ദാരിദ്ര്യവും രോഗവും വരിഞ്ഞു മുറുക്കി അഫ്ഗാൻ; താലിബാൻ ഭരണത്തിലേറിയിട്ട് ഒരു വർഷമാകുന്നു

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ ഭരണം പിടിച്ചെടുത്തിട്ട് ഒരു വർഷമാകുന്നു. താലിബാന്റെ ഭരണത്തിനു ശേഷം രാജ്യം എത്രത്തോളം മാനുഷിക ദുരിതം അനുഭവിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് ​ദക്ഷിണ അഫ്ഗാനിലെ ജീർണിച്ച ആശുപത്രി വാർഡ്. ​കോളറ വ്യാപനത്തെ തുടർന്ന് മറ്റു രോഗികൾക്കു മുന്നിൽ ആശുപത്രി അധികൃതർക്ക് വാതിലടക്കേണ്ടി വന്നു. കോളറ സ്ഥിരീകരിക്കുന്നതിന് മതിയായ സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടു പോലും ആ ദിവസങ്ങളിൽ 550 പേരാണ് ഹെൽമന്ദ് പ്രവിശ്യയിലെ മൂസ ഖാല ജില്ലയിലെ ഈ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.

ശുദ്ധ ജലത്തിന്റെ ദൗർലഭ്യവും മലമൂത്ര വിസർജനത്തിന് മതിയായ സൗകര്യങ്ങളില്ലാത്തതുമാണ് ആളുകളെ രോഗികളാക്കിയത്. വളരെ വിഷമം പിടിച്ച അവസ്ഥയാണിതെന്ന് ആശുപത്രി മേധാവി ഇഹ്സാനുല്ല റോദി പറയുന്നു. മറ്റൊരിക്കൽ പോലും അഫ്ഗാനിസ്താൻ ഇത്തരമൊരു ദാരുണ അവസ്ഥക്ക് സാക്ഷ്യം വഹിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിൽ ഏറ്റവും കൂടുതൽ മാനുഷിക ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിലൊന്നായി അഫ്ഗാൻ മാറിയെന്ന് അടുത്തിടെ ​ഐക്യരാഷ്ട്ര സഭ വിലയിരുത്തിയിരുന്നു.

രോഗത്തിനൊപ്പം ദാരിദ്ര്യമാണ് അഫ്ഗാനിസ്താനെ വലക്കുന്ന മറ്റൊരു ദുരിതം. വരൾച്ചയും റഷ്യയുടെ യുക്രെയ്ൻ അധിനിവേശാനന്തരമുള്ള ഉയർന്ന പണപ്പെരുപ്പവും ജനങ്ങളെ പട്ടിണിയിലേക്ക് തള്ളി വിട്ടു. താലിബാൻ അധികാരത്തിലെത്തിയതു മുതൽ പാചക വാതകം കിട്ടാക്കനിയായിരിക്കുന്നു. പോഷകാഹാരക്കുറവുള്ള ആറു മാസം പ്രായമുള്ള പേരക്കുട്ടിയുമായി ആശുപത്രിവാസത്തിലാ​ണ് താനെന്നും ഒരു സ്ത്രീ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മൂന്നാലു ദിവസമായി ഞങ്ങളാരും ഒന്നും കഴിച്ചിട്ടു പോലുമില്ല. നല്ലൊരു കിടക്ക പോലും ആശുപത്രിയിലില്ലെന്നും മറ്റൊരു സ്ത്രീ സാക്ഷ്യപ്പെടുത്തുന്നു.

2021 ആഗസ്റ്റ് 15നു മുമ്പ് ഇതായിരുന്നില്ല സ്ഥിതിയെന്ന് പലരും പറയാതെ പറയുന്നുണ്ട്. യു.എസ് സൈനിക പിൻമാറ്റത്തിനു പിന്നാലെയാണ് രാജ്യത്ത് താലിബാൻ ഭരണം പിടിച്ചത്. അതോടെ 3.8 കോടിയോളം വരുന്ന ജനങ്ങൾ തീർത്തും അരക്ഷിതാവസ്ഥയിലായി വിദേശ ഫണ്ടുകൾ മരവിപ്പിക്കപ്പെട്ടതോടെ സമ്പദ്‍വ്യവസ്ഥ തകർന്നു. ഇതോടെ പട്ടിണിയും ദുരിതവും തുടർക്കഥയായി.

Tags:    
News Summary - A Year Into Taliban Rule, Misery And Disease Conquer Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.