പാരീസ്: തടവറയിൽ കഴിയവെയാണ് ഇക്കുറി ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിയെ തേടി സമാധാന നൊബേൽ പുരസ്കാരം എത്തിയത്. കഴിഞ്ഞ 20 വർഷത്തിൽ ഏറെ കാലവും നർഗീസ് ചെലവഴിച്ചത് ജയിലിലാണ്. തടവറയിൽ നിന്ന് സമാധാന നൊബേൽ പുരസ്കാരം സ്വന്തമാക്കുന്ന അഞ്ചാമത്തെ വ്യക്തിയാണീ 51കാരി. ഇറാനിലെ നിർബന്ധിത ശിരോവസ്ത്രത്തിനും വധശിക്ഷക്കുമെതിരെ പോരാടുകയാണ് ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ നർഗീസ്. ശിറീൻ ഇബാദി സ്ഥാപിച്ച ഹ്യൂമൺ റൈറ്റ്സ് സെൻററിന്റെ വൈസ് പ്രസിഡന്റാണിവർ. 2003ലാണ് ശിറീൻ ഇബാദിക്ക് സമാധാന നൊബേൽ പുരസ്കാരം ലഭിച്ചത്.
നാസി കോൺസെൻട്രേഷൻ ക്യാമ്പിൽ തടവിൽ കഴിയവെയാണ് 1935ൽ മാധ്യമപ്രവർത്തകനും യുദ്ധവിരുദ്ധവാദിയുമായ കാൾ വോൺ ഒസിറ്റ്‌സ്‌കിക്ക് സമാധാന നൊബേൽ ലഭിക്കുന്നത്. ഓസ്ലോയിലെത്തി പുരസ്കാരം ഏറ്റുവാങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിഞ്ഞില്ല. ഈ പുരസ്കാരം നേടുന്ന ആദ്യ ഭരണകൂട വിമർശകനും അദ്ദേഹമായിരുന്നു.
നോർവീജിയൻ നൊബേൽകമ്മിറ്റിയുടെ തീരുമാനത്തിൽ രോഷാകുലനായ അഡോൾഫ് ഹിറ്റ്‌ലർ എല്ലാ ജർമൻ പൗരന്മാരെയും ഏതെങ്കിലും വിഭാഗത്തിൽ നൊബേൽ സ്വീകരിക്കുന്നതിൽ നിന്ന് വിലക്കി.
ഡിപ്ലോമയും സ്വർണ നോബൽ മെഡലും എടുക്കാൻ ഒസിറ്റ്‌സ്‌കിക്ക് കഴിഞ്ഞില്ല. ഒരു ജർമൻ അഭിഭാഷകൻ അദ്ദേഹത്തിന്റെ കുടുംബത്തെ കബളിപ്പിച്ച് സമ്മാനത്തുക പോക്കറ്റിലാക്കുകയായിരുന്നു. 1938ൽ ഒസിറ്റ്‌സ്‌കി തടവറയിൽ കിടന്ന് അന്തരിച്ചു.
ജനാധിപത്യത്തിനെതിരായ സൈന്യത്തിന്റെ അടിച്ചമർത്തലിനെതിരെ പ്രക്ഷോഭം നടത്തി വീട്ടുതടങ്കലിൽ കഴിയവെയാണ് 1991ൽ ഓങ്സാൻ സൂചിക്ക് സമാധാന നൊബേൽ ലഭിക്കുന്നത്. സൂചിയുടെ രണ്ടു മക്കളും ഭർത്താവും ചേർന്നായിരുന്നു പുരസ്കാരം സ്വീകരിച്ചത്. സൂചിയുടെ സാന്നിധ്യം രേഖപ്പെടുത്താൻ വേദിയിൽ ഒരു ഒഴിഞ്ഞ കസേര സ്ഥാപിച്ചു. 2010ൽ സൂചി തടങ്കലിൽ നിന്ന് മോചിതയായി.
2010ൽ ജയിലിൽ കഴിയവെയാണ് ചെനീസ് വിമതനായലിയു സിയാവോബോ സമാധാന നൊബേലിന് അർഹനായത്. അട്ടിമറിക്കുറ്റത്തിന് 11 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു അദ്ദേഹം. സമ്മാനം പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ ലിയു സിയയെ വീട്ടുതടങ്കലിലാക്കുകയും മൂന്ന് സഹോദരന്മാരെ ചൈന വിടുന്നത് തടയുകയും ചെയ്തു. 2017 ജൂലൈയിൽ കരളിന് അർബുദം ബാധിച്ച് 61ാം വയസ്സിൽ ചൈനീസ് ആശുപത്രിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു. അതോടെ, തടവിൽ മരിക്കുന്ന രണ്ടാമത്തെ നോബൽ സമ്മാന ജേതാവായി അദ്ദേഹം.
ബെലറൂസ് മനുഷ്യാവകാശ പ്രവർത്തകനാണ് അലസ് ബിയാലിയാറ്റ്സ്കി. 2021ൽ ജയിൽ ശിക്ഷയനുഭവിക്കുമ്പോഴാണ് ഇദ്ദേഹത്തിന് സമാധാന നൊബേൽ ലഭിച്ചത്. അലക്സാണ്ടർ ലുകാഷെങ്കേയുടെ ഭരണത്തിനെതിരെ പ്രതിഷേധിച്ചതിനാണ് നികുതി വെട്ടിപ്പ് ആരോപിച്ച് ജയിലിലടച്ചത്. അദ്ദേഹത്തിന്റെ ഭാര്യ നതാലിയ പിഞ്ചുകാണ് പുരസ്കാരം സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.