ഇസ്ലാമാബാദ്: അടുത്ത 24 മണിക്കൂറിനുള്ളിൽ യു.എസ്-ഇറാൻ സമാധാന കരാറിൽ അന്തിമതീരുമാനത്തിൽ എത്തുമെന്നും പിന്നാലെ ഇലക്ട്രോണിക് സംവിധാനം വഴി ഒപ്പിടുമെന്നും പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ്.
അടുത്തയാഴ്ച സാങ്കേതിക തല ചർച്ചകൾ നടക്കുമെന്നും ശഹ്ബാസ് എക്സിൽ കുറിച്ചു. ചർച്ചകളിലുടനീളം കാണിച്ച പ്രതിബദ്ധതക്ക് അമേരിക്കക്കും ഇറാനും അദ്ദേഹം നന്ദി അറിയിച്ചു. കൂടാതെ പിന്തുണ നൽകിയ മേഖലയിലെ മറ്റു രാജ്യങ്ങൾക്കും നന്ദി അറിയിച്ചു. "ഈ ചരിത്രപരമായ സമാധാന കരാർ ശാശ്വത സമാധാനത്തിനുള്ള ഒരു ശക്തമായ അടിത്തറയായി മാറുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധ വിരാമത്തിന് വഴിതെളിഞ്ഞു. ഹുർമുസ് കടലിടുക്കിന് സമീപമുള്ള വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ട നിരവധി ഇറാനിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അവകാശപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം. കരാർ ഉടൻ ഒപ്പിടാനുള്ള സാധ്യത 85 ശതമാനമാണെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വെള്ളിയാഴ്ച സർക്കാർ ടെലിവിഷനിലൂടെ ഇക്കാര്യം ശരിവെച്ചു. വരുംദിവസങ്ങളിൽതന്നെ സമാധാന കരാറിൽ ഒപ്പിടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ അടുത്തെത്തിയെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപും ആവർത്തിച്ചു.
ഹുർമുസ് കടലിടുക്ക് സമുദ്ര ഗതാഗതത്തിനായി തുറന്നുകൊടുക്കാനും ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ യു.എസ് വിട്ടുനൽകാനും ധാരണയായിട്ടുണ്ട്. മറുവശത്ത്, ഇറാന്റെ ആണവോർജ സമ്പുഷ്ടീകരണ പദ്ധതികൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള യു.എസ്-ഇസ്രായേൽ നീക്കം പുതിയ കരാറോടെ ഭാഗികമായെങ്കിലും നടപ്പായേക്കും. ഇക്കാര്യത്തിൽ ഇറാൻ വഴങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
കരാർ യാഥാർഥ്യമാകുന്നതോടെ ഹുർമുസിലെ നിയന്ത്രണങ്ങൾ ഇറാൻ നീക്കും. ഇതോടെ, ആഗോള എണ്ണ പ്രതിസന്ധിക്ക് പരിഹാരമാകും. സമാധാന കരാർ ഗൾഫ് രാജ്യങ്ങൾക്കും ആശ്വാസമാകും. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ യുറേനിയം സമ്പുഷ്ടീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ ഇടക്കാല കരാർ ഒപ്പിട്ടതിന് ശേഷം നടക്കും. വെള്ളിയാഴ്ച പുലർച്ചെ ഇറാനിൽ ശക്തമായ ആക്രമണം നടത്തുമെന്നായിരുന്നു കഴിഞ്ഞദിവസം ട്രംപ് പറഞ്ഞിരുന്നത്. എന്നാൽ, സമാധാന കരാറിലേക്ക് അടുക്കുന്നതിനാൽ, ആക്രമണം നിർത്തിവെക്കുന്നതായി അവസാന നിമിഷം ട്രംപ് അറിയിച്ചു.
കരാറിന്റെ വലിയൊരു ഭാഗം സംബന്ധിച്ച് അവസാനവട്ട ധാരണയായെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചതോടെയാണ് 105 ദിവസം പിന്നിട്ട യുദ്ധം അവസാനിക്കുന്നതിനുള്ള സാധ്യത തെളിഞ്ഞത്. ആദ്യഘട്ടത്തിൽ 60 ദിവസത്തെ സമ്പൂർണ വെടിനിർത്തലാണുണ്ടാവുക. ഈ ദിവസങ്ങളിൽ അന്തിമ കരാറിന് രൂപം നൽകും. ഏപ്രിൽ എട്ടിന് ഇരു രാജ്യങ്ങളും വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചിരുന്നു. വെടിനിർത്തലിന്റെ ഭാഗമായി, ലബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളും അവസാനിപ്പിക്കണമെന്ന ഇറാന്റെ വ്യവസ്ഥ ഇസ്രായേൽ തുടർച്ചയായി ലംഘിച്ചതാണ് ഇപ്പോഴത്തെ ആക്രമണങ്ങളുടെ പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.