ആർട്ടിസ്റ്റ് ദയാനന്ദൻ

ബംഗാളിലെ അതിക്രമം

പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നതോടെ അവിടെ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ ഒട്ടും ആശാവഹമല്ല. അക്രമം നഗരങ്ങളിലും ഗ്രാമങ്ങളിലും പടരുന്നതായാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ചാൽ വ്യാപകമായ അതിക്രമം നടക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പു നൽകിയിരുന്നു.

തെരഞ്ഞെടുപ്പ് അവലോകനവുമായി പുറത്തിറങ്ങിയ ആഴ്ചപ്പതിപ്പിലെ ലേഖനങ്ങൾപോലും ആ ആശങ്ക പങ്കു​െവച്ചിരുന്നു. സിദ്ധാർഥ് ശങ്കർ റായിയുടെ ഭരണകാലം മുതൽ നിലവിലുള്ള നാട്ടുനടപ്പാണിത്. പിന്നീട് സി.പി.എം ഭരണത്തിൽ വന്നപ്പോഴും അവരെ മറിച്ചിട്ട് തൃണമൂൽ ഭരണം പിടിച്ചെടുത്തപ്പോഴും ഇത് ആവർത്തിച്ചു. തെരഞ്ഞെടുപ്പാനന്തര രാഷ്ട്രീയ സംഘട്ടനങ്ങൾ കൂടുതൽ സംഘർഷത്തിലേക്കു നീങ്ങുമോ എന്നതാണ് ആശങ്ക.

ബി.ജെ.പി ഗവൺമെന്റ് ഭരണത്തിലേറിയതിൽ പിന്നെ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാക്കളെ ​​തെരുവിൽ നേരിട്ട് കൈകാര്യം ചെയ്യുന്ന രീതി തുറന്നരൂപം സ്വീകരിച്ചു. ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, മുതിർന്ന നേതാവ് കല്യാൺ ബാനർജി എന്നിവർക്കെതിരെ കഴിഞ്ഞയാഴ്ച ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം നടന്നു. സൗത്ത് 24 പർഗാന ജില്ലയിലെ സോനാർപൂരിൽ മേയ് 30നാണ് അഭിഷേക് ബാനർജിയെ കൈയേറ്റം ചെയ്തത്.

തൊട്ടടുത്ത ദിവസം പാർട്ടിയുടെ മുതിർന്ന നേതാവ് കല്യാൺ ബാനർജിയെ ഹൂഗ്ലി ജില്ലയിലെ ചാണ്ടിതാല പൊലീസ് സ്റ്റേഷനു സമീപം വടികളും കല്ലുകളുമായി ആക്രമികൾ അടിച്ചുവീഴ്ത്തിയ സംഭവത്തിനു പിന്നിൽ ബി.ജെ.പിയാണെന്ന് ടി.എം.സി ആരോപിക്കുമ്പോൾ തങ്ങൾക്ക് ബന്ധമില്ലെന്നും മുൻ ഭരണകക്ഷിയിലെ നേതാക്കളോട് ജനം പ്രകടിപ്പിക്കുന്ന അസംതൃപ്തിയാണ് കൈയേറ്റങ്ങൾക്കിടയാക്കുന്നതെന്നുമാണ് ബി.ജെ.പിയുടെ വിശദീകരണം. സംസ്ഥാനത്ത് കലാപാന്തരീക്ഷമുണ്ടാക്കി ടി.എം.സി പ്രവർത്തകരെ പേടിപ്പിച്ച് പാട്ടിലാക്കാമെന്ന തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത് എന്നാണ് പ്രതിപക്ഷ ആരോപണം. തൃണമൂൽ അധികാരം കൈയടക്കിയപ്പോൾ അവർ കൈയേറിയ പാർട്ടി ഓഫിസുകൾ സി.പി.എം തിരിച്ചുപിടിക്കുന്നതി​ന്റെ വാർത്തകളും വരുന്നുണ്ട്.

അക്രമങ്ങളിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ വൻ ധർണ മമത ബാനർജി സംഘടിപ്പിച്ചു. നേരത്തേ, റാണി റാഷ്മണി റോഡിലായിരുന്നു ടി.എം.സി ധർണ സംഘടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, കൊൽക്കത്ത പൊലീസ് അനുമതി നിഷേധിച്ചു. അതോടെ വേദി, എസ് പ്ലനേഡിലെ വൈ ചാനലിലേക്ക് മാറ്റി. വേദിയൊരുക്കാനോ മൈക്ക് ഉപയോഗിക്കാനോ അനുമതിയും നൽകിയില്ല. വാസ്തവത്തിൽ പശ്ചിമ ബംഗാൾ മാറേണ്ടതുണ്ട്. അവർ ദേശീയ പ്രസ്ഥാന കാലത്തടക്കം പ്രകടിപ്പിച്ച ഉന്നത രാഷ്ട്രീയ മൂല്യങ്ങൾ വീണ്ടെടുക്കണം. ബംഗാൾ രാജ്യത്തിന് നാണക്കേടായി മാറരുത്.

ആർട്ടിസ്റ്റ് ദയാനന്ദൻ

ആർട്ടിസ്‌റ്റ് കെ.വി. ദയാനന്ദൻ ജൂൺ ഒന്നിന് വിടവാങ്ങി. കേരള ലളിത കലാ അക്കാദമി മുൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മലപ്പുറം പെരിങ്ങാവിലുള്ള വീട്ടിൽ​െവച്ചാണ് മരണപ്പെട്ടത്. മികച്ച സംഘാടകനായ ആർട്ടിസ്റ്റ് ദയാനന്ദനാണ് മലപ്പുറം ജില്ലയിലെ ചിത്രകലാ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാൾ. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി വലിയ ശിഷ്യഗണങ്ങൾ ഉള്ള ചിത്രകാരനാണ് അദ്ദേഹം. ടൂറിസം വാരാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്നുവരുന്ന റാലിയിൽ ആദ്യമായി മലപ്പുറം ജില്ലക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്ത പ്ലോട്ടിന്റെ നിർമാതാവായിരുന്നു. വരക്കണം എന്നു മാത്രമായിരുന്നു ദയാനന്ദൻ മാഷിന്റെ ഒറ്റ ആഗ്രഹം, ജ്വരം.

‘മാധ്യമ’ത്തിന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു ആർട്ടിസ്റ്റ് ദയാനന്ദൻ. സൗമ്യനായ അദ്ദേഹം ആഴ്ചപ്പതിപ്പിന്റെ താളുകളിൽ നിരവധി ചിത്രങ്ങൾ വരച്ചു. വർണവരകളായി അദ്ദേഹം ഞങ്ങൾക്കൊപ്പം എന്നുമുണ്ടാകും. തീർച്ച.

Tags:    
News Summary - Post-Poll Violence in West Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.