തുറാബിക്ക് ആയിരങ്ങളുടെ യാത്രാമൊഴി

ഖര്‍ത്തൂം: രാജ്യത്തിന്‍െറ മത, രാഷ്ട്രീയ മേഖലകളിലെ അതുല്യ സാന്നിധ്യമായിരുന്ന ഹസന്‍ അത്തുറാബിക്ക് സുഡാന്‍ വിടനല്‍കി. പ്രാദേശിക സമയം രാവിലെ എട്ടു മണിയോടെ തുടങ്ങിയ വിലാപയാത്രയില്‍ ചിത്രങ്ങളുമായി ആയിരങ്ങള്‍ പങ്കെടുത്തു. 84ാം വയസ്സിലും കര്‍മനിരതനായിരുന്ന തുറാബി ഓഫിസില്‍ ജോലിക്കിടയിലാണ് ഹൃദയാഘാതംമൂലം ശനിയാഴ്ച മരിച്ചത്.

വൈസ് പ്രസിഡന്‍റ് ബക്രി ഹസന്‍ സാലിഹും കക്ഷിഭേദമന്യേ പാര്‍ലമെന്‍റംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. എന്നാല്‍, സഹപാഠിയും സുഹൃത്തും നീണ്ടകാലം രാഷ്ട്രീയ എതിരാളിയുമായിരുന്ന പ്രസിഡന്‍റ് ഉമര്‍ അല്‍ബശീര്‍ എത്താതിരുന്നത് ശ്രദ്ധിക്കപ്പെട്ടു. നേരത്തേ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന ഖര്‍ത്തൂമിലെ റോയല്‍ കെയര്‍ ഇന്‍റര്‍നാഷനല്‍ ഹോസ്പിറ്റലില്‍ രണ്ടുതവണ ഉമര്‍ ബശീര്‍ സന്ദര്‍ശനം നടത്തിയിരുന്നു. കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ശനിയാഴ്ച അദ്ദേഹത്തിന്‍െറ വീട്ടിലും ബശീര്‍ എത്തിയിരുന്നു.

1989ല്‍ അട്ടിമറിയിലൂടെ ഉമര്‍ ബശീര്‍ സുഡാന്‍െറ അധികാരത്തിലേറുമ്പോള്‍ തുറാബി അദ്ദേഹത്തിന്‍െറ വിശ്വസ്തനായിരുന്നു. എന്നാല്‍, പിന്നീട് കടുത്ത ഭരണകൂട വിമര്‍ശകനായി. ഇരുവരും പിരിഞ്ഞപ്പോള്‍ തുറാബി സ്വന്തമായി പോപുലര്‍ കോണ്‍ഗ്രസ് പാര്‍ട്ടി രൂപവത്കരിച്ചു. സര്‍ക്കാറിനെതിരെ സമരംചെയ്യാന്‍ അനുയായികളെ നിരന്തരം ആഹ്വാനം ചെയ്തുകൊണ്ടിരുന്നതോടെ പലപ്പോഴായി ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. വംശഹത്യയും യുദ്ധക്കുറ്റങ്ങളും ആരോപിച്ച് അന്താരാഷ്ട്ര കോടതി ഉമര്‍ ബശീറിനെതിരെ 2009ല്‍ വാറന്‍റ് പുറപ്പെടുവിച്ചപ്പോള്‍ തുറാബി അതിനെ അനുകൂലിച്ചു. അതിനും തുറാബി ജയിലിലടക്കപ്പെട്ടു.

അറബിക്ക് പുറമെ ഫ്രഞ്ച്, ഇംഗ്ളീഷ്, ജര്‍മന്‍ ഭാഷകളിലും സംവദിക്കാനുള്ള അദ്ദേഹത്തിന്‍െറ കഴിവ് സുഡാന് പുറത്തും വലിയ അനുയായിസമൂഹത്തെ ഉണ്ടാക്കാന്‍ സഹായിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.