റഷ്യൻ അധിനിവേശം; 4.8 ദശലക്ഷം കുട്ടികളെ യുക്രെയ്നിൽ നിന്ന് നാടുകടത്തിയെന്ന് യു.എൻ

യുണൈറ്റഡ് നേഷൻസ്: യുക്രെയ്നിൽ റഷ്യൻ ആക്രമണം തുടരുന്നതിനിടെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെ കുറിച്ചും, കുട്ടികളുടെ സംരക്ഷണത്തെ കുറിച്ചും അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്രസഭയിലെ ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ന്യൂയോർക്കിൽ നടന്ന സുരക്ഷാ കൗൺസിൽ യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്.

യുദ്ധം ഇപ്പോൾ തന്നെ അവസാനിപ്പിക്കണമെന്ന് യു.എൻ വനിതാ ഏജൻസിയുടെ ഡയറക്ടർ സിമ ബഹൂസ് പറഞ്ഞു. ബലാത്സംഗവും ലൈംഗികാതിക്രമവും കൂടുതലായി കേൾക്കുന്നു. നീതി ഉറപ്പാക്കാൻ ഈ ആരോപണങ്ങൾ സ്വതന്ത്രമായി അന്വേഷിക്കണം. സൈനികരുടെയും കൂലിപ്പടയാളികളുടെയും വൻ സാന്നിധ്യം യുക്രെയ്നിലെ സാധാരണക്കാരുടെ ജീവിതം എത്രത്തോളം അപകടത്തിലാണെന്നതിന്‍റെ തെളിവുകളാണെന്നും ബഹൂസ് പറഞ്ഞു.

അതേസമയം, സുരക്ഷാ കൗൺസിൽ അംഗങ്ങളുടെ ആരോപണങ്ങൾ റ‍ഷ്യ വീണ്ടും തള്ളി. നിരപരാധിത്വത്തിന്‍റെ അർഥത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് യു.എന്നിലെ റഷ്യൻ ഡെപ്യൂട്ടി അംബാസഡർ ദിമിത്രി പോളിയാൻസ്‌കി ആരോപണങ്ങളോട് പ്രതികരിച്ചു. യുക്രെയ്ൻ ജനതയുടെ ഭാവി സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള സൈനിക നടപടികൾ മാത്രമാണ് റഷ്യ നടത്തികൊണ്ടിരിക്കുന്നതെന്ന് സുരക്ഷ കൗൺസിലിൽ റഷ്യ ആവർത്തിച്ചു.

യുദ്ധം എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്നും പട്ടിണികൾ മൂലം കുട്ടികളുടെ നില അപകടത്തിലാണെന്നും യുനിസെഫ് എമർജൻസി പ്രോഗ്രാം ഡയറക്ടർ മാനുവൽ ഫോണ്ടെയ്ൻ മുന്നറിയിപ്പ് നൽകി. 3.2 ദശലക്ഷം കുട്ടികളാണ് അവരുടെ വീടുകളിൽ അവശേഷിക്കുന്നത്. ഇതിൽ പകുതിയോളം പേർക്ക് വേണ്ടത്ര ഭക്ഷണം ലഭിക്കാത്ത അവസ്ഥയാണ്. മരിയുപോൾ, കെർസൺ തുടങ്ങിയ നഗരങ്ങളിൽ സ്ഥിതി കൂടുതൽ മോശമാണ്. അവിടെ കുട്ടികളും അവരുടെ കുടുംബങ്ങളും ആഴ്ചകളായി വെള്ളം, ശുചിത്വ സേവനങ്ങൾ, പതിവ് ഭക്ഷണ വിതരണം, വൈദ്യസഹായം എന്നിവ ലഭിക്കാതെ കഷ്ടപ്പെടുകയാണെന്നും ഫോണ്ടെയ്ൻ പറഞ്ഞു.

യുക്രെയ്നിലെ 7.5 ദശലക്ഷം കുട്ടികളിൽ മൂന്നിൽ രണ്ട് ഭാഗവും നാടുകടത്തപ്പെട്ടെന്ന് ഫോണ്ടെയ്ൻ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. ആകെ 4.8 ദശലക്ഷം കുട്ടികളിൽ 2.8 ദശലക്ഷം രാജ്യത്തിനകത്തും മറ്റ് രണ്ട് ദശലക്ഷം പേർ യുക്രെയ്ന് പുറത്തേക്കും നാടുകടത്തപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ആറാഴ്ചക്കുള്ളിൽ ഇത്രയും ഭീമമായ കണക്ക് തികച്ചും ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുക്രെയ്നിലെ 1,20,000ത്തിലധികം കുട്ടികളെ ദത്ത് നൽകാനായി റഷ്യയിൽ എത്തിച്ചതായി യു.എന്നിലെ യുക്രെയ്ൻ അംബാസഡർ സെർജി കിസ്ലിറ്റ്‌സ ആരോപിച്ചു. എന്നാൽ ഇത്തരം ആരോപണങ്ങൾക്ക് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും യുനിസെഫ് ഇക്കാര്യം അന്വേഷിക്കുമെന്നും ഫോണ്ടെയ്ൻ പറഞ്ഞു.

യുക്രെയ്നിലെ നിരവധി കുട്ടികളുടെ വിദ്യാഭ്യാസത്തെ യുദ്ധം മോശമായി ബാധിച്ചെന്ന് യു.എന്നിലെ നോർവേയുടെ അംബാസഡർ മോന ജുൽ ചൂണ്ടിക്കാട്ടി. യു.എൻ കണക്കുകൾ പ്രകാരം രാജ്യവ്യാപകമായി വിദ്യാഭ്യാസ സൗകര്യങ്ങൾ അടച്ചുപൂട്ടുന്നത് 5.7 ദശലക്ഷം കുട്ടികളെ ബാധിക്കുമെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. "കുട്ടികൾ നിരപരാധികളാണ്. എപ്പോഴും അവരെ കൊല്ലുന്നത് നിർത്തുക. അവരുടെ ഭാവി നശിപ്പിക്കുന്നത് നിർത്തുക. യുദ്ധം നിർത്തുക -മോന ജുൽ പറഞ്ഞു.

Tags:    
News Summary - 4.8 Million Ukraine Children Displaced Since Russia Invasion: UN Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.