ഗസ്സ സിറ്റി: വ്രതമാസമായ റമദാനിൽ അടിയന്തര വെടിനിർത്തലിന് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കിയിട്ടും നിരപരാധികൾക്കുമേൽ ബോംബുവർഷം തുടർന്ന് ഇസ്രായേൽ. 24 മണിക്കൂറിനിടെ ഗസ്സയിൽ കൊല്ലപ്പെട്ടത് 82 പേരാണ്. 98 പേർക്ക് പരിക്കേറ്റു. ഇതോടെ മൊത്തം സ്ഥിരീകരിക്കപ്പെട്ട മരണം 32,705 ആയി. 75,190 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗസ്സയിൽ ഭക്ഷണവിതരണത്തിനിടെ അഞ്ചു പേർ തിക്കിലും തിരക്കിലും മരിച്ചതായി ഫലസ്തീൻ റെഡ്ക്രസന്റ് അറിയിച്ചു.
ഗസ്സക്കു പുറമെ ലബനാനിലും മറ്റു വിദൂര നഗരങ്ങളിലും ആക്രമണം നടത്തുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ ലബനാനിൽ ശനിയാഴ്ച ഡ്രോൺ ആക്രമണത്തിൽ യു.എൻ വാഹനത്തിലുണ്ടായിരുന്ന മൂന്നു നിരീക്ഷകരടക്കം നാലു പേർ മരിച്ചു. ഇസ്രായേലാണ് പിന്നിലെന്ന് ലബനാൻ സർക്കാർ ആരോപിച്ചു.
അതിനിടെ, വടക്കൻ ഗസ്സയിലേക്ക് അയച്ച സഹായ ട്രക്കുകളിൽ പകുതിയും ഇസ്രായേൽ മുടക്കിയതായി യു.എൻ മനുഷ്യാവകാശ സമിതി അറിയിച്ചു. മാർച്ച് മാസത്തിൽ വടക്കൻ ഗസ്സക്ക് 60 സഹായദൗത്യങ്ങൾ പുറപ്പെട്ടതിൽ 28 എണ്ണം മാത്രമാണ് അനുവദിച്ചത്. തെക്കൻ ഗസ്സയിലേക്ക് 10 ശതമാനവും വിലക്കി. അതിർത്തി കടക്കാൻ ഇസ്രായേൽ സൈന്യം അനുവദിക്കാത്തതാണ് വില്ലനാകുന്നതെന്ന് യു.എൻ അറിയിച്ചു. ഭക്ഷണം, ഇന്ധനം, ചികിത്സാ ഉപകരണങ്ങളും മരുന്നുകളും, വെള്ളം, ശുചീകരണ സംവിധാനങ്ങൾ തുടങ്ങിയവയാണ് ഗസ്സയിലേക്ക് യു.എൻ എത്തിക്കുന്നത്.
മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ബുധനാഴ്ച സെൻട്രൽ ഗസ്സയിൽ രണ്ട് ഫലസ്തീനികളെ വധിച്ച ശേഷം അവരുടെ മൃതദേഹങ്ങൾ ബുൾഡോസറുകൾ ഉപയോഗിച്ച് കുഴിച്ചുമൂടിയതായി ഇസ്രായേൽ സൈന്യം സമ്മതിച്ചു. അൽജസീറ സംഭവത്തിന്റെ വിഡിയോ പുറത്തുവിട്ടിരുന്നു. കീഴടങ്ങുന്നതിന്റെ സൂചനയായ വെള്ള പതാക കൈയിലേന്തി നീങ്ങുന്ന രണ്ടു പേരെയാണ് നിർദയം വെടിവെച്ചുവീഴ്ത്തിയത്. പിന്നീട് ഇവരുടെ മൃതദേഹങ്ങൾ മറ്റൊരിടത്തേക്ക് ബുൾഡോസറിൽ കൊണ്ടുപോയി കുഴിച്ചുമൂടുകയായിരുന്നു.
റാമല്ല: ഗസ്സയിൽ വംശഹത്യക്കിടെ വെസ്റ്റ് ബാങ്കിൽ കൂട്ട അറസ്റ്റും ഭൂമി പിടിച്ചെടുക്കലും തുടർന്ന് ഇസ്രായേൽ. ഒക്ടോബർ ഏഴിനുശേഷം ആയിരങ്ങളെ അറസ്റ്റ് ചെയ്തതിനു പുറമെ ഫലസ്തീനികൾ താമസിച്ചുപോന്ന 27 ചതുരശ്ര കിലോമീറ്റർ (6672 ഏക്കർ) ഭൂമിയും കൈയേറിയതായി കോളനൈസേഷൻ ആൻഡ് വാൾ റസിസ്റ്റൻസ് കമീഷൻ (സി.ഡബ്ല്യു.ആർ.സി) റിപ്പോർട്ട് പറയുന്നു. പുതുതായി 1895 കുടിയേറ്റങ്ങൾക്ക് അനുമതി നൽകിയ ഇസ്രായേൽ ഭരണകൂടം 25 അറബ് കുടുംബങ്ങളെ ആട്ടിപ്പായിച്ചു. വെസ്റ്റ് ബാങ്കിൽ മാത്രം 840 ചെക്പോയന്റുകൾ സ്ഥാപിച്ചു.
7870 പേരെയാണ് അനധികൃതമായി കസ്റ്റഡിയിലെടുത്തത്. ഫലസ്തീനികൾക്കും അവരുടെ ആസ്തികൾക്കുംനേരെ മാസങ്ങൾക്കിടെ 9700 ആക്രമണങ്ങൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.