ദൈർ അൽബലഹ്: ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 49 പേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിക്ക് പടിഞ്ഞാറ് ശനിയാഴ്ച പുലർച്ച നടത്തിയ ആക്രമണത്തിൽ മൂന്നുനില വീട് തകർന്നു. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുപേർ കൊല്ലപ്പെട്ടു. ശാത്തി അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ മൂന്നുപേരും കൊല്ലപ്പെട്ടു. ഇസ്രായേൽ ബോംബിട്ട് തകർത്ത വീടിന്റെ അവശിഷ്ടങ്ങൾക്കടിയിൽ 30ലധികം പേർ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ സന്നദ്ധ പ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ലെന്ന് ഫലസ്തീൻ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബാസൽ പറഞ്ഞു.
അതിനിടെ, തെക്കൻ ഗസ്സയിൽ ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ ഇസ്രായേൽ സൈനികന് ഗുരുതര പരിക്കേറ്റു. വെസ്റ്റ് ബാങ്കിൽ അധിനിവിഷ്ട കിഴക്കൻ ജറുസലേമിനടുത്തുള്ള അനാട്ട പട്ടണത്തിൽ ഇസ്രായേൽ സൈന്യം ഫലസ്തീനിയെ അറസ്റ്റ് ചെയ്തു. നബ്‍ലുസിനടുത്തുള്ള ബലാത്ത അഭയാർഥി ക്യാമ്പിൽനിന്ന് രണ്ടുപേരെയും അറസ്റ്റുചെയ്തു.
സലേം പട്ടണത്തിൽ പതിനാറുകാരനെ സൈന്യം വെടിവെച്ചുകൊന്നു. ഇസ്രായേൽ ഉപരോധം തുടരുന്ന ഗസ്സയിൽ ഭക്ഷ്യവസ്തുക്കൾ കുറഞ്ഞുവരുകയാണെന്ന് സഹായ സംഘങ്ങൾ മുന്നറിയിപ്പ് നൽകി. വേൾഡ് ഫുഡ് പ്രോഗ്രാമിനെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണെ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. അതിനിടെ, വെടിനിർത്തൽ കരാർ ചർച്ചചെയ്യാൻ ഉന്നത പ്രതിനിധിസംഘത്തെ ഈജിപ്ത് തലസ്ഥാനമായ കൈറോയിലേക്ക് അയക്കുമെന്ന് ഹമാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.