ബലൂചിസ്ഥാനിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40 മരണം, നിരവധി പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം. ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ 40 പേർ കൊല്ലപ്പെടുകയും എട്ട് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. ബലൂചിസ്ഥാൻ - ഖൈബർ പഖ്തൂൺഖ്വ അതിർത്തിക്ക് സമീപമുള്ള ഷെറാനി-ഷോബ് ഹൈവേയിലെ ദാനാ സർ എന്ന മലയോര മേഖലയിലാണ് അപകടമുണ്ടായത്. ക്വറ്റയിൽ നിന്ന് തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് വരികയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ചത്.

മെഡിക്കൽ എമർജൻസി റെസ്പോൺസ് സെന്ററിന്റെ കണക്കനുസരിച്ച് അപകടസ്ഥലത്തുനിന്ന് രക്ഷാപ്രവർത്തകർ ഇതുവരെ 40 മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ എട്ട് യാത്രക്കാരെ വിദഗ്‌ധ ചികിത്സയ്ക്കായി ഷോബിലെ ട്രോമ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടുത്തെയും ഷെറാനിയിലുമുള്ള ആശുപത്രികളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആറ് ആംബുലൻസുകൾ, 12 എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർ, 10 ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങൾ എന്നിവയെ അപകടസ്ഥലത്ത് വിന്യസിച്ച് വലിയ രീതിയിലുള്ള രക്ഷാപ്രവർത്തനമാണ് അധികൃതർ നടത്തിയത്. ദുർഘടമായ മലയോര മേഖലയായതിനാൽ രക്ഷാപ്രവർത്തനം ഏറെ സങ്കീർണ്ണമായിരുന്നു.

ബസിൽ അധികം ആളുകൾ ഉണ്ടായിരുന്നുവെന്നും വാഹനം അമിതവേഗതയിലായിരുന്നുവെന്നുമാണ് പ്രാഥമിക വിവരം. ബസിലെ സ്വന്തം യാത്രക്കാർക്ക് പുറമെ, വഴിയിൽ കേടായിക്കിടന്ന മറ്റൊരു ബസിലെ യാത്രക്കാരെക്കൂടി ഇതിൽ കയറ്റിയിരുന്നതാണ് തിരക്ക് വൻതോതിൽ വർധിക്കാൻ കാരണമായത്. 36 യാത്രക്കാരുമായാണ് ബസ് ക്വറ്റയിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ വഴിമധ്യേ മറ്റൊരു ബസിലെ ആളുകളെക്കൂടി കയറ്റിയതോടെ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി. പരിക്കേറ്റവരെ സുരക്ഷിതമായി തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഷെറാനി ഡെപ്യൂട്ടി കമ്മീഷണർ ഹസ്രത്ത് വാലി കക്കർ വ്യക്തമാക്കി.

അപകടവിവരം അറിഞ്ഞയുടൻ ഷെറാനിയിലെ ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും പ്രാദേശിക രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. അയൽ സംസ്ഥാനമായ ഖൈബർ പഖ്തൂൺഖ്വയിൽ നിന്നുള്ള രക്ഷാപ്രവർത്തകരും സംയുക്ത ദൗത്യത്തിൽ പങ്കാളികളായി. അപകടത്തിൽ പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി കടുത്ത ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശിക്കുകയും ചെയ്‌തു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - 40 dead, many injured as bus falls into gorge in Balochistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.