യു.എസിലെ ബ്രൗൺ യൂനിവേഴ്സിറ്റിയിൽ വെടിവെപ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ: യു.എസിലെ ബ്രൗൺ യൂനിവേഴ്സിറ്റിയിലുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിദ്യാർഥികൾ അവസാനവർഷ പരീക്ഷക്കായി എത്തുമ്പോഴാണ് വെടിവെപ്പുണ്ടായത്. അതേസമയം, വെടിവെപ്പ് നടത്തിയാളെ ഇതുവരെ പിടികൂടിയിട്ടില്ല.

ഇയാൾക്ക് വേണ്ടി വ്യാപക തിരിച്ചിലാണ് പൊലീസ് നടത്തുന്നത്. ക്യാമ്പസിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും അവർക്ക് ആരേയും കണ്ടെത്താൻ കഴിഞ്ഞില്ല. കടുത്ത വസ്ത്രങ്ങൾ ധരിച്ച പുരുഷനാണ് വെടിവെപ്പ് നടത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് ചീഫ് ടിമോത്തി ഓ ഹാര പറഞ്ഞു. പ്രതിയെ പിടികൂടുന്നത് വരെ സമീപമേഖലകളിലുള്ള ആളുകൾ ജാഗ്രതപാലിക്കണമെന്നും പൊലീസ് മേധാവി നിർദേശിച്ചു.

എൻജിനീയറിങ്, ഫിസിക്സ് ഡിപ്പാർട്ട്മെന്റിലാണ് കഴിഞ്ഞ ദിവസം വെടിവെപ്പുണ്ടായത്. എൻജിനീയറിങ് ഡിസൈൻ പരീക്ഷകൾ പുരോഗമിക്കുന്നതിനിടെയായിരുന്നു വെടിവെപ്പ്. അതേസമയം, വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി പ്രാർഥിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭ്യർഥിച്ചു. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ വെടിവെപ്പിനെ സംബന്ധിച്ച വിവരങ്ങൾ തന്നെ ഉദ്യോഗസ്ഥർ ധരിപ്പിച്ചുവെന്നും എഫ്.ബി.ഐ സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഞെട്ടിക്കുന്ന വാർത്തയാണ് റോഡ് ദ്വീപിൽ നിന്ന് പുറത്ത് വരുന്നതെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പറഞ്ഞു. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. എന്ത് സഹായവും നൽകാൻ എഫ്.ബി.ഐ രംഗത്തുണ്ടെന്നും ജെ.ഡി വാൻസ് പറഞ്ഞു.

Tags:    
News Summary - 2 Killed, 8 Injured In Shooting During Final Exams At Brown University In US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.