ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ 24 മണിക്കൂറിനിടെ 70 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഇതിൽ 18 പേർ ഭക്ഷണ വിതരണ കേന്ദ്രത്തിൽ കാത്തുനിന്നവരാണ്. 356 പേർക്ക്പരിക്കേറ്റു. ഇതോടെ ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 62,192 ആയി. 1,57,114 പേർക്ക് പരിക്കേറ്റു. രണ്ടുപേർ കൂടി പട്ടിണി കാരണം മരിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ഗസ്സയിലെ പട്ടിണിമരണം 112 കുട്ടികൾ ഉൾപ്പെടെ 271 ആയി.
ഈജിപ്തും ഖത്തറും പുതിയ വെടിനിർത്തൽ നിർദേശം മുന്നോട്ടുവെച്ചത് ഹമാസ് അംഗീകരിച്ചെങ്കിലും ചർച്ചകൾക്കായി ഇപ്പോൾ പ്രതിനിധിസംഘത്തെ അയക്കുന്നില്ലെന്ന് ഇസ്രായേൽ നിലപാടെടുത്തതോടെ സമാധാനശ്രമങ്ങൾ പ്രതിസന്ധിയിലായി. ഗസ്സ സിറ്റിയിൽനിന്ന് തെക്കൻ ഗസ്സയിലേക്ക് ആളുകളെ ആട്ടിപ്പായിക്കാനായി ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഉപരോധം കാരണം കടുത്ത പട്ടിണിയും നേരിടുന്നു.
അതിനിടെ, യുദ്ധം അവസാനിപ്പിച്ച് ബന്ദികളെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ പ്രക്ഷോഭം ശക്തമാണ്. കഴിഞ്ഞ ശനിയാഴ്ച പൊതുപണിമുടക്കും അഞ്ചുലക്ഷം പേരുടെ റാലിയും നടന്നു. വിവിധ നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
ഇപ്പോഴും പ്രതിഷേധ പരിപാടികൾ തുടരുകയാണ്. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഓഫിസിലേക്കും മാർച്ച് നടന്നു. ബന്ദികളുടെ ബന്ധുക്കളും മനുഷ്യാവകാശ കൂട്ടായ്മകളും ചേർന്ന് അടുത്തദിവസം കൂറ്റൻ പ്രകടനം ആസൂത്രണം ചെയ്തിട്ടുണ്ട്. ഹമാസിനെ പൂർണമായി കീഴ്പ്പെടുത്താതെ ഗസ്സ ദൗത്യം അവസാനിപ്പിക്കില്ലെന്നാണ് ഇസ്രായേൽ ഭരണകൂടം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.