ന്യൂഡൽഹി: ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേർക്കുണ്ടായ അമേരിക്കൻ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടതിൽ ഇന്ത്യ പ്രതിഷേധം കടുപ്പിക്കുമ്പോൾ, ഹുർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം ലംഘിക്കുന്ന വാണിജ്യ കപ്പലുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന നിലപാടിൽ അമേരിക്ക.
വാണിജ്യ കപ്പലുകൾക്കുനേരെ സൈനിക നടപടികൾ സ്വീകരിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ വ്യക്തമാക്കിയപ്പോൾ, ഹുർമുസ് കടലിടുക്കിലെ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനായി യു.എസ് സൈന്യം നൽകുന്ന നിർദേശങ്ങൾ എല്ലാ വാണിജ്യ കപ്പലുകളും ഉടനടി പാലിക്കണമെന്ന് അദ്ദേഹം ഇന്ത്യയോട് ആവശ്യപ്പെട്ടു. യു.എസ് ഉപരോധം ലംഘിക്കുന്നതും നിയമവിരുദ്ധമായി ഇറാന്റെ എണ്ണ കടത്തുന്നതും ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്കാർ കൊല്ലപ്പെട്ടതിൽ ഡൽഹിയിലെ യു.എസ് നയതന്ത്ര പ്രതിനിധി ജെയ്സൺ മീക്സിനെ രണ്ടുതവണ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്യൻ സന്ദർശനത്തിലുള്ള വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, മാർക്കോ റൂബിയോയെ ഫോണിൽ ബന്ധപ്പെട്ട് പ്രതിഷേധം അറിയിച്ചത്.
ഇക്കാര്യം മന്ത്രി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. അതേസമയം, ഇന്ത്യക്കാർ കൊല്ലപ്പെട്ട കപ്പൽ ആക്രമിച്ചത് ഇറാനാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. എന്നാൽ, ആക്രമണം നടത്തിയത് യു.എസ് തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ്, ഉപരോധം ലംഘിക്കുന്നതും നിയമവിരുദ്ധമായി ഇറാന്റെ എണ്ണ കടത്തുന്നതും ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന മാർക്കോ റൂബിയോയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.