രാജ്യത്ത് ഒന്നിന് പുറകെ ഒന്നായി, തീർത്തും ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾ ഹിന്ദുത്വവാദികൾ പാർലമെന്റിൽ ചുട്ടെടുക്കുന്നത് എന്തിന് എന്ന് ഇനിയും ആരെയും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ല. ഹിന്ദുത്വ അജണ്ട എന്ന ലക്ഷ്യവുമായി അവർ അതിവേഗം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോൾ എഫ്.സി.ആർ.എക്ക് ഭേദഗതികൾ വരുത്തുന്ന ബിൽ പാർലമെന്റിൽ പാസാക്കാനുള്ള നീക്കം വേഗത്തിലാണ്. വിദേശസംഭാവനകൾക്ക് പരമാവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണിപ്പോൾ വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആർ.എ) ഭേദഗതികൾ വരുത്തുന്നത്. ന്യൂനപക്ഷ മത-വിദ്യാഭ്യാസ-സാംസ്കാരിക സ്ഥാപനങ്ങളുടെയും മറ്റു ജീവകാരുണ്യ-മനുഷ്യാവകാശ സന്നദ്ധസംഘടനകളുടെയും പ്രവർത്തനം തടസ്സപ്പെടുത്തുകയാണ് ഇതിന്റെ മുഖ്യ അജണ്ട.
മാർച്ച് 25ന് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചെങ്കിലും പിന്നീട്, ചർച്ചക്കെടുക്കാനുള്ള ശ്രമങ്ങൾ പ്രതിപക്ഷ പ്രതിഷേധങ്ങൾ കാരണം മാറ്റിവെച്ചു. ഇത് ചിലപ്പോൾ കേരള നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ക്രൈസ്തവ വോട്ടുകളിൽ കണ്ണുവെച്ചാവാം എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ബില്ലിനെതിരെ വിവിധ ക്രൈസ്തവസഭകൾ ഉയർത്തിയ പ്രതിഷേധങ്ങൾക്ക് ചെവികൊടുത്തുവെന്നു വരുത്തിത്തീർക്കാനുള്ള ഉദ്യമമാവാം. ബി.ജെ.പിയുടെ പതിവുപോലെ ഈ വിവാദബില്ലും ചർച്ചക്ക് മതിയായ സമയം അനുവദിക്കാതെ പാസാക്കാനുള്ള ശ്രമമാണ് നടത്തിയത്. ബില്ലിൽ ഉടനീളം 2010ലെ വിദേശനാണയ നിയന്ത്രണ ബില്ലിലെ വകുപ്പുകളിലേക്ക് സൂചനകളും അവയിൽ വരുത്തിയ ഭേദഗതികളുമാണ്. ഇവ രണ്ടും വായിക്കാൻതന്നെ ഏതാനും ദിവസങ്ങൾ വേണ്ടിവരും. അതാണ് മണിക്കൂറുകൾക്കകം പേരിന് ചർച്ച നടത്തി പാസാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
ബില്ലിലെ വകുപ്പുകൾ ലംഘിക്കുകയോ, രജിസ്ട്രേഷൻ, പുതുക്കൽ, കണക്കുകൾ അവതരിപ്പിക്കൽ ഇവയിൽ താമസംവരുകയോ അവ ബന്ധപ്പെട്ട അധികാരിക്ക് സ്വീകാര്യമാവാതിരിക്കുകയോ ചെയ്താൽ സ്ഥാപനത്തിന്റെ/സംഘടനയുടെ ആസ്തികൾ സർക്കാറിലേക്കോ, അധികാരി തീരുമാനിക്കുന്ന മറ്റു കേന്ദ്രങ്ങൾക്കോ കൈമാറും എന്നതാണ് ബില്ലിലെ ഗുരുതരമായ ഒരു വ്യവസ്ഥ. ഏതു സംഘടനയുടെയും പ്രവർത്തനം ഇതോടെ അവതാളത്തിലാകും.
ഒരു സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ പുതുക്കൽ തള്ളിയാൽ ഫലത്തിൽ സ്ഥാപനത്തിന്റെ പ്രവർത്തനം നിലക്കും. ആസ്തികൾ നഷ്ടപ്പെടും. എന്തെങ്കിലും നിയമലംഘനങ്ങളുടെ പേരിലുള്ള നടപടിയും അതേപോലെ ഏകപക്ഷീയമായിരിക്കും. എക്സിക്യൂട്ടിവ് നിയമിക്കുന്ന ഇത്തരം അധികാരകേന്ദ്രങ്ങൾ ഒരിക്കലും രാഷ്ട്രീയ നേതൃത്വത്തിന്റെ ഇംഗിതമനുസരിച്ചല്ലാതെ പ്രവർത്തിക്കില്ല എന്ന കാര്യം ഉറപ്പാണ്. അപ്പോൾ ഏതു കുറ്റാരോപണവും സംഭാവന സ്വീകർത്താവിനു മേൽ ആരോപിച്ചാൽ അമിതാധികാരപ്രയോഗത്തിലൂടെ ശിക്ഷാനടപടിസ്വീകരിക്കാം.
തങ്ങളുെട ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ ഏത് വളഞ്ഞ മാർഗവും നിയമനിർമാണത്തിന് ബി.ജെ.പി സ്വീകരിക്കുമെന്ന കാര്യം വ്യക്തമാണ്. ന്യൂനപക്ഷങ്ങളുടെ വ്യക്തിനിയമങ്ങൾ ഇല്ലാതാക്കി അവരുടെ സ്വത്വം നിലനിർത്തുന്ന സംവിധാനങ്ങൾ തകർക്കുന്നതിന് ഏകീകൃത സിവിൽകോഡ് രാജ്യമൊട്ടാകെ നടപ്പാക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് ഇപ്പോൾ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒന്നൊന്നായി ഏക സിവിൽകോഡ് പാസാക്കിക്കൊണ്ടിരിക്കുകയാണ്. സ്വന്തം ഇച്ഛയനുസരിച്ച് ഏതു മതവും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നൽകുന്ന ഭരണഘടന അംഗീകരിച്ച രാജ്യത്താണ് ഈ വിചിത്ര വ്യവസ്ഥകൾ ഒന്നൊന്നായി ബി.ജെ.പി സംസ്ഥാനങ്ങൾ പാസാക്കുന്നത് അതുപോലെ മത പരിവർത്തന നിരോധനനിയമം ഇതിനകം 12 സംസ്ഥാനങ്ങളിൽ വ്യത്യസ്ത സമയങ്ങളിലായി പാസാക്കി. അതിനാൽ തന്നെ ഹിന്ദുത്വ അജണ്ടക്കെതിരെ അതീവ ജാഗ്രതയോടെയും പൗരബോധത്തോടെയും ഓരോ പൗരരും ഇടെപട്ടേ മതിയാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.