കെയ്റോ: 3000 വർഷം മുമ്പ് ഭരിച്ചിരുന്ന അമെനിമോപ് എന്ന ഫറവോയുടെ ബ്രേസ്‌ലറ്റ് മോഷ്ടിച്ച് ഉരുക്കിയതിനെതിരെ ഈജിപ്തിൽ പ്രതിഷേധം. കെയ്റോയിലെ പ്രശസ്തമായ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ നിന്നാണ് അമൂല്യമായ പുരാവസ്തു കടത്തിയത്. ഈജിപ്ത് ഭരിച്ച 21-ാം രാജവംശത്തിലെ രാജാവായിരുന്നു അമേനിമോപ്. ലാപിസ് ലാസുലി ബീഡ് കൊണ്ട് അലങ്കരിച്ച സ്വർണ ബ്രേസ്‌ലറ്റ് ഉരുക്കി 3.53 ലക്ഷം രൂപക്കാണ് വിറ്റത്. രണ്ടാഴ്ച മുമ്പ് ഒരു പ്രദർശനത്തിനായി മ്യൂസിയത്തിലെ പുരാവസ്തുക്കൾ തയാറാക്കുമ്പോഴായിരുന്നു സംഭവം.
മ്യൂസിയത്തിലെ ജോലിക്കാരൻ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇറ്റലിയിൽ ഒരു പ്രദർശനത്തിന് തയാറെടുക്കുന്നതിനിടെ മ്യൂസിയത്തിലെ പുനഃസ്ഥാപന ലാബിൽ നിന്നാണ് ബ്രേസ്‌ലറ്റ് മോഷ്ടിക്കപ്പെട്ടത്. മ്യൂസിയത്തിലെ ഒരു പുനഃസ്ഥാപന വിദഗ്ധനാണ് മോഷണത്തിന് പിന്നിലെ പ്രധാന പ്രതി. ലാബിൽ സി.സി.ടി.വി കാമറകളില്ല. ഈജിപ്തിലെ മ്യൂസിയങ്ങളിൽനിന്ന് മുമ്പും പുരാവസ്തുക്കൾ മോഷണം പോയിട്ടുണ്ട്. 3,000 വർഷം പഴക്കമുള്ള പുരാതന ബ്രേസ്‌ലറ്റ് മോഷ്ടിച്ച് ഉരുക്കിവിറ്റ സംഭവം ഈജിപ്തിൽ വലിയ രോഷത്തിന് കാരണമായിട്ടുണ്ട്.
ഈ സംഭവം ഈജിപ്തിന്റെ പുരാതന പൈതൃക സംരക്ഷണത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. മ്യൂസിയങ്ങളിലെ സുരക്ഷ നടപടികൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ഈ സംഭവം ചൂണ്ടികാട്ടുന്നു. ഈജിപ്ഷ്യൻ നിയമപ്രകാരം കള്ളക്കടത്ത് ഉദ്ദേശ്യത്തോടെ പുരാവസ്തുക്കൾ മോഷ്ടിക്കുന്നത് ജീവപര്യന്തം തടവും കനത്ത പിഴയും ലഭിക്കാവുന്ന കുറ്റമാണ്. പൈതൃക വസ്തുക്കൾക്ക് കേടുപാടുകൾ വരുത്തുന്നത് ഏഴ് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.