അബൂജ: നൈജീരിയയിലെ സ്വകാര്യ കാത്തലിക് സ്കൂളിൽ നിന്നും തട്ടിക്കൊണ്ടു പോയ വിദ്യാർഥികളിൽ 100 പേരെ വിട്ടയച്ചതായി റിപ്പോർട്ട്. മോചിപ്പിക്കപ്പെട്ട കുട്ടികൾ തലസ്ഥാന നഗരിയായ അബൂജയിൽ എത്തിയിട്ടുണ്ടെന്നും ഇവരെ നൈജർ തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും ഐക്യരാഷ്ട്രസഭ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ മാസമാണ് സ്കൂൾ അതിക്രമിച്ച് കയറിയ തോക്കുധാരികൾ 303 വിദ്യാർഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ട് പോയത്.
100 കുട്ടികളുടെ മോചനം ഉറപ്പാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചർച്ചയിലൂടെയോ സൈനിക നടപടിയിലൂടെയാണോ മോചനം എന്നതിനെക്കുറിച്ചോ തട്ടിക്കൊണ്ടുപോയവരുടെ കൈകളിൽ അവശേഷിക്കുന്ന വിദ്യാർഥികളുടെയും ജീവനക്കാരുടെയും മോചനത്തെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വൈദ്യ പരിശോധനക്ക് അയച്ച വിദ്യാർഥികളെ നടപടി ക്രമങ്ങൾ പൂർത്തിയായതിന് ശേഷം കുടുംബങ്ങൾക്ക് കൈമാറുമെന്ന് അധികൃയർ അറിയിച്ചു. നവംബർ 21നാണ് പാപിരി സമുദായത്തിലെ സെന്റ് മേരീസ് സ്കൂളിൽ നിന്ന് ആയുധധാരികൾ വിദ്യാർഥികളെയും സ്കൂൾ ജീവനക്കാരെയും തട്ടിക്കൊണ്ട് പോയത്. പത്തിനും 18നും ഇടയിലുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് തട്ടിക്കൊണ്ട് പോയതെന്ന് ക്രിസ്റ്റ്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (സി.എ.എൻ) പറഞ്ഞു.
303കുട്ടികളിൽ 50 പേർ തട്ടിക്കൊണ്ട് പോയതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ രക്ഷപ്പെട്ടിരുന്നു. ഇതോടെ ബാക്കി വരുന്ന 153 വിദ്യാർഥികളും 12 അധ്യാപകന്മാരുമാണ് തടവിൽ തുടരുന്നത്. 2014ൽ ചിബോക്ക് പട്ടണത്തിൽ നിന്ന് 270ലധികം വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയതിനുശേഷം നൈജീരിയയിൽ കണ്ട ഏറ്റവും വലിയ തട്ടിക്കൊണ്ടുപോകലാണിത്. 2014 മുതൽ ഏകദേശം 1,400ത്തിലധികം നൈജീരിയൻ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയതായാണ് കണക്കുകൾ.
ദിവസങ്ങൾക്ക് മുമ്പ് അയൽ സംസ്ഥാനമായ കെബിയിലെ മാഗ പട്ടണത്തിലെ ഗവൺമെന്റ് ഗേൾസ് സ്കൂളിൽ നിന്ന് 25 വിദ്യാർഥിനികളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയിരുന്നു. കുറ്റവാളികൾക്കും സായുധ സംഘങ്ങൾക്കും പെട്ടെന്ന് പണം സമ്പാദിക്കാനുള്ള മാർഗമായി മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള കൂട്ടതട്ടിക്കൊണ്ടുപോകലുകൾ രാജ്യത്ത് സാധാരണമാണ്. തട്ടിക്കൊണ്ടുപോകലിന്‍റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.