ഗസ്സയിൽ 81 പേർ കൂടി കൊല്ലപ്പെട്ടു; ഇസ്രായേലിന് ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എൻ പ്രതിനിധി

ഗസ്സ: ഗസ്സയിൽ 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണത്തിൽ 81 പേർ കൊല്ലപ്പെട്ടു. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 35,984 ആയി. 80,643 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ ഗസ്സയിലെ റഫയിൽ കുടുംബത്തിലെ ആറുപേർ കൊല്ലപ്പെട്ടു. റഫയിൽ സൈനിക നടപടി ഉടൻ നിർത്തണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് അവഗണിച്ചാണ് ആക്രമണം.

രാജ്യാന്തര കോടതിയുടെ ഉത്തരവ് മറികടന്നുള്ള ആക്രമണത്തിന്റെ പേരിൽ ഇസ്രായേലിനുമേൽ അന്താരാഷ്ട്ര സമൂഹം ഉപരോധം ഏർപ്പെടുത്തണമെന്ന് ഫലസ്തീൻ മേഖലയിലെ യു.എന്നിന്റെ പ്രത്യേക പ്രതിനിധി ഫ്രാൻസെസ്ക അൽബനീസ് ആവശ്യപ്പെട്ടു. സെൻട്രൽ ഗസ്സയിലെ നുസൈറാത് അഭയാർഥി ക്യാമ്പിൽ ബോംബിട്ട് കുട്ടി ഉൾപ്പെടെ വേറെ ആറുപേരെയും കൊലപ്പെടുത്തി. അതിനിടെ റഫയിലെ കുവൈത്തി ആശുപത്രിയിൽ ഒരു ദിവസം കൂടി പ്രവർത്തിക്കാനുള്ള ഇന്ധനമേ ബാക്കിയുള്ളൂ എന്നും അടിയന്തര ഇടപെടൽ വേണമെന്നും ആശുപത്രി ഡയറക്ടർ ആവശ്യപ്പെട്ടു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തി 12 ഫലസ്തീനികളെ കസ്റ്റഡിയിലെടുത്തു.

ഇസ്രായേൽ സൈനികരെ പിടികൂടിയെന്ന് ഹമാസ്

ഗസ്സ: ജബാലിയയിൽ നിരവധി ഇസ്രായേൽ സൈനികരെ പിടികൂടി തടവിലാക്കിയെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ അവകാശപ്പെട്ടു. നിരവധി സൈനികരെ തുരങ്കങ്ങളിലേക്ക് ആകർഷിച്ച് വധിക്കുകയും പരിക്കേൽപിക്കുകയും പിടികൂടുകയും ചെയ്തെന്നാണ് അവകാശവാദം. എന്നാൽ, ഇസ്രായേൽ സൈന്യം ഇത് നിഷേധിച്ചിട്ടുണ്ട്.

ജബാലിയയിൽ മോർട്ടാർ ആക്രമണത്തിലൂടെ ഇസ്രായേൽ സൈന്യത്തിന് കനത്ത നാശം വരുത്തിയെന്നും ടാങ്കറുകൾ നശിപ്പിച്ചതായും ഹമാസ് അവകാശപ്പെട്ടു. ഇസ്രായേലുമായി പുതിയ മധ്യസ്ഥ ശ്രമം നടത്തിയിട്ട് കാര്യമില്ലെന്ന് ഹമാസ് നേതാവ് ഉസാമ ഹംദാൻ പറഞ്ഞു. അത്തരം സംസാരങ്ങൾ സൈന്യത്തിന് അക്രമം നടത്താൻ കൂടുതൽ സാവകാശം നൽകുന്നതിന് മാത്രമേ ഉപകരിക്കൂ. ചർച്ചയുമായി ബന്ധപ്പെട്ട ഇസ്രായേലിന്റെ സമീപനം ആത്മാർഥമല്ലെന്ന് ഉസാമ ഹംദാൻ കൂട്ടിച്ചേർത്തു. അതിനിടെ ഹമാസിന്റെ സൈനിക ശേഷിയിൽ 70 ശതമാനം ഉപയോഗിക്കാൻ ബാക്കിയാണെന്ന് ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജ്വേറ്റ് സ്റ്റഡീസിലെ പ്രഫ. മുഹമ്മദ് അൽ മസ്‍രി പറഞ്ഞു.

30 ശതമനം സൈനിക ശേഷിയേ ഹമാസ് ഉപയോഗിച്ചിട്ടുള്ളൂ. ആയിരക്കണക്കിന് പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യാനും അവർക്ക് നിഷ്പ്രയാസം കഴിയും. തുരങ്ക ശൃംഖലയിൽ ഭൂരിഭാഗവും ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ല. ഇസ്രായേൽ വർഷിച്ചതിൽ പൊട്ടാതെ കിടക്കുന്ന നൂറുകണക്കിന് ബോംബുകൾ ഹമാസ് ഉപയോഗപ്പെടുത്തും. ഹമാസിനെ തകർക്കുമെന്ന ഇസ്രായേൽ പ്രഖ്യാപനം നടക്കില്ലെന്നും അദ്ദേഹം അൽജസീറ ചാനലിനോട് പറഞ്ഞു.

Tags:    
News Summary - 81 more people killed in Gaza; UN representative to impose sanctions on Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.