ഗസ്സ: ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ ഞെട്ടിക്കുന്ന കണക്കുമായി യു.കെ ആസ്ഥാനമായ സന്നദ്ധസംഘടനയായ ‘സേവ് ദ ചിൽഡ്രൻ’.
പ്രതിദിനം 100 കുട്ടികൾ വധിക്കപ്പെടുന്നതായും ഇതുവരെ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 1500ലധികമാണെന്നും സംഘടന പറയുന്നു. 1524 കുട്ടികളും 1000 സ്ത്രീകളും ഇതുവരെ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയവും അറിയിച്ചു. മൊത്തം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 3785 ആയി.
ഭക്ഷണവും കുടിവെള്ളവുമില്ലാതെ അഭയാർഥി ക്യാമ്പുകളിലെ അവസ്ഥയും ദയനീയമാണ്. അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ കുട്ടികളുടെ കൂട്ടമരണത്തിന് ഗസ്സ സാക്ഷ്യംവഹിക്കേണ്ടിവരുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.
നൂറോളം ട്രക്കുകളാണ് അവശ്യവസ്തുക്കളുമായി റഫ അതിർത്തിയിൽ അനുമതി കാത്തുകിടക്കുന്നത്. തകർന്നുകിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്കുശേഷം ട്രക്കുകൾക്ക് വെള്ളിയാഴ്ച ഗസ്സയിലേക്ക് കടക്കാനാകുമെന്നാണ് കരുതുന്നത്. എന്നാൽ, ആദ്യഘട്ടത്തിൽ 20 എണ്ണത്തിന് മാത്രമാണ് പ്രവേശനാനുമതി. 20 ലക്ഷത്തോളം ജനങ്ങൾക്ക് ഈ സഹായം എങ്ങുമെത്തില്ലെന്ന് റെഡ്ക്രോസും റെഡ്ക്രസന്റും അടക്കമുള്ള സന്നദ്ധസംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.