ജനീവ: വിനോദസഞ്ചാര കപ്പൽ കേന്ദ്രീകരിച്ചുണ്ടായ ഹന്താവൈറസ് ബാധയിൽ ആഗോളതലത്തിൽ ജാഗ്രതാനിർദേശം നൽകി ലോകാരോഗ്യ സംഘടന. വരും ആഴ്ചകളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ് മുന്നറിയിപ്പ് നൽകി. എങ്കിലും കോവിഡ്-19 പോലെ ഇതൊരു മഹാമാരിയായി പടരാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച 'എം.വി ഹോണ്ടിയസ്' എന്ന ഡച്ച് കപ്പലിലാണ് വൈറസ് ബാധ ആദ്യം കണ്ടെത്തിയത്. കപ്പലിലെ എട്ട് യാത്രക്കാർക്ക് രോഗം ബാധിച്ചതായും ഇതിൽ മൂന്ന് പേർ മരണപ്പെട്ടതായും സ്ഥിരീകരിച്ചു. കപ്പലിലെ രണ്ട് ഇന്ത്യൻ ജീവനക്കാരുടെ ആരോഗ്യനിലയെക്കുറിച്ച് നിലവിൽ ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല.
രോഗബാധിതരായ യാത്രക്കാർ വിവിധ രാജ്യങ്ങളിലേക്ക് മടങ്ങിയതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. നിലവിൽ അഞ്ച് രാജ്യങ്ങൾ കനത്ത നിരീക്ഷണത്തിലാണ്. നെതർലൻഡ്‌സ്, സിംഗപ്പൂർ,സ്വിറ്റ്‌സർലൻഡ്, സൗത്ത് ആഫ്രിക്ക, അമേരിക്ക എന്നീ രാജ്യങ്ങളാണ് നിരീക്ഷണത്തിലുള്ളത്.
നെതർലൻഡ്‌സിൽ മൂന്ന് പേർ ചികിത്സയിലാണ്. ഒരു വിമാന ജീവനക്കാരിക്കും രോഗം ബാധിച്ചതായി സംശയമുണ്ട്. സിംഗപ്പൂരിൽ രണ്ട് യാത്രക്കാർ നിരീക്ഷണത്തിലാണ്. ഇതിൽ ഒരാൾക്ക് പനിയുടെ ലക്ഷണങ്ങളുണ്ട്.
സാധാരണയായി എലികളിൽ നിന്ന് പടരുന്ന ഹന്താവൈറസിനേക്കാൾ അപകടകാരിയായ 'ആൻഡീസ് വൈറസ്' ആണ് ഇവിടെ വില്ലൻ. ഈ വകഭേദം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ ശേഷിയുള്ളതാണ്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ലക്ഷണം കാണിക്കാൻ ആറ് ആഴ്ച വരെ സമയമെടുക്കുമെന്നത് പ്രതിരോധ പ്രവർത്തനങ്ങളെ സങ്കീർണ്ണമാക്കുന്നു.
കപ്പൽ നിലവിൽ സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് നീങ്ങുകയാണ്. യാത്രക്കാരെ കാബിനുകളിൽ ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയും കപ്പലിൽ തീവ്രമായ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.