വാഷിങ്ടൺ: പ്രതിരോധ ഇടപാടിന്‍റെ ഭാഗമായി ഇന്ത്യക്ക് നൽകാനുള്ള അപാഷെ ഹെലികോപ്റ്ററുകൾ വിതരണം ചെയ്യാൻ വൈകുന്ന കാര്യം സൂചിപ്പിക്കാൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തിപരമായി സമീപിച്ചെന്നും ‘സർ’ എന്ന് സംബോധന ചെയ്തെന്നും യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
“ഇന്ത്യ അപാഷെ ഹെലികോപ്റ്റർ ഓർഡർ ചെയ്തിട്ട് അഞ്ച് വർഷം കഴിഞ്ഞിട്ടും അവർക്ക് കിട്ടിയില്ല. പ്രധാനമന്ത്രി മോദി എന്നെ കാണാനെത്തി. സർ, എനിക്ക് താങ്കളെ കാണാനാകുമോ എന്ന് അദ്ദേഹം ചോദിച്ചു. കാണാമെന്ന് ഞാൻ മറുപടി നൽകി” -ട്രംപ് പറഞ്ഞു. ഇന്ത്യ 68 അപാഷെ ഹെലികോപ്റ്ററുകൾക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഇതിന്‍റെ വിശദാംശങ്ങൾ പുറത്തുവിടാൻ യു.എസ് പ്രസിഡന്‍റ് തയാറായില്ല.
തനിക്ക് മോദിയുമായി നല്ല ബന്ധമാണുള്ളതെന്നും എന്നാൽ എന്‍റെ നിലപാടുകളോട് അദ്ദേഹത്തിന് അത്ര സന്തോഷമില്ലെന്നും ട്രംപ് പറഞ്ഞു. “കാരണമെന്താണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഇന്ത്യക്കുമേൽ വലിയ താരിഫാണ് ചുമത്തിയിരിക്കുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് അത്. എന്നാലിപ്പോൾ അത് വലിയ തോതിൽ അവർ കുറച്ചിട്ടുണ്ട്. എന്നിരുന്നാലും താരിഫിലൂടെ നമുക്ക് വലിയ നേട്ടമാണ്. കുറഞ്ഞ കാലയളവിൽ 650 ബില്യൺ ഡോളറാണ് ഇതിലൂടെ യു.എസിന് നേട്ടം” -ട്രംപ് കൂട്ടിച്ചേർത്തു.
നേരത്തെ, ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ വീണ്ടും താരിഫ് ഉയർത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ നടപടിയിൽ താൻ സന്തുഷ്ടനല്ലെന്നും തന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനമാണെന്ന് മോദിക്ക് അറിയാമെന്നും ട്രംപ് ഞായറാഴ്ച പറഞ്ഞു. ഇന്ത്യൻ നിർമിത ഉൽപന്നങ്ങൾക്കുമേൽ 50 ശതമാനം അധിക തീരുവയാണ് യു.എസ് ചുമത്തിയത്. റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിലെ അതൃപ്തി വ്യക്തമാക്കിയാണ് ട്രംപ് ഭരണകൂടം നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.