ന്യൂഡൽഹി: അമേരിക്കൻ ആക്രമണത്തിന് മുമ്പ് 10 ആണവായുധങ്ങൾ നിർമിക്കാനാവശ്യമായ 400 കിലോ യുറേനിയം ഇറാൻ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചന. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. 60 ശതമാനം സമ്പുഷ്ടീകരിച്ച രൂപത്തിലാണ് യുറേനിയമുള്ളത്. അണുബോംബുണ്ടാക്കാൻ 90 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയമാണ് വേണ്ടത്.
ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പുതന്നെ യുറേനിയം ശേഖരം മാറ്റിയതായാണ് റിപ്പോർട്ടുകൾ. ആണവകരാർ സംബന്ധിച്ച് അമേരിക്കയുമായി ചർച്ചക്ക് വേദിയൊരുങ്ങിയാൽ ഇറാന് വിലപേശാൻ കരുത്ത് നൽകുന്നതാണ് ഈ ശേഖരം. ആക്രമണത്തിന് മുമ്പുള്ള ഫോർദോ ആണവ പ്ലാന്റിന്റെ ഉപഗ്രഹ ചിത്രങ്ങളിൽ 16 ട്രക്കുകൾ പുറത്ത് കാത്തുകിടക്കുന്നത് കാണാം. എന്നാൽ, ആക്രമണത്തിനുശേഷമുള്ള ഉപഗ്രഹ ചിത്രങ്ങളിൽ ഈ ട്രക്കുകൾ കാണാനില്ല. ഇതാണ് യുറേനിയം ശേഖരം മാറ്റിയെന്ന സംശയം വർധിപ്പിക്കുന്നത്. എന്നാൽ, എന്താണ് ഇവിടെനിന്ന് കൊണ്ടുപോയതെന്നും എവിടേക്കാണ് കൊണ്ടുപോയതെന്നുമുള്ള കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇസ്ഫഹാന് സമീപത്തെ ഭൂഗർഭ കേന്ദ്രത്തിലേക്ക് യുറേനിയം മാറ്റിയതായാണ് അമേരിക്കയും ഇസ്രായേലും കരുതുന്നത്.
തങ്ങളുടെ ആണവപദ്ധതി സമാധാനപരമായ ആവശ്യത്തിനുവേണ്ടിയാണെന്നാണ് ഇറാൻ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, ഇറാൻ ആണവായുധമുണ്ടാക്കാൻ തയാറെടുക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രായേൽ ആക്രമണം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.