പാനമയിലെ ഹോട്ടലിൽ പാർപ്പിച്ചിരിക്കുന്ന അനധികൃത കുടിയേറ്റക്കാൻ (റോയിട്ടേഴ്സ് ചിത്രം)

ഇന്ത്യക്കാർ ഉൾപ്പെടെ 300 കുടിയേറ്റക്കാരെ പാനമയിലേക്ക് നാടുകടത്തി യു.എസ്; സ്വന്തം രാജ്യത്തേക്ക് പോകില്ലെന്ന് നിരവധി പേർ

പാനമ സിറ്റി: ട്രംപ് ഭരണകൂടം നാടുകടത്തിയ 300 അനധികൃത കുടിയേറ്റക്കാരിൽ 299 പേർ പാനമയിലെ ഹോട്ടല്‍ താത്കാലിക ഡിറ്റന്‍ഷന്‍ സെന്ററാക്കി അവിടെയാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നുവെന്ന് റിപ്പോർട്ട്. സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കുന്നതുവരെ കുടിയേറ്റക്കാരെ പുറത്തേക്ക് ഇറങ്ങാന്‍ അനുവദിക്കില്ല. ഇവരുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ അമേരിക്ക പിടിച്ചെടുത്തിരുന്നു. ഇന്ത്യ, ഇറാന്‍, നേപ്പാള്‍, അഫ്ഗാനിസ്താന്‍, ശ്രീലങ്ക, പാകിസ്താന്‍, ചൈന തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് പാനമയിലുള്ളത്. ഡിറ്റൻഷൻ സെന്ററിലുണ്ടായിരുന്ന ഒരു ഐറിഷ് പൗരൻ സ്വന്തം രാജ്യത്തേക്ക് മടങ്ങി.

ഇവരില്‍ ചിലരെ അതാത് രാജ്യങ്ങളിലേക്ക് അമേരിക്കയ്ക്ക് നേരിട്ട് അയയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് എല്ലാവരെയും ഒരുമിച്ച് പാനമയിലേക്ക് നാടുകടത്തിയത്. പാനമയിലെ ഡിറ്റന്‍ഷന്‍ സെന്ററില്‍ കഴിയുന്നവര്‍ക്ക് അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോടെ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാനുള്ള അവസരമൊരുക്കി നൽകും. എന്നാല്‍, ഡിറ്റന്‍ഷന്‍ സെന്ററിലുള്ള 40 ശതമാനം ആളുകളും സ്വമേധയാ മടങ്ങിപ്പോകാന്‍ തയാറല്ലാത്തവരാണെന്നാണ് പാനമ അധികൃതര്‍ പറയുന്നത്. സ്വന്തം രാജ്യത്ത് രക്ഷയില്ലെന്നും തങ്ങളെ സഹായിക്കണമെന്നും താമസിക്കുന്ന ഹോട്ടലിന്റെ ജനലുകളില്‍ ഇവര്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.

299ൽ 171 പേർ സ്വന്തം രാജ്യത്തേക്ക് മടങ്ങാമെന്ന് സമ്മതിച്ചിട്ടുണ്ട്. 128 പേർ തിരികെ പോകാനാകില്ലെന്ന നിലപാടിലാണ്. ഇവർക്ക് പുറമെ അമേരിക്കയും പാനമയും തമ്മിലുള്ള ധാരണ പ്രകാരം ഇവര്‍ക്ക് ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കും. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഒരു പാലമായി പ്രവര്‍ത്തിക്കാമെന്ന് പാനമ നേരത്തെ സമ്മതിച്ചിരുന്നു. ചെലവുകള്‍ അമേരിക്ക വഹിക്കുകയും ചെയ്യും. സമാന ധാരണ കോസ്റ്റാറിക്കയുമായും അമേരിക്കക്കുണ്ട്. പാനമയിലേക്ക് എത്തിച്ചതുപോലെ കോസ്റ്റാറിക്കയിലേക്കും യു.എസ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും.

Tags:    
News Summary - 299 deportees from US held in Panama hotel as authorities try to return them to their countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.