തെൽ അവീവ്: ഹമാസുമായി ഇനി യുദ്ധം വേണ്ടെന്നും നിലവിലുള്ള വെടിനിർത്തൽ കരാറുമായി മുന്നോട്ട് പോകണമെന്നും ഭൂരിപക്ഷം ഇസ്രായേലികളും. കാൻ പബ്ലിക് ബ്രോഡ്കാസ്റ്റർ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്.
യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള കരാറുമായി മുന്നോട്ട് പോകണോ അതോ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് പോകണോയെന്ന ചോദ്യമാണ് ഇസ്രായേലിലെ ജനങ്ങൾക്ക് മുന്നിൽ കാൻ ഉന്നയിച്ചത്. ഇതിൽ 61 ശതമാനം പേരും യുദ്ധം വീണ്ടും തുടങ്ങുന്നതിനെ അനുകൂലിച്ചില്ല. ഹമാസുമായുള്ള സമാധാനകരാറുമായി മുന്നോട്ട് പോകണമെന്ന് ഇവർ ആവശ്യപ്പെട്ടു.18 ശതമാനം ആളുകൾ മാത്രമാണ് ഇസ്രായേൽ യുദ്ധത്തിലേക്ക് തിരികെ പോകണമെന്ന് ആവശ്യപ്പെട്ടത്. 21 ശതമാനം പേർ തങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു കൃത്യമായ ഉത്തരം പറയാനാവുന്നില്ലെന്ന് അറിയിച്ചു.
ശനിയാഴ്ച മോചിപ്പിക്കുന്ന മൂന്ന് ഇസ്രായേലി ബന്ദികളുടെ പേരുകൾ ഹമാസ് പുറത്തുവിട്ടിരുന്നു. ബന്ദികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. പട്ടിക തങ്ങൾക്ക് സ്വീകാര്യമാണെന്നും പേരുകൾ പുറത്തുവിടുന്നതിന് ബന്ദികളുടെ കുടുംബം അനുമതി നൽകിയിട്ടുണ്ടെന്നും ഇസ്രായേൽ വ്യക്തമാക്കി. യെയർ ഹോൺ, അലക്‌സാണ്ടർ ട്രഫാനോവ്, സാഗുയി ഡെകെൽ-ചെൻ എന്നിവരെയാണ് ഇന്ന് മോചിപ്പിക്കുക.
മൂന്ന് ബന്ദികൾക്ക് പകരമായി 369 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയക്കും. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 36 തടവുകാരെയും ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ കസ്റ്റഡിയിലെടുത്ത 333 ഫലസ്തീനികളെയുമാണ് വിട്ടയക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.