മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹവ്വുർ റാണയെ ഇന്ത്യക്ക് കൈമാറുന്നത് വൈകും

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹവ്വുർ റാണയെ യു.എസ് ഇന്ത്യക്ക് കൈമാറുന്നത് വൈകും. മാനുഷിക പരിഗണന മുൻനിർത്തി തന്നെ ഇന്ത്യക്ക് കൈമാറുന്നത് ഏതാനും ആഴ്ചകൾ വൈകിപ്പിക്കണമെന്നഭർഥിച്ച് റാണ ഹരജി നൽകിയ പശ്ചാത്തലത്തിലാണിത്. റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യു.എസ് സുപ്രീംകോടതി അനുമതി നൽകിയിരുന്നു. റാണയെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം കാലിഫോർണിയ കോടതി നേരത്തെ അനുവദിച്ചിരുന്നു. ഇതിനെതിരെ റാണ നൽകിയ അപ്പീൽ തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്. തുടർന്ന് പ്രധാനമന്ത്രി നരേ​ന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് റാണയെ കൈമാറാൻ തീരുമാനിച്ചത്. റാണ നൽകിയ അപ്പീൽ തള്ളിയായിരുന്നു ഉത്തരവ്. എന്നാൽ കൈമാറ്റം വൈകുന്നത് ഇന്ത്യയും യു.എസും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.

ബാല്യകാല സുഹൃത്തും പാക്‌ വംശജനുമായ- അമേരിക്കൻ പൗരൻ ഡേവിഡ്‌ കോൾമാൻ ഹെഡ്‌ലിയുമായി ചേർന്ന്‌ ലഷ്കറെ ത്വയ്യിബക്കു വേണ്ടി മുംബൈ ഭീകരാക്രമണത്തിന്‌ ഗൂഢാലോചന നടത്തിയെന്നാണ്‌ റാണക്കെതിരായ കേസ്. 2011നായിരുന്നു ശിക്ഷ വിധിച്ചത്. 2009 മുതൽ ലൊസാഞ്ചലസിലെ ജയിലിലാണ് റാണ. പാക് വംശജനായ ഇയാൾക്ക് കനേഡിയൻ പൗരനാണ്. നേരത്തേ പാക്സൈന്യത്തിൽ ഡോക്ടറായി സേവനം ചെയ്തിരുന്നു.

2008 നവംബർ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിൽ ആറു യു.എസ് പൗരന്മാർ ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. താജ് ഹോട്ടൽ, ഒബ്‌റോയ് ട്രൈഡൻ്റ് ഹോട്ടൽ, ഛത്രപതി ശിവാജി ടെർമിനസ്, ലിയോപോൾഡ് കഫേ, മുംബൈ ചബാദ് ഹൗസ്, നരിമാൻ ഹൗസ്, മെട്രോ സിനിമ എന്നിവിടങ്ങളിലായിരുന്നു ആക്രമണം ഉണ്ടായത്. കടൽ മാർഗം മുംബൈയിലെത്തിയ 10 ഭീകരർ 60 മണിക്കൂറിലധികമാണ് മുംബൈയെ മുൾമുനയിൽ നിർത്തിയത്. മുംബൈ ഭീകരാക്രമണ കേസിൽ പിടിയിലായ പാക് ഭീകരൻ അജ്മൽ കസബിനെ 2012 നവംബർ 21ന് തൂക്കിലേറ്റിയിരുന്നു.

Tags:    
News Summary - 26/11 Accused Tahawwur Rana's extradition to India to be delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.