ഗസ്സ സിറ്റി: ഗസ്സയിലെ അവസാന പട്ടണവും നാമാവശേഷമാക്കാൻ അവസാനവട്ട നീക്കങ്ങളുമായി ഇസ്രായേൽ. 10 ലക്ഷം ഫലസ്തീനികൾ കഴിയുന്ന ഗസ്സ സിറ്റി വിട്ടുപോകണമെന്നാണ് ഇസ്രായേൽ ഉത്തരവ്. മറ്റിടങ്ങളിൽനിന്ന് ഇതിനകം കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് പേർ തിങ്ങിക്കഴിയുന്ന ചെറു പ്രദേശമായ മവാസിയിലേക്ക് നീങ്ങണമെന്നാണ് നിർദേശം.
ഭക്ഷണത്തിനുള്ള മാർഗങ്ങൾ അടച്ചും ആക്രമണം രൂക്ഷമാക്കിയും ഇതിനകം കൊടുംപട്ടിണിയുടെ നഗരമായി മാറിയ ഗസ്സ സിറ്റിയിൽ ദിവസങ്ങൾക്കിടെ 1100ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. 6000ത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവിടെ കെട്ടിടങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം തുടരുകയാണ്. നഗരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കെട്ടിടമായ സൂസി ടവർ ഇസ്രായേൽ തകർത്തു. താമസക്കാർക്ക് വിട്ടുപോകാൻ 20 മിനിറ്റ് മാത്രം അനുവദിച്ചാണ് 15 നില കെട്ടിടം നാമാവശേഷമാക്കിയത്.
ഗസ്സയിലുടനീളം ഞായറാഴ്ചയും ഇസ്രായേൽ അഴിച്ചുവിട്ട രൂക്ഷമായ ആക്രമണത്തിൽ നിരവധി പേർ കുരുതിക്കിരയായി. സ്കൂൾ, തമ്പുകൾ, വീടുകൾ എന്നിവിടങ്ങളിലായി നടന്ന ബോംബിങ്ങിൽ ഞായറാഴ്ച 21 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ വടക്കൻ ഗസ്സയിൽ ഭക്ഷണ വിതരണ കേന്ദ്രത്തിന് സമീപം കാത്തുനിന്ന 19 പേരടക്കം 56 മരണമാണ് റിപ്പോർട്ട് ചെയ്തത്.
അതിനിടെ, യമനിൽനിന്ന് ഹൂതികൾ തൊടുത്തതെന്ന് കരുതുന്ന ഡ്രോൺ തെക്കൻ ഇസ്രായേലിലെ റാമോൺ വിമാനത്താവളത്തിൽ പതിച്ചു. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വിമാനത്താവളം അടച്ചിടുകയും ചെയ്തു.
വെനീസ്: ഇസ്രായേൽ സമാനതകളില്ലാത്ത ക്രൂരതയുമായി കൊലപ്പെടുത്തിയ ഫലസ്തീനി ബാലിക ഹിന്ദ് റജബിന്റെ കഥ പറയുന്ന ‘ദി വോയ്സ് ഓഫ് ഹിന്ദ് റജബ്’ന് 82ാമത് വെനീസ് ചലച്ചിത്ര മേളയിൽ സിൽവർ ലയൺ പുരസ്കാരം. 2024 ജനുവരി 29ന് കുടുംബത്തോടൊപ്പം പലായനം ചെയ്യവേയാണ് ഹിന്ദും കുടുംബവും സഞ്ചരിച്ച കാറിനുനേരെ ഇസ്രായേലിന്റെ ആക്രമണമുണ്ടായത്.
വെടിവെപ്പിൽ കാറിലുണ്ടായിരുന്ന മറ്റെല്ലാവരും കൊല്ലപ്പെട്ടു. ഹിന്ദ് മാത്രം ജീവനോടെ അവശേഷിച്ചു. ഹിന്ദ് തന്റെ മാതാവിനെ ഫോണിൽ വിളിച്ച് നടത്തിയ സംസാരം ലോകശ്രദ്ധ നേടിയിരുന്നു. ഹിന്ദിനെ രക്ഷപ്പെടുത്താൻ പുറപ്പെട്ട റെഡ് ക്രസന്റിന്റെ ആംബുലൻസിനുനേരെയും ആക്രമണമുണ്ടായി. ആംബുലൻസിലുണ്ടായിരുന്ന രക്ഷാപ്രവർത്തകരും കൊല്ലപ്പെട്ടു.
ആരോരും രക്ഷിക്കാനെത്താതെ പിഞ്ചുകുഞ്ഞ് ഇഞ്ചിഞ്ചായി മരണം വരിക്കുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് ഹിന്ദിന്റെ അടക്കം മൃതദേഹങ്ങൾ കണ്ടെത്താനായത്. ഹിന്ദിന്റെ ഹൃദയഭേദകമായ ഫോൺവിളിയും രക്ഷാപ്രവർത്തകർ അവളോട് സംസാരിക്കുന്നതിന്റെ ഓഡിയോ റെക്കോഡിങ്ങുകളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.