെന്ന കുറിപ്പോടെ പാസ്​പോർട്ടിന്റെ കോപ്പി സഹിതം ഇന്ത്യൻ എംബസിയിൽ നിന്ന് അറിയിപ്പ് കിട്ടിയതായി ഇൻഫർമേഷൻ ഓഫീസർ കമൽ പ്രസാദ് പാണ്ഡെ പറഞ്ഞു. വിഘടനവാദിയായ അമൃത് പാൽ സിങ്ങിനെ നിരീക്ഷണത്തിലുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു എംബസി നൽകിയ കുറിപ്പിലെ ആവശ്യം. -പാണ്ഡെ കൂട്ടിച്ചേർത്തു.

അമൃത്പാൽ സിങ് നേപ്പാളിൽ ഒളിവിൽ കഴിയുന്നുവെന്ന് ‘കാഠ്മണ്ഡു പോസ്റ്റ്’ ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്. അമൃത്പാൽ സിങ്ങിനെ മൂന്നാമതൊരു രാജ്യത്തേക്ക് കടക്കാൻ അനുവദിക്കരുതെന്നും ഇന്ത്യൻ പാസ്പോർട്ടോ മറ്റു വ്യാജ പാസ്പോർട്ടോ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചാൽ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു ഇന്ത്യയുടെ ആവശ്യം. അമൃത്പാലിന്റെയും സഹായി പപൽ പ്രീതിന്റെയും പുതിയ ഫോട്ടോ പുറത്തു വന്ന പശ്ചാത്തലത്തിലാണ് നടപടി.

അമൃത്പാൽ സിങ്ങിനെക്കുറിച്ച മറ്റു വിവരങ്ങൾ ഹോട്ടലുകളും വിമാനത്താവളങ്ങളും അടക്കം എല്ലാ ഏജൻസികൾക്കും കൈമാറിയതായും പത്രം റിപ്പോർട്ട് ചെയ്യുന്നു.

വിവിധ പേരുകളിൽ നിരവധി പാസ്പോർട്ടുകൾ കൈവശമുള്ള അമൃത്പാൽ സിങ് മാർച്ച് 18നാണ് പഞ്ചാബ് പൊലീസ് വലയിൽനിന്ന് രക്ഷപ്പെട്ടത്.

അതേമസമയം, അമൃത്പാൽ സിങ്ങിന്‍റെ അടുത്ത സഹായിയും ഗൺമാനുമായ ഫോജി എന്നറിയപ്പെടുന്ന വീരേന്ദ്ര സിങ്ങിനെ അമൃത്സർ പൊലീസ് അറസ്റ്റ് ചെയ്തു. മുൻ സൈനിക ഉദ്യോഗസ്ഥനായ വീരേന്ദ്ര സിങ്ങിനെ അഞ്ചല പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലാണ് അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റുചെയ്ത പ്രതിയെ അസമിലെ ദിബ്രൂഗഡ് ജയിലിലേക്കു മാറ്റി. സിങ്ങിന്‍റെ പിടിയിലായ മറ്റ് കൂട്ടാളികളെയും ഇവിടെയാണ് പാർപ്പിച്ചിരിക്കുന്നത്.

Tags:    
News Summary - After India alert, Nepal puts Amritpal Singh on surveillance list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.