വന്ദേമാതരമല്ല ഇന്ത്യ

നിങ്ങൾക്ക് രാജ്യത്തെയും, ഭൂമിയിലെ ജീവജാലങ്ങളെയും നിങ്ങളുടെ വിശ്വാസമനുസരിച്ച് പലരൂപത്തിൽ കാണുകയും ആരാധിക്കുകയും ചെയ്യാം. നിങ്ങൾക്ക് ഈ രാജ്യത്തെ ‘ഭാരതാംബ’യാ​യോ, പശുവിനെ ‘മാതാവാ’യോ കാണാം, അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യാം. പക്ഷേ, മറ്റുള്ള എല്ലാവരും അത് പിന്തുടരണമെന്ന് വാശിപിടിച്ചുകൂടാ. ആ വാശി ഭരണഘടന അനുവദിക്കുന്നില്ല. കേവലമായ ദേശാതിർത്തികൾ അംഗീകരിക്കാ​ത്ത മതവിഭാഗങ്ങൾകൂടി ഈ നാട്ടിൽ ജീവിക്കുന്നുണ്ടെന്ന് ഓർക്കണം.

ഇപ്പോഴിത് പറയാൻ കാരണം ‘വന്ദേമാതര’ത്തിന് ദേശീയഗാനമായ ‘ജനഗണമന’യേക്കാൾ പ്രാധാന്യം നൽകുന്ന പ്രോട്ടോകോൾ ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരിക്കുന്നുവെന്നതുകൊണ്ടാണ്. ഇരു ഗാനങ്ങളും ആലപിക്കേണ്ടിവരുന്ന സദസ്സുകളിൽ ഇനി ആദ്യം ചൊല്ലേണ്ടത് വന്ദേമാതരമായിരിക്കും. കേന്ദ്രസർക്കാറിന്റെ പുതിയ ഉത്തരവോടെ, രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും സർക്കാറുകളുടെയും ഔദ്യോഗിക പരിപാടികളിൽ ദേശീയഗീതം എന്ന തലത്തിൽ ​വന്ദേമാതരത്തിന്‍റെ ആലാപനത്തിന് നിർബന്ധരൂപം വന്നിരിക്കുകയാണ്. കുട്ടികളിൽ ദേശീയബോധം വളർത്തുന്നതിനുവേണ്ടി സ്കൂളുകളിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ വന്ദേമാതരം പൂർണമായും കൂട്ടമായും ആലപിക്കണമെന്ന നിർദേശവുമുണ്ട്. മുമ്പ് യു.പി സർക്കാർ സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കിയിരുന്നു.

18ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബംഗാൾ ക്ഷാമത്തിലും കലാപത്തിലും വലഞ്ഞ കാലത്ത് എഴുതപ്പെട്ട, ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ‘ആനന്ദമഠം’ എന്ന നോവലും അതിലെ ആറു ചരണങ്ങളുള്ള പദ്യവുമാണ് ഇപ്പോൾ 150 വർഷത്തിനുശേഷം വീണ്ടും ചർച്ചയാവുന്നത്. ദേശീയ സമരകാലത്ത് ‘വന്ദേമാതരം’ ആവേശമുണർത്തിയിരുന്നുവെന്ന വാസ്‍തവത്തെ നിഷേധിക്കേണ്ടതില്ല. എന്നാൽ, മുസ്​ലിം ഭരണാധികാരികൾക്കും ബ്രിട്ടീഷ് അധികാരത്തിനുമെതിരെ ഒരുകൂട്ടം ഹിന്ദു സന്യാസിമാർ നടത്തുന്ന പോരാട്ടം വിഭാവനംചെയ്ത ആ നോവലിൽ, ദേശത്തെ ആരാധിക്കപ്പെടേണ്ട ദേവതയായി ചിത്രീകരിക്കുകയായിരുന്നു. ഈ ഗാനത്തെ ചൊല്ലി 1930കളിൽതന്നെ മുസ്​ലിം, സിഖ് മത പണ്ഡിതർക്കും മതേതരവിശ്വാസികൾക്കും കടുത്ത വിമർശനമുണ്ടായിരുന്നു.

വിഗ്രഹാരാധനാപരമാണ് ഭാരതാംബ ചിഹ്നം എന്നതുതന്നെയാണ് അതിന് മുഖ്യകാരണം. വിയോജിപ്പുകൾ ശക്തമായ കാലത്ത്, 1937ൽ ആരാധനാമൂർത്തികളെ പരാമർശിക്കുന്നതും യുദ്ധാഹ്വാന സ്വഭാവമുള്ളതുമായ ഖണ്ഡികകൾ ഒഴിവാക്കി ആദ്യഭാഗത്തെ മാത്രം ദേശീയഗീതമായി സ്വാതന്ത്ര്യസമര നേതാക്കൾ അംഗീകരിക്കുകയായിരുന്നു. അതിന് ഗാന്ധിജിയുടെയും ടാഗോറിന്‍റെയും പിന്തുണയുണ്ടായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം, ഡോ. രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിൽ ‘ജനഗണമന’യോടൊപ്പം ‘വന്ദേമാതര’ത്തെയും ആദരിക്കാൻ തീരുമാനിച്ചപ്പോൾ ഇന്ത്യയുടെ വൈവിധ്യത്തെ മാനിച്ച് ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രമേ ഔദ്യോഗികമായി സ്വീകരിച്ചുള്ളൂ.

‘വന്ദേമാതര’ത്തെ ‘ജനഗണമന’ക്കു മുമ്പ് പാടണം എന്ന് വാദിക്കുന്നതിലൂടെ ബി.ജെ.പിക്ക് കൃത്യമായ ലക്ഷ്യമുണ്ട്. ഹിന്ദുത്വ ചിഹ്നങ്ങളെ പ്രമോട്ട് ചെയ്യുക. അതുവഴി ഇന്ത്യ എന്നത് ഹിന്ദുത്വയുടെയും ഹിന്ദുരാഷ്ട്രത്തി​ന്റെയും പ്രതിരൂപമാണ് എന്ന ധ്വനി സൃഷ്ടിക്കുക. പുതിയ ചട്ടങ്ങളിലൂടെയും ഉത്തരവുകളിലൂടെയും ദേശീയതയുമായി ബന്ധപ്പെട്ട പഴയ തർക്കങ്ങളെ വീണ്ടും സജീവമാക്കുകയാണ് സംഘ്പരിവാർ ലക്ഷ്യം. അതുവഴി വിഭജനാന്തരീക്ഷം സൃഷ്ടിക്കുക.

നമുക്കു വേണ്ടത് എല്ലാ വിശ്വാസ​ങ്ങളെയും മാനിക്കുന്ന, അതിന് സ്വാതന്ത്ര്യം നൽകുന്ന ഇന്ത്യയാണ്. അതാണ് ദേശീയ പ്രസ്ഥാന കാലത്തെ നേതാക്കൾ സ്വപ്നം കണ്ടത്. വിശ്വാസങ്ങളെ മാനിക്കാതെ ഏകത്വം അടിച്ചേൽപ്പിക്കാനുള്ള, ‘ഹിന്ദുത്വ’യെ ദേശീയതയായി അവതരിപ്പിക്കാനുള്ള ഏതൊരു ശ്രമവും എതിർക്കപ്പെടേണ്ടതാണ്.


Tags:    
News Summary - The central government has issued priority to 'Vande Mataram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.