ഗസ്സ കൂട്ടക്കുരുതിയിൽ പങ്കെടുത്ത ഇസ്രായേൽ സൈനികരിൽ ആത്മഹത്യ പെരുകുന്നു; രണ്ട് വർഷത്തിനിടെ ജീവനൊടുക്കിയത് 37 സൈനികർ

തെൽഅവീവ്: ഗസ്സയിൽ വിശന്നുവലഞ്ഞ് ഭക്ഷണത്തിന് കൈനീട്ടുന്ന കുഞ്ഞുങ്ങളെയടക്കം കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേൽ സൈനികർക്കിടയിൽ മാനസിക പ്രശ്നങ്ങളും ആത്മഹത്യയും വർധിച്ചുവരുന്നതായി ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്) വെളിപ്പെടുത്തൽ. രണ്ടുവർഷത്തിനിടെ 37 സൈനികർ ജീവനൊടുക്കിയതായാണ് ഐ.ഡി.എഫ് പേഴ്‌സണൽ ഡയറക്ടറേറ്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ അമീർ വാദ്മാനി ഇസ്രായേൽ വിദേശകാര്യ, പ്രതിരോധ കമ്മിറ്റിയുടെ മാനവ വിഭവശേഷി ഉപസമിതി മുമ്പാകെ വ്യക്തമാക്കിയത്. 2024ൽ 21 പേരും 2025ൽ ഇതുവരെ 16 പേരുമാണ് ജീവനൊടുക്കിയത്.

ഗസ്സ യുദ്ധം തുടങ്ങിയ ശേഷമാണ് ഐ.ഡി.എഫ് സൈനികർക്കിടയിൽ -പ്രത്യേകിച്ച് റിസർവ് സൈനികർക്കിടയിൽ- ആത്മഹത്യകൾ വർധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എയർഫോഴ്‌സ് മേജർ അസഫ് ഡാഗന്റെ ആത്മഹത്യ സംബന്ധിച്ച് സഹോദരൻ നേതാ ഡാഗന്റെ വൈകാരികമായ കുറിപ്പ് യോഗത്തിൽ ചർച്ചയായിരുന്നു. “അസഫ് ഡാഗൻ മാനസികാരോഗ്യ വിദഗ്ധനെ കാണണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന് അസഫ് മരിക്കുന്നതിന് ഒരു മാസം മുമ്പ് എന്റെ അമ്മ വ്യോമസേനയിലെ മുതിർന്ന കമാൻഡർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു’ -അദ്ദേഹം പറഞ്ഞു.

ആത്മഹത്യ വർധിച്ചതോടെ സൈന്യത്തിന് പിന്തുണ നൽകാൻ മാനസികാരോഗ്യ വിദഗ്ധരുടെ എണ്ണം വർധിപ്പിക്കുകയും 24 മണിക്കൂറും സഹായം ലഭ്യമാക്കാൻ ഹോട്ട്‌ലൈനുകൾ തുറക്കുകയും ചെയ്തതായി ഐ.ഡി.എഫ് അറിയിച്ചു. അതേസമയം, രാജ്യം സുനാമിയെ നേരിടുന്നതായി ലികുഡ് എം‌കെ കേതി ഷിത്രിത് മുന്നറിയിപ്പ് നൽകി. ‘യുദ്ധക്കളം വിട്ടശേഷവും നമ്മുടെ യുവാക്കളും യുവതികളും വലിയ ഭാരം വഹിക്കുന്നു. പൂർണ്ണ സുതാര്യതയോടെ ഒരു കമ്മിറ്റി രൂപവത്കരിക്കണം’ -അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    
News Summary - 37 deaths since start of 2024: Knesset subcommittee holds special session on suicide rates among IDF soldiers, reservists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.