ന്യൂഡൽഹി: ഇന്ത്യയിലെ കർഷക സമരത്തെ പിന്തുണച്ചതിന് ബ്രിട്ടീഷ് നടി ജമീല ജമീലിന് ബലാത്സംഗ ഭീഷണി. സ്വകാര്യ സന്ദേശത്തിലൂടെയാണ് ബലാൽസംഗ ഭീഷണികൾ ലഭിച്ചതെന്ന് താരം ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.
'കുറച്ചു മാസങ്ങളായി ഇന്ത്യയിലെ കർഷകരെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഓരോ സമയത്തും എനിക്ക് ബലാത്സംഗ, വധ ഭീഷണികൾ ലഭിച്ചു കൊണ്ടിരിക്കുന്നു. ഞാനുമൊരു മനുഷ്യസ്ത്രീയാണ് എന്ന് സ്വകാര്യ സന്ദേശങ്ങൾ അയക്കുന്നവർ ഓർക്കണം. അവകാശങ്ങൾക്കായി പൊരുതുന്നവർക്കാണ് എന്‍റെ ഐക്യദാർഢ്യം. കർഷക സമരത്തെക്കുറിച്ച് സംസാരിക്കാൻ പുരുഷന്മാരേയും നിർബന്ധിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. എന്തുകൊണ്ടെന്നാൽ അവർ ഈ തരത്തിൽ ആക്രമിക്കപ്പെടുകയില്ല. ' - അവർ വ്യക്തമാക്കി.
ഇന്ത്യൻ വംശജനായ അലി ജമീലിന്‍റെയും പാക് വംശജ ഷീരീൻ ജമീലിന്റെയും മകളാണ് ജമീല. ടി4 എന്ന പരിപാടിയിലൂടെ ടെലിവിഷൻ ലോകത്തേക്ക് കടന്നു വന്ന അവർ നിരവധി പോപ് പരമ്പരകളുടെ അവതാരകയായിരുന്നു.
നേരത്തെ, കർഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗ്, യു.എസ് വൈസ് പ്രസിഡണ്ട് കമലഹാരിസിന്റെ മരുമകൾ മീന ഹാരിസ് എന്നിവർ രംഗത്തെത്തിയിരുന്നു. ഇവരുടെ ഫോട്ടോകൾ കത്തിച്ചാണ് സർക്കാർ അനുകൂലികൾ ഇതിനോട് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.