ആയത്തുല്ല ഖാംനഇക്ക് യാത്രാമൊഴിയുമായി ഇറാൻ; സംസ്കാരം വൈകാൻ കാരണമിത്, ഭൗതികദേഹം ഇവിടെയാണ്...

തെഹ്‌റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ മരണശേഷം നാലുമാസത്തിലേറെ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കാനുള്ള ചടങ്ങുകൾക്ക് തുടക്കമായി. ഫെബ്രുവരി 28ന് യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഖാംനഇയുടെ ഭൗതികദേഹം ഇപ്പോൾ തെഹ്‌റാനിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ഇറാന്റെയും ഇറാഖിന്റെയും വിവിധ നഗരങ്ങളിലായി വിപുലമായ രീതിയിൽ നടക്കുന്ന ചടങ്ങുകൾക്ക് വെള്ളിയാഴ്ച തുടക്കമായി.

ഖാംനഇയുടെ മരണശേഷം നാലുമാസം നീണ്ട കാലതാമസം ഇസ്‌ലാമിക ആചാരപ്രകാരം ഏറെ അസാധാരണമാണ്. യു.എസ്-ഇസ്രായേൽ ആക്രമണത്തെത്തുടർന്നുണ്ടായ അതീവ ഗുരുതരവും അസ്ഥിരവുമായ യുദ്ധസാഹചര്യമാണ് സംസ്കാരം വൈകാൻ കാരണമായതെന്ന് ഇറാൻ ഔദ്യോഗിക വൃത്തങ്ങൾ വിശദീകരിക്കുന്നു. മൃതദേഹം താൽക്കാലികമായി മറവുചെയ്തു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും, ഔദ്യോഗിക വൃത്തങ്ങൾ ഇത് നിഷേധിച്ചു.

ഇസ്‌ലാം മതത്തിൽ രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ലേപനം നിഷിദ്ധമായതിനാൽ, മൃതദേഹം ശീതീകരണ സംവിധാനത്തിൽ സൂക്ഷിക്കുകയായിരുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രത്യേക സാഹചര്യങ്ങളിൽ ശിയാ നിയമപ്രകാരം മൃതദേഹം സൂക്ഷിച്ചുവെക്കാൻ അനുവാദമുണ്ടെന്നും, പരമോന്നത നേതാവായതിനാൽ ഇതിനായുള്ള ക്ലറിക്കൽ ഇളവ് ലഭിക്കാൻ പ്രയാസമില്ലെന്നും വിദഗ്ധർ ചൂണ്ടികാണിക്കുന്നു.

ശനിയാഴ്ച നടക്കുന്ന സംസ്കാര ചടങ്ങുകളിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെഹ്‌റാനിലെ ഗ്രാന്റ് മൊസല്ലയിൽ മൂന്നുദിവസത്തെ പൊതുദർശനത്തിന് ശേഷം, ഇറാഖിലെ നജഫ്, കർബല നഗരങ്ങളിലെ ചടങ്ങുകൾക്ക് ശേഷം ജൂലൈ ഒമ്പതിന് ഖാംനഇയുടെ ജന്മനാടായ മഷദിലെ ഇമാം റസയുടെ ആരാധനാലയത്തിൽ വെച്ചായിരിക്കും ഖബറടക്കം.


പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഉൾപ്പെടെയുള്ള വിദേശ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്‌നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ചടങ്ങിൽ സംബന്ധിക്കും. ചൈന, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ പ്രതിനിധികളെ അയക്കുന്നുണ്ട്.

രാജ്യത്തെ ഭരണകൂടം ഈ സംസ്കാര ചടങ്ങിനെ കേവലം ഒരു മരണാനന്തര ചടങ്ങായിട്ടല്ല, മറിച്ച് ഇസ്‌ലാമിക് റിപ്പബ്ലിക്കോടുള്ള ജനങ്ങളുടെ കൂറിന്റെ തെളിവായിട്ടാണ് കാണുന്നത്. ‘മരണപ്പെട്ട നേതാവിന്റെ സംസ്കാര ചടങ്ങിലെ വലിയ ജനപങ്കാളിത്തം ഇസ്‌ലാമിക് റിപ്പബ്ലിക്കിനുള്ള മറ്റൊരു റഫറണ്ടം ആയിരിക്കും’ എന്ന് കോമിലെ പ്രാർഥന നേതാവ് അയത്തുല്ല മുഹമ്മദ് സഈദി പ്രതികരിച്ചു. 15 മുതൽ 20 ദശലക്ഷം വരെ ആളുകളെ പങ്കെടുപ്പിക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതിനായി യാത്ര, ഭക്ഷണം, താമസ സൗകര്യങ്ങൾ ഭരണകൂടം ഒരുക്കുന്നുണ്ട്.

ഖാംനഇയുടെ മരണശേഷം അദ്ദേഹത്തിന്റെ മകൻ മുജ്തബയെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിതാവിനെ കൊലപ്പെടുത്തിയ ആക്രമണത്തിൽ മുജ്തബക്കും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. ജീവനു ഭീഷണിയുള്ളതിനാൽ അദ്ദേഹം സംസ്കാര ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് സൂചന.

ഭരണകൂടം ഐക്യം വിളിച്ചോതുമ്പോഴും തെഹ്‌റാനിലെ അന്തരീക്ഷം ഏറെ പ്രക്ഷുബ്ധമാണ്. സാമ്പത്തിക ഉപരോധവും പണപ്പെരുപ്പവും കാരണം ദുരിതത്തിലായ ജനങ്ങൾ ഭരണകൂടത്തിനെതിരെ കടുത്ത അമർഷത്തിലാണ്.

ഇസ്‌ലാമിക ലോകത്തെ കരുത്തനായ നേതാവായിരുന്ന ഖാംനഇയുടെ മരണം ഇറാനിലെ 47 വർഷത്തെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്. 1979ലെ വിപ്ലവത്തിന്റെ പിതാവായ ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ ചരിത്രപരമായ സംസ്കാര ചടങ്ങുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്നത്തെ തെഹ്‌റാനിൽ അനുഭവപ്പെടുന്ന നിശബ്ദത വലിയ രാഷ്ട്രീയ മാറ്റങ്ങളുടെ സൂചനയായാണ് നിരീക്ഷകർ കാണുന്നത്.

Tags:    
News Summary - Iran Prepares Funeral for Ayatollah Khamenei 4 Months After Death in US-Israel Strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.