തെൽഅവീവ്: ഇസ്രായേൽ സുരക്ഷ സേനയെ ഞെട്ടിച്ച് തെൽഅവീവിൽ ജനക്കൂട്ടത്തിനുനേരെ ആക്രമണം. വടക്കൻ തെൽഅവീവിലെ റഅനാനയിൽ തട്ടിയെടുത്ത കാറുകൾ രണ്ടുപേർ ആളുകൾക്കിടയിലേക്ക് ഓടിച്ചുകയറ്റി.
ഒരു സ്ത്രീ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാലുപേരുടെ നില ഗുരുതരമാണ്. അനധികൃതമായി ഇസ്രായേലിൽ കടന്ന വെസ്റ്റ്ബാങ്ക് ഹെബ്രോൺ സ്വദേശികളായ രണ്ടുപേരാണ് സംഭവത്തിനുപിന്നിലെന്നും ഇവരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. രണ്ടിടങ്ങളിൽനിന്ന് തട്ടിയെടുത്ത കാറുകളാണ് ഇവർ ഉപയോഗിച്ചതെന്ന് പറയുന്നു.
രണ്ട് ദിശകളിലേക്ക് പാഞ്ഞ കാറുകൾ ആളുകളെ ഇടിച്ചുതെറിപ്പിച്ച ശേഷം കാൽനടപ്പാതയിൽ കയറിയാണ് നിന്നത്. പരിഭ്രാന്തരായ ആളുകൾ തലങ്ങും വിലങ്ങും ഓടി. പരിക്കേറ്റവർ റോഡിൽ വീണു. സംഭവസ്ഥലം ഉടൻ സുരക്ഷസേന വളഞ്ഞു. കാറുകളിൽനിന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
യുദ്ധം നടക്കുന്നതിനാൽ അതിർത്തിയിൽ പരിശോധന കർശനമാക്കിയിട്ടും ഇവർ എങ്ങനെ ഇസ്രായേൽ നഗരത്തിൽ കടന്നുവെന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റഅനാനയിൽ കൂടുതൽ സുരക്ഷസേനയെ വിന്യസിച്ചു. ഗസ്സയിലെയും വെസ്റ്റ്ബാങ്കിലെയും ഇസ്രായേൽ കൂട്ടക്കൊലയുടെ സ്വാഭാവിക പ്രതികരണം മാത്രമാണിതെന്ന് ഹമാസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.