വാഷിങ്ടൺ/തെഹ്റാൻ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇറാനുമായി ഇന്ന് കരാറിൽ ഒപ്പുവെക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും അവ്യക്തതകൾ ബാക്കി. ആഗോള സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലച്ച യുദ്ധം അവസാനിക്കുമെന്നും ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ധാരണയായതായി ട്രംപ് പറയുന്നു. ഇരുപക്ഷവും സമാധാന ധാരണയിൽ എത്തിയതായും ഞായറാഴ്ച ഇലക്ട്രോണിക് ഒപ്പിടലിന് തയ്യാറെടുക്കുകയാണെന്നും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും വ്യക്തമാക്കി. തുടർന്ന് വരും ആഴ്ചകളിൽ സാങ്കേതിക തലത്തിലുള്ള ചർച്ചകൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇത് ഇറാൻ സ്ഥിരീകരിച്ചിട്ടില്ല. സമയക്രമത്തിലും ഇറാൻ അഭിപ്രായ വ്യത്യാസമുണ്ട്.
ട്രംപിന്റെ പോസ്റ്റിന് മുമ്പ് സംസാരിച്ച ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി, ഒപ്പുവെക്കൽ സമയത്തെക്കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് പറഞ്ഞത്. എന്നാൽ "അത് നാളെയാകില്ല", പക്ഷേ "വരും ദിവസങ്ങളിൽ" സംഭവിക്കാം എന്ന് അദ്ദേഹം പറഞ്ഞതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇറാന്റെ യുറേനിയം ശേഖരത്തിന്റെ നിയന്ത്രണം വാഷിങ്ടൺ ഏറ്റെടുത്ത് നശിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. കരാർ നടപ്പിലാക്കുന്നതിൽ പരാജയപ്പെടുന്നതിനെതിരെ യു.എസ് പ്രസിഡന്റ് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി.
സമാധാന കരാറിൽ എന്തെല്ലാം ഉപാധികളാണ് ഉള്ളത് എന്നത് സംബന്ധിച്ച് ഇതുവരെ ട്രംപ് വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, ഇരുപക്ഷവും കരാറിന്റെ വ്യത്യസ്ത ഘടകങ്ങളെ വ്യത്യസ്ത രീതികളിൽ വിവരിക്കുകയും ചെയ്യുന്നു. ഹുർമുസ് കടലിടുക്കിൽ ടോൾ ഈടാക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇറാൻ വളരെക്കാലമായി ആവശ്യപ്പെടുന്നതും ധാരണാപത്രത്തിലേക്ക് നിർദേശിച്ചതുമാണ് ഇത്. എന്നാൽ അത്തരം വ്യവസ്ഥകളൊന്നും പരാമർശിക്കാതെ കടലിടുക്ക് ഉടൻ തുറക്കണമെന്ന് ട്രംപ് പറയുന്നു.
ഇറാന്റെ മരവിപ്പിച്ച ഫണ്ടുകൾ വിട്ടുകൊടുക്കുന്നത് "കരാറിന്റെ അവിഭാജ്യ ഘടകമാണ്" എന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. എന്നാൽ ഇത് കരാറിന്റെ ആദ്യഘട്ടത്തിലേക്കുള്ള നിബന്ധനയാണോ അടുത്ത ഘട്ടത്തിലേക്കുള്ളതാണോ എന്ന് വ്യക്തമാക്കുന്നില്ല. അതേസമയം സമാധാന ചർച്ച പുരോഗമിക്കുമ്പോഴും ലെബനനിൽ ഇസ്രായേലി സൈനിക ആക്രമണം തുടരുന്നു. ശനിയാഴ്ച വൈകീട്ട് ലെബനന്റെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തി.
ദൈർ അൽ സഹ്‌റാനി പട്ടണത്തിൽ പുലർച്ചെ വ്യോമാക്രമണങ്ങൾ നടന്നു. നബാത്തിയ ജില്ലയിൽ രണ്ട് പേർ കൊല്ലപ്പെട്ടു.ജെസ്സിൻ ജില്ലയിലെ റിഹാൻ എന്ന പട്ടണത്തിന്റെ മേയർ ഇന്ന് രാവിലെ കൊല്ലപ്പെട്ടു. ടയർ നഗരത്തിന് തൊട്ടു തെക്കുള്ള ഒരു സെമിത്തേരിയിൽ ഒരാൾ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.