തണുത്തുറഞ്ഞ വഴികളിലൂടെ നടന്നത് 11 മണിക്കൂർ; ഇന്ത്യൻ കുടുംബത്തിന്റെ മരണം ഉള്ളുലക്കുന്നതെന്ന് കനേഡിയൻ പ്രധാനമന്ത്രി

ടൊറ‍ന്‍റോ: യു.എസ്​-കാനഡ അതിർത്തിയിൽ കൊടുംതണുപ്പിൽ നാല് ഇന്ത്യക്കാർ മരിച്ചത് ഉള്ളുലക്കുന്ന ദാരുണ സംഭവമാണെന്ന്​​ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. മനുഷ്യക്കടത്ത്​ തടയാൻ യു.എസ്​ അധികൃതരുമായി ചേർന്ന്​ സാധ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരിച്ച നാലംഗ കുടുംബം ഗുജറാത്തിൽ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞു. കാനഡയിൽ നിന്ന്​ യു.എസിലേക്ക്​ അനധികൃതമായി കടക്കാൻ ശ്രമിച്ചവരാണ്​ ഇവരെന്ന്​ കരുതുന്നു. പുരുഷൻ, സ്ത്രീ, കൗമാരപ്രായത്തിലുള്ള കുട്ടി, പിഞ്ചുകുഞ്ഞ്​ എന്നിവരുടെ മൃതദേഹമാണ്​ വ്യാഴാഴ്ച തെക്കൻ-മധ്യ മാനിടോബയിലെ എമേഴ്​സൺ പ്രദേശത്ത്​ മാനിടോബ റോയൽ കനേഡിയൻ മൗണ്ടഡ്​ പൊലീസ്​ (ആർ.സി.എം.പി) കണ്ടെത്തിയത്​.

കാനഡയിലെ ഇന്ത്യൻ ഹൈകമീഷണർ അജയ്​ ബിസാരിയയാണ്​ മരിച്ചവർ​ ഗുജറാത്തികളാണെന്ന്​ സ്ഥിരീകരിച്ചത്​. കുടുംബത്തിലെ നാലുപേരാണ്​ മരിച്ചതെന്ന്​ യു.എസ്​ അറ്റോണി ഓഫിസും വ്യക്​തമാക്കി. മരിച്ചവരുടെ പോസ്റ്റ്​മോർട്ടം ജനുവരി 24ന്​ നടത്തുമെന്ന്​ കാനഡ അധികൃതർ അറിയിച്ചു.

ജനുവരി 19ന്​ യു.എസ്​ അധികൃതർ യു.എസ്​/കാനഡ അതിർത്തിയിൽ നിന്ന്​ യാ​ത്ര രേഖകളില്ലാത്ത യു.എസ്​ പൗരനടക്കം ഏഴുപേരെ പിടികൂടിയിരുന്നു. ഇവരിൽ നിന്ന്​ ലഭിച്ച വിവരത്തി​ന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ്​ നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്​. ഇപ്പോൾ കസ്റ്റഡിയിലുള്ളവരിലും ഗുജറാത്തി ഭാഷ സംസാരിക്കുന്നവരുണ്ട്​. ഇവരിൽ രണ്ടുപേരെ കൊടും തണുപ്പേറ്റ അവശതമൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 മണിക്കൂറോളം തണുത്തുറഞ്ഞ സ്ഥലങ്ങളിലൂടെ നടന്നതായി സംഘത്തിലുള്ളവർ പൊലീസിനോട്​ പറഞ്ഞു.

ടൊറന്‍റോയിലെ കോൺസുലേറ്റ്​ ജനറലിൽ നിന്നുള്ള പ്രത്യേകസംഘം മാനിടോബയിലേക്ക്​ പുറപ്പെട്ടിട്ടുണ്ട്​. ഓട്ടവയിലെ കോൺസുലേറ്റും ഹൈകമീഷനും കാനഡ അധികൃതരുമായി ബന്ധപ്പെട്ടു വരികയാണ്​. അതിനിടെ, അനധികൃത മനുഷ്യക്കടത്തിന്​ 47 കാരനായ യു.എസ്​ പൗരൻ സ്റ്റീവ്​ ഷാൻഡിനെതിരെ യു.എസിലെ മിനിസോട ജില്ല കോടതിയിൽ കേസ്​ ഫയൽ ചെയ്തു.

Tags:    
News Summary - 11 hours walk through frozen roads; The Canadian Prime Minister has said that the death of an Indian family is imminent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.